ബല്‍റാംപൂര്‍ (ഉത്തര്‍ പ്രദേശ്) : മുന്‍ ഉപപ്രധാനമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ എല്‍ കെ അദ്വാനിയ്‌ക്ക് രാജ്യത്തെ പരമോന്നത ബഹുമതിയായ ഭാരത് രത്‌ന സമ്മാനിച്ചതിനു പിന്നിലെ ബിജെപിയുടെ രാഷ്ട്രീയ മുതലെടുപ്പിനെ രൂക്ഷമായി വിമര്‍ശിച്ച് സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് (Akhilesh Yadav on LK Advani's Bharat Ratna). വോട്ടുകള്‍ ചിതറിപ്പോകാതിരിക്കാനുള്ള ബിജെപിയുടെ രാഷ്‌ട്രീയ തന്ത്രമാണ് അദ്വാനിയുടെ ഭാരത് രത്‌നയ്‌ക്ക് പിന്നിലെന്ന് അഖിലേഷ് യാദവ് പറഞ്ഞു (Akhilesh Yadav criticized BJP on LK Advani's Bharat Ratna). പൊതു രംഗത്തെ സംഭാവന പരിഗണിച്ച് എല്‍ കെ അദ്വാനിയ്‌ക്ക് ഭാരത് രത്‌ന സമ്മാനിക്കുന്നു എന്ന പ്രഖ്യാപനം വന്ന് മണിക്കൂറുകള്‍ക്ക് ഉള്ളിലാണ് അഖിലേഷിന്‍റെ പ്രതികരണം.
'കേന്ദ്രത്തില്‍ ബിജെപിയുടെ ഭരണം അവസാനിക്കുന്നതിന് മുമ്പ്, അവരുടെ വോട്ടുകള്‍ ചിതറി പോകാതിരിക്കാന്‍ ഈ ബഹുമതി നല്‍കി. ബഹുമാനം കൊണ്ടല്ല ഭാരത് രത്‌ന നല്‍കുന്നത്, മറിച്ച് അവരുടെ തന്നെ വോട്ടുകള്‍ ഏകീകരിക്കാനാണ്. പുരസ്‌കാരത്തോട് ബഹുമാനം ഉണ്ട്. കാരണം ഇത് ഭാരത് രത്‌നയാണ്' -അഖിലേഷ് യാദവ് പറഞ്ഞു.
ജനുവരി 26ന് അന്തരിച്ച സിറ്റിങ് എംഎല്‍എയും മുതിര്‍ന്ന സമാജ്‌വാദി പാര്‍ട്ടി നേതാവുമായ ശിവ് പ്രതാപ് യാദവിന് ആദരാഞ്ജലി അര്‍പ്പിക്കുന്ന പരിപാടിയില്‍ പങ്കെടുക്കവെയായിരുന്നു അഖിലേഷിന്‍റെ പ്രതികരണം. ഇന്ത്യ മുന്നണിയിലെ സീറ്റ് വിഭജനത്തെ (INDIA bloc seat distribution) കുറിച്ചും അഖിലേഷ് യാദവ് പ്രതികരിക്കുകയുണ്ടായി. സീറ്റ് വിഭജനത്തെ കുറിച്ച് ചര്‍ച്ചകള്‍ നടന്നിട്ടുണ്ടെന്നും ചര്‍ച്ച സമവായത്തിലെത്തിയതായും അദ്ദേഹം വ്യക്തമാക്കി.