ഛണ്ഡീഗഡ് :പഞ്ചാബില്‍ ആംആദ്‌മി നേതാവ് അജ്ഞാത സംഘത്തിന്‍റെ വെടിയേറ്റ് മരിച്ചു. താണ്‍ തരണ്‍ ജില്ലയിലെ പ്രദേശിക നേതാവായ ഗുർപ്രീത് സിങ് ഗോപി ചോളയാണ് കൊല്ലപ്പെട്ടത്. ഇന്ന് (മാര്‍ച്ച് 1) രാവിലെ ജില്ലയിലെ ഗോയിൻദ്‌വാൾ സാഹിബിലെ റെയില്‍വേ ക്രോസില്‍ നില്‍ക്കുമ്പോഴാണ് ചോളയ്‌ക്ക് വെടിയേറ്റത്.
തനിക്കെതിരെ രജിസ്റ്റർ ചെയ്‌ത കേസുമായി ബന്ധപ്പെട്ട് വിചാരണയ്‌ക്ക് ഹാജരാകാൻ ചോള സുൽത്താൻപൂർ ലോധി കോടതിയിലേക്ക് പോകാനായി ട്രെയിന്‍ കാത്ത് നില്‍ക്കുമ്പോള്‍ കാറിലെത്തിയ സംഘം ചോളയ്‌ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. നേതാവിന് നേരെ വെടിയുതിര്‍ത്തതിന് പിന്നാലെ കാറില്‍ കയറി സംഘം സ്ഥലം വിട്ടു. മൂന്ന് പേരാണ് കാറിലുണ്ടായിരുന്നതെന്നാണ് ലഭിക്കുന്ന വിവരം.
അഞ്ച് തവണയാണ് നേതാവിന് വെടിയേറ്റത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ഗുര്‍പ്രീത് ചോള സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. സംഭവത്തിന് പിന്നാലെ നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിച്ചു. വിവരം അറിഞ്ഞ താണ്‍ തരണ്‍ പൊലീസ് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി താണ്‍ തരണിലെ ആശുപത്രിയിലേക്ക് മാറ്റി.
സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. കൊലപാതക കാരണങ്ങളെ കുറിച്ചും പരിശോധിക്കുന്നുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ അടക്കം തെറ്റായ വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ടെന്നും വ്യാജ പ്രചരണങ്ങള്‍ വിശ്വസിക്കരുതെന്നും താണ്‍ തരണ്‍ പൊലീസ് അറിയിച്ചു. സംഭവത്തിന്‍റെ യാഥാര്‍ഥ്യം അന്വേഷണത്തിലൂടെ മാത്രമെ കണ്ടെത്താന്‍ സാധിക്കൂവെന്നും നിലവില്‍ അന്വേഷണം തുടരുകയാണെന്നും പൊലീസ് പറഞ്ഞു.
കഹ്ദൂർ സാഹിബിലെ എഎപി എംഎല്‍എയായ മഞ്ജീന്ദർ സിങ് ലാൽപുരയുടെ അടുത്ത അനുയായിയാണ് ഗുർപ്രീത് സിങ് ഗോപി ചോള. ഇക്കഴിഞ്ഞ ജനുവരിയില്‍ സമാന രീതിയില്‍ എഎപി നേതാവ് കൊല്ലപ്പെട്ടിരുന്നു. എഎപി നേതാവ് സോനു ചീമയാണ് അന്ന് മരിച്ചത്. താണ്‍ തരണ്‍ ജില്ലയിലെ തബല്‍ മേഖലയിലെ ഒരു സലൂണില്‍ വച്ചാണ് ചീമയ്‌ക്ക് വെടിയേറ്റത്. ഈ ആക്രമണം നടന്ന് ഒന്നര മാസം പിന്നിടുമ്പോഴാണ് ചോളയും സമാന രീതിയില്‍ കൊല്ലപ്പെട്ടത്.