വെല്ലൂർ: തമിഴ്‌നാട്ടിലെ വെല്ലൂരിൽ നിന്ന് ഏകദേശം 25 കിലോമീറ്റർ അകലെയാണ് കമ്മവൻപേട്ട ഗ്രാമം. ഈ ഗ്രാമത്തിൽ നിന്ന് എഴുപത് വർഷത്തിലേറെയായി വീട്ടിലെ ഒരാൾ മാത്രമല്ല, ഒരേ കുടുംബത്തിലുളള പലരും ഇന്ത്യൻ സൈന്യത്തിൽ സേവനമനുഷ്‌ഠിക്കാൻ പോകുന്നുണ്ടെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ?. എന്നാൽ അവരുടെ കഥയാണിത്.
1972 ൽ അന്നത്തെ തമിഴ്‌നാട് ഗവർണറായിരുന്ന കെ കെ ഷാ കമ്മവൻപേട്ട ഗ്രാമത്തിൽ സർക്കാർ പരിപാടിക്കായി എത്തിച്ചേർന്നു. അന്ന് ആയിരത്തിലധികം ആളുകൾ പട്ടാള യൂണിഫോമിൽ അണിനിരന്നത് കണ്ടപ്പോൾ അദ്ദേഹത്തിന് ആശ്ചര്യമാണുണ്ടായത്.
അങ്ങനെ അദ്ദേഹം ആ ഗ്രാമത്തിന് ‘ആർമി പേട്ട’ എന്ന പേരും നൽകി. ഏകദേശം 4500 കുടുംബങ്ങളാണ് ഇപ്പോൾ ഈ ഗ്രാമത്തിൽ താമസിക്കുന്നത്. കൃഷിയാണ് ഈ പ്രദേശത്തെ ആളുകളുടെ പ്രധാന തൊഴിൽ. എന്നാൽ നാലായിരത്തോളം കുടുംബങ്ങൾ സൈന്യവുമായി ബന്ധപ്പെട്ടിരിക്കുന്നു.
ഇപ്പോഴിതുവരെയുളള കണക്കുകളെടുത്ത് പരിശോധിച്ച് കഴിഞ്ഞാൽ കമ്മവൻപേട്ട ഗ്രാമത്തിൽ നിന്നുളള 2500 ഓളം ആളുകൾ കരസേന ഉൾപ്പെടെയുളള മൂന്ന് സേനകളിലും ജോലി ചെയ്യുന്നുണ്ട്. കുറഞ്ഞത് ഒരു കുടുംബത്തിലെ ഒന്ന് മുതൽ നാല് ആളുകൾ വരെയെങ്കിലും കരസേനയിൽ ജോലി ചെയ്യുന്നുണ്ട്.
ഈ ഗ്രാമത്തിലുളള കുട്ടികൾ പഠിക്കുന്നത് സേനയിൽ ചേരുക എന്ന ലക്ഷ്യത്തോടെയാണ്. സേനകളിലേക്ക് കുട്ടികളെ പ്രാപ്‌തരാക്കുന്നതിനായി ഈ ഗ്രാമത്തിൽ പ്രത്യേക പരിശീലന കേന്ദ്രങ്ങളും പ്രവർത്തിക്കുന്നുണ്ട്. വിരമിച്ച വിമുക്തഭടന്മാരാണ് കുട്ടികൾക്ക് പരിശീലനം നൽകുന്നത്.
"ഞാൻ ഇപ്പോൾ പന്ത്രണ്ടാം ക്ലാസിലാണ് പഠിക്കുന്നത്. എൻ്റെ ഗ്രാമത്തിലെ നിരവധിയാളുകൾ സൈന്യത്തിൽ സേവനമനുഷ്‌ഠിക്കുന്നു. സ്‌കൂളിൽ പഠിക്കുന്ന ഓരോ വിദ്യാർഥിയും കരസേനയിൽ ചേരുക എന്ന ലക്ഷ്യത്തോടെയാണ് പഠിക്കുന്നത്.
അതുപോലെ ഞാനും സൈന്യത്തിൽ ചേരാനുള്ള പരിശീലനത്തിലാണിപ്പോൾ. പന്ത്രണ്ടാം ക്ലാസ് വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം ഒരു സൈനികനാകുക എന്നതാണ് എൻ്റെ ലക്ഷ്യം". സ്‌കൂൾ വിദ്യാർഥിയായ നന്ദകുമാർ ഇടിവി ഭാരതിനോട് പറഞ്ഞു.
രണ്ടാം ലോക മഹായുദ്ധം മുതൽ കാർഗിൽ യുദ്ധം വരെ:
"ഞങ്ങളുടെ ഗ്രാമം ഒരു സൈനിക ക്യാമ്പാണ്. സ്‌കൂൾ വിദ്യാഭ്യാസം കഴിഞ്ഞ് പട്ടാളത്തിൽ ചേരുന്നതിനായി വിദ്യാർഥികളെ പരിശീലിപ്പിക്കുന്നതിന് ഞങ്ങളുടെ ഗ്രാമത്തിൽ രണ്ട് പരിശീലന കേന്ദ്രങ്ങളാണുളളത്. ഓരോ വർഷവും 100 മുതൽ 200 വരെ യുവാക്കൾ ഈ പരിശീലന കേന്ദ്രങ്ങളിൽ നിന്നും പരിശീലനം നേടി സൈന്യത്തിൽ ചേരുന്നുണ്ട്.
രണ്ടാം ലോക മഹായുദ്ധത്തിൻ്റെ തുടക്കം മുതൽ കാർഗിൽ യുദ്ധം വരെ നമ്മുടെ ഗ്രാമത്തിൽ നിന്നുള്ള സൈനികർ കരസേനയിൽ സേവനമനുഷ്‌ഠിച്ചിട്ടുണ്ട്. ഇത് ചിന്തിക്കുമ്പോൾ തന്നെ അഭിമാനകരമായിട്ടുളള കാര്യം തന്നെയാണ്". പഞ്ചായത്ത് കൗൺസിൽ പ്രസിഡൻ്റ് കവിത മുരുകൻ പറഞ്ഞു.
"30 വർഷമായി ഇന്ത്യൻ ആർമിയിൽ സേവനമനുഷ്‌ഠിച്ചതിനുശേഷം വിരമിച്ചയാളാണ് ഞാൻ. നാടിന് വേണ്ടി, എൻ്റെ ശരീരം മണ്ണിന് വേണ്ടി എന്ന തത്വത്തിലാണ് ഗ്രാമത്തിലുളള ഞങ്ങൾ ജീവിക്കുന്നത്". മുൻ സൈനികനായ ചന്ദ്രൻ പറഞ്ഞു. സൈന്യത്തിൽ ചേരുക, രാജ്യത്തിന് വേണ്ടി പ്രവർത്തിക്കുക എന്ന ചിന്ത യുവാക്കൾക്കിടയിൽ ഉയർന്നുവരണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
"1973 മുതൽ 2006 വരെ കരസേനയിൽ സേവനമനുഷ്‌ഠിച്ചിട്ടുണ്ട്. കമ്മവൻപേട്ടയിൽ ഇതുവരെ മൂവായിരത്തോളം പേരാണ് കരസേനയിൽ സേവനമനുഷ്‌ഠിച്ചതിനുശേഷം വിരമിച്ചത്. ഈ വീരഭൂമിയിൽ ജനിച്ചതിൽ ഞാൻ വളരെയധികം അഭിമാനിക്കുന്നു". മറ്റൊരു സൈനികനായ വിശ്വനാഥൻ പറഞ്ഞു.
Also Read:'മോസ്റ്റ് ഫിയര്‍ലെസ് മാന്‍'; മുഖം മറച്ച് ദുരന്തഭൂമിയിലെത്തിയ മലയാളി സൈനികൻ, അറിയാം ലെഫ്.കേണല്‍ ഋഷി രാജലക്ഷ്‌മിയുടെ മാസ്‌ക്കിന് പിന്നിലെ കഥ