ജയ്‌പൂർ: രാജ്യത്തെ ഒട്ടുമിക്ക പള്ളികളും ക്ഷേത്രങ്ങൾ തകർത്താണ് നിര്‍മിച്ചതെന്ന് രാജസ്ഥാൻ വിദ്യാഭ്യാസ മന്ത്രിയും ബിജെപി നേതാവുമായ മദൻ ദിലാവർ. അജ്‌മീർ ഷരീഫ് ദർഗ വിഷയത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിൽ പൊതുവെ മിക്ക ക്ഷേത്രങ്ങളും തകർക്കപ്പെട്ടു എന്നതാണ് ഇതുവരെയുള്ള അനുഭവം എന്നും മദന്‍ ദിലാവര്‍ ചൂണ്ടിക്കാട്ടി.
അജ്‌മീർ ദർഗയെ സംബന്ധിച്ചിടത്തോളം കോടതി തീരുമാനമെടുക്കും. ദർഗാ പരിസരം കുഴിച്ചാൽ ക്ഷേത്രത്തിന്‍റെ അവശിഷ്‌ടങ്ങൾ കണ്ടെത്താൻ സാധ്യതയുണ്ടെന്നും മന്ത്രി പറഞ്ഞു. പ്രസിദ്ധമായ അജ്‌മീർ ദർഗ യഥാർഥത്തിൽ ഒരു ഹിന്ദു ക്ഷേത്രമായിരുന്നു എന്ന് വാദിച്ച് സമര്‍പ്പിച്ച ഹര്‍ജി അജ്‌മീറിലെ കോടതി കഴിഞ്ഞ ദിവസം അംഗീകരിച്ചിരുന്നു.
അജ്‌മീർ ദർഗയുടെ അടിയില്‍ ഒരു ശിവലിംഗം ഉണ്ടായിരുന്നു എന്നാണ് ഹർജിയില്‍ പ്രധാനമായും പറയുന്നത്. വിഷയത്തില്‍ ന്യൂനപക്ഷകാര്യ മന്ത്രാലയത്തിനും ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയ്ക്കും കോടതി നോട്ടീസ് അയച്ചു. കേസ് ഡിസംബർ 20ലേക്ക് മാറ്റി. ഹിന്ദു സേന നേതാവ് വിഷ്‌ണു ഗുപ്‌തയാണ് ഹർജി നൽകിയത്.