കേരളം

kerala

ETV Bharat / bharat

അനസ്‌തേഷ്യ മരുന്നുകളുടെ ഉപയോഗം രോഗികളില്‍ വൃക്ക-നാഡീരോഗങ്ങള്‍ക്ക് കാരണമായെന്ന് റിപ്പോര്‍ട്ട്; വിതരണം നിര്‍ത്തിവയ്‌ക്കാന്‍ ഉത്തരവ് - ANAESTHETIC DRUG BANNED

ജമ്മുകശ്‌മീര്‍ മെഡിക്കല്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് വിതരണം ചെയ്‌ത മരുന്നാണ് രോഗികളില്‍ വൃക്കകളുടെ പ്രവര്‍ത്തനം മന്ദീഭവിപ്പിക്കുകയും ഹൃദയമിടിപ്പ് കുറയ്ക്കുകയും മറ്റ് ചില സങ്കീര്‍ണതകള്‍ക്കും കാരണമായതെന്ന് ഡോക്‌ടര്‍മാര്‍ പറയുന്നു.

JKMSCL  Block Medical Officer  Dr Zulfikar Nabi  Bupivacaine Hydrochloride
Representational image (ETV Bharat)

By ETV Bharat Kerala Team

Published : Dec 25, 2024, 7:58 PM IST

ശ്രീനഗര്‍: ഹിമാചല്‍പ്രദേശ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മരുന്ന് നിര്‍മ്മാണ കമ്പനി ഉത്പാദിപ്പിക്കുന്ന അനസ്‌തേഷ്യ മരുന്നുകളുടെ ഉപയോഗം നിര്‍ത്തി വയ്ക്കാന്‍ ജമ്മുകശ്‌മീര്‍ സര്‍ക്കാരിന്‍റെ ഉത്തരവ്. ഇത് വൃക്ക, ഹൃദയം, നാഡികള്‍ എന്നിവയുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നുവെന്ന് കണ്ടെത്തിയതിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.

ജമ്മുകശ്‌മീര്‍ മെഡിക്കല്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് വിതരണം ചെയ്‌ത ബുപിവകയെന്‍ ഹൈഡ്രോക്ലോറൈഡ് എന്ന മരുന്നാണ് രോഗികളില്‍ സങ്കീര്‍ണതകളുണ്ടാക്കിയിരിക്കുന്നത്. പൂര്‍ണമായും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ജമ്മുകശ്‌മീര്‍ മെഡിക്കല്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ ലിമിറ്റഡാണ് ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് ജമ്മുകശ്‌മീരില്‍ മരുന്നുകളും ശസ്‌ത്രക്രിയ ഉപകരണങ്ങള്‍ അടക്കമുള്ളവയും വിതരണം ചെയ്യുന്നത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

സോപോര്‍ ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ.സുല്‍ഫിക്കര്‍ നബി ബാരാമുള്ളയിലെ മുഖ്യ മെഡിക്കല്‍ ഓഫീസര്‍ ഡോ.മസ്‌തൂര ഇക്ബാലിനെ ഇക്കാര്യം അറിയിക്കുകയായിരുന്നു. ഈ മാസം പത്തൊന്‍പതിനാണ് അദ്ദേഹം ഈ വിവരം കൈമാറിയത്. ഐശ്വര്യ ഹെല്‍ത്ത് കെയറാണ് ഈ മരുന്ന് നിര്‍മ്മിച്ചത്. രണ്ട് മാസമായി ജമ്മുകശ്‌മീരിലെ ആശുപത്രികളില്‍ ഇവര്‍ ഈ മരുന്ന് വിതരണം ചെയ്യുന്നുണ്ടെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നട്ടെല്ലില്‍ എടുക്കുന്ന ഈ ഇന്‍ജക്ഷന്‍ സാധാരണ അളവില്‍ നല്‍കിയപ്പോഴാണ് രോഗികളില്‍ സങ്കീര്‍ണതകള്‍ കാണപ്പെട്ടത്.

ശസ്‌ത്രക്രിയകള്‍ കഴിഞ്ഞ ഉടന്‍ തന്നെ രോഗികളില്‍ പ്രശ്‌നങ്ങള്‍ കണ്ടു തുടങ്ങിയെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. പലരിലും കടുത്ത തലവേദന, ക്രമരഹിതമായ ഹൃദയമിടിപ്പും ശ്വാസതടവും അടക്കമുള്ള ബുദ്ധിമുട്ടുകളുമുണ്ടായി. അടുത്തിടെയാണ് നാഡീസംബന്ധമായ പ്രശ്‌നങ്ങള്‍ കണ്ടു തുടങ്ങിയത്. ഇവരെ പിന്നീട് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി.

ഇത്തരം സങ്കീര്‍ണതകള്‍ കണ്ടു തുടങ്ങിയതോടെ മരുന്നിന്‍റെ ഉപയോഗം നിര്‍ത്തി വച്ചിട്ടുണ്ട്. മരുന്നിന്‍റെ ഉപയോഗം നിര്‍ത്തിയെന്നും ഇത് വീണ്ടും പരിശോധനയ്ക്കായി അയച്ചിട്ടുണ്ടെന്നും ജമ്മുകശ്‌മീര്‍ മെഡിക്കല്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ഡോ. ഖ്വാസി ഖമര്‍ ഇടിവി ഭാരതിനോട് പറഞ്ഞു. കോര്‍പ്പറേഷന്‍ എടുക്കുന്ന മരുന്നുകള്‍ വിവിധ പരിശോധനകള്‍ക്ക് ശേഷമാണ് രോഗികള്‍ക്ക് നല്‍കാറുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മറ്റ് പല കാരണങ്ങള്‍ കൊണ്ടും രോഗികള്‍ക്ക് പ്രശ്‌നങ്ങള്‍ ഉണ്ടാകാം. ഇക്കാര്യം സര്‍ക്കാര്‍ പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കോര്‍പ്പറേഷന്‍ സംഭരിക്കുന്ന മരുന്നുകള്‍ സര്‍ക്കാരിന്‍റെ ഡ്രഗ് കമ്മിറ്റിയുടെ അംഗീകാരത്തിന് ശേഷമാണ് വിതരണം ചെയ്യുന്നത്. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍, ആരോഗ്യവകുപ്പ് മേധാവി, എന്‍ആര്‍എച്ച്എമ്മിന്‍റെ ജമ്മുകശ്‌മീരിലെ മേധാവി, കുടുംബക്ഷേമ- മെഡിക്കല്‍ കോളജ്-പ്രതിരോധ മേധാവി, ഭക്ഷ്യമരുന്ന് കണ്‍ട്രോളര്‍, വിദഗ്ദ്ധര്‍, ശസ്‌ത്രക്രിയ വിദഗ്ദ്ധര്‍ എന്നിവരുള്‍പ്പെട്ടതാണ് സമിതി.

Also Read:കശ്‌മീരിന് തലവേദനയായി മയക്കുമരുന്ന് ഗുളിക: 3000 ഗുളികകളുമായി രണ്ടുപേർ അറസ്‌റ്റില്‍

ABOUT THE AUTHOR

...view details