ഹൈദരാബാദ്:കേള്‍വി ശക്തി നഷ്‌ടമാകുന്ന അപൂര്‍വ രോഗം തന്നെയും ബാധിച്ചതായി പ്രശസ്‌ത പിന്നണി ഗായിക അൽക യാഗ്നിക്. സമൂഹമാധ്യമങ്ങളിലൂടെ പങ്കിട്ട പോസ്റ്റിലൂടെ അല്‍ക തന്നെയാണ് ആരാധകരെ ഇക്കാര്യം അറിയിച്ചത്. ഇൻസ്റ്റഗ്രാമില്‍ താരം പങ്കുവെച്ച ഹൃദയസ്‌പർശിയായ കുറിപ്പില്‍ ഒരു വിമാനയാത്രയ്‌ക്ക് പിന്നാലെയാണ് കേള്‍വി ശക്തി നഷ്‌ടമായതെന്ന് പറയുന്നത്.
'കുറച്ച് ആഴ്‌ചകൾക്ക് മുമ്പ്, ഒരു വിമാനയാത്ര കഴിഞ്ഞ് ഇറങ്ങിയപ്പോള്‍ മുതല്‍ എനിക്ക് ഒന്നും കേള്‍ക്കാൻ കഴിഞ്ഞിരുന്നില്ല. ഈ അപ്രതീക്ഷിത സംഭവത്തിന് ശേഷം ഒരുപാടാളുകള്‍ എന്‍റെ സുഖവിവരം അന്വേഷിച്ചു. സമയമെടുത്ത് ധൈര്യം സംഭരിച്ചാണ് അവരോട് ഈ കാര്യങ്ങള്‍ എല്ലാം പറയാൻ ഞാൻ തീരുമാനിച്ചത്.
വൈറസ് ബാധയെ തുടര്‍ന്നുള്ള അപൂര്‍വ സെൻസറി ന്യൂഡല്‍ നാഡി പ്രശ്‌നമാണ് എന്നെ ബാധിച്ചിരിക്കുന്നത്. ഇതോടെയാണ് എനിക്ക് കേള്‍വി ശക്തി നഷ്‌ടമായതെന്നാണ് ഡോക്‌ടര്‍മാര്‍ പറഞ്ഞത്. ഇത് അറിഞ്ഞപ്പോള്‍ ആദ്യം ഞാൻ പൂര്‍ണമായും തളര്‍ന്നുപോയി. അതുമായി പൊരുത്തപ്പെടാനുള്ള ശ്രമങ്ങളിലാണ് ഞാൻ ഇപ്പോള്‍. ഇത്തരമൊരു സാഹചര്യത്തില്‍ നിങ്ങളുടെ പ്രാര്‍ഥനയും പിന്തുണയും എനിക്ക് ഒപ്പം വേണമെന്ന് ഞാൻ അഭ്യര്‍ഥിക്കുന്നു.