ന്യൂഡൽഹി:കൊളോണിയൽകാലവുമായി ബന്ധപ്പെടുത്തി ലോക്‌സഭയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടിയുമായി കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി. പ്രധാനമന്ത്രിയോട് ചരിത്രത്തിന്‍റെ പേജുകൾ മറിക്കണമെന്നാവശ്യപ്പെട്ട അധീർ രഞ്ജൻ, സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തവരാരും ബിജെപിയിൽ പെട്ടവരല്ലെന്ന് തുറന്നടിച്ചു. ബിജെപിയുടെ പൂർവീകർ ബ്രിട്ടീഷ് ഭരണത്തെ പിന്തുണക്കുകയും, അവരെ കൂടുതൽ ശക്തിപ്പെടുത്താൻ ശ്രമിച്ചെന്നും അധീർ രഞ്ജൻ ചൗധരി ആരോപിച്ചു.
"എല്ലാവരോടും, പ്രത്യേകിച്ച് പ്രധാനമന്ത്രിയോട്, ചരിത്രത്തിൻ്റെ പേജുകൾ മറിക്കണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു, എന്നാൽ മാത്രമേ അവർക്ക് ബ്രിട്ടീഷ് കൊളോണിയൽ ശക്തിയെ രാജ്യത്ത് നിന്ന് പുറത്താക്കാനുള്ള സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തത് ആരൊക്കെയെന്ന് കണ്ടെത്താനാകൂ. അവരാരും ബിജെപിയിൽ പെട്ടവരല്ല. ഇന്നത്തെ ഭരണകക്ഷിയുടെ പൂർവ്വികർ ബ്രിട്ടീഷ് ഭരണത്തെ പിന്തുണക്കുകയും, അവരെ കൂടുതൽ ശക്തിപ്പെടുത്താൻ സമ്മർദം ചെലുത്തുകയും ചെയ്‌തെന്നും ചരിത്രം പറയുന്നു." -അധീർ രഞ്ജൻ ചൗധരി പറഞ്ഞു.
Also Read:'40 സീറ്റെങ്കിലും കിട്ടാൻ പ്രാർത്ഥിക്കാം'; രാജ്യസഭയിലും കോൺഗ്രസിനെ പരിഹാസം കൊണ്ട് മൂടി മോദി
മൻ കി ബാത്തിന്‍റെ രാജ്യസഭ പതിപ്പ്:പ്രധാനമന്ത്രിയുടെ രാജ്യസഭയിലെ പ്രസംഗത്തെ വിമർശിച്ച് തൃണമൂൽ കോൺഗ്രസും രംഗത്തെത്തി. മോദി മൻ കി ബാത്തിന്‍റെ രാജ്യസഭ പതിപ്പ് അവതരിപ്പിക്കുകയാണെന്ന് തൃണമൂൽ എംപി ഡെറിക് ഒബ്രിയൻ പരിഹസിച്ചു. മോദി പാർലമെൻ്റിനെ ഇരുട്ടറയാക്കി. ഫെഡറിലാസത്തെ കശാപ്പുചെയ്‌ത ആളാണ് ഫെഡറലിസത്തെക്കുറിച്ച് പൊള്ളത്തരം പറയുന്നതെന്നും ഡെറിക് ഒബ്രിയൻ കുറ്റപ്പെടുത്തി.
"പ്രധാനമന്ത്രി നരേന്ദ്ര മോദി മൻ കി ബാത്തിന്‍റെ രാജ്യസഭാ പതിപ്പ് അവതരിപ്പിക്കുന്നു. അദ്ദേഹത്തിൻ്റെ സർക്കാർ പാർലമെൻ്റിനെ ആഴമേറിയ ഇരുട്ടറയാക്കി മാറ്റി. തൊഴിലില്ലായ്‌മ, വിലക്കയറ്റം, മണിപ്പൂർ എന്നിവയെക്കുറിച്ച് യാതൊരു ഗ്യാരണ്ടിയുമില്ല. ഫെഡറലിസത്തെക്കുറിച്ചുള്ള പൊള്ളയായ വാക്കുകൾ വരുന്നത് ഫെഡറലിസത്തെ കശാപ്പ് ചെയ്‌തതിന് കൈകളിൽ രക്തം പുരണ്ട ഒരാളിൽ നിന്നാണ്." - ഡെറിക് ഒബ്രിയൻ പറഞ്ഞു.
മോദിയുടെ വിമർശനം:ജനാധിപത്യത്തിലെ കറുത്ത ചരിത്രമാണ് കോണ്‍ഗ്രസിന്‍റേത് എന്നതടക്കമുള്ള കടുത്ത ഭാഷയാണ് നന്ദി പ്രമേയ ചർച്ചയ്ക്ക് മറുപടി പറയവെ പ്രധാനമന്ത്രി ഉപയോഗിച്ചത്. വിഘടനവാദവും തീവ്രവാദവും പ്രോത്സാഹിപ്പിക്കുന്ന നടപടികളാണ് എല്ലായ്‌പ്പോഴും കോൺഗ്രസിന്‍റെ ഭാഗത്ത് നിന്നുണ്ടാകുന്നത്. ഇപ്പോൾ തെക്കേ ഇന്ത്യ വിഭജനം അടക്കമുള്ള ചർച്ചകളാണ് കോൺഗ്രസ് മുന്നോട്ടുവെക്കുന്നത്. ഇന്ത്യൻ മണ്ണ് വിദേശ ശക്തികൾക്ക് സമ്മാനിച്ച പാർട്ടിയാണ് കോൺഗ്രസ്. സ്വാതന്ത്ര്യത്തിനു ശേഷവും കോൺഗ്രസ് അടിമത്ത മനോഭാവം തുടർന്നു. എന്തുകൊണ്ടാണ് അവർ ബ്രിട്ടീഷുകാരുടെ ശിക്ഷാ നിയമം മാറ്റാഞ്ഞതെന്നും മോദി ചോദിച്ചു.