ന്യൂഡല്‍ഹി : എഎപി നേതാവ് സഞ്ജയ് സിങ് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമായി കൂടിക്കാഴ്‌ച നടത്തി. ഖാര്‍ഗെയുടെ വസതിയിലായിരുന്നു കൂടിക്കാഴ്‌ച. വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഇന്ത്യ സഖ്യം പൊതുമിനിമം പരിപാടി (കോമണ്‍ മിനിമം പ്രോഗ്രാം) അവതരിപ്പിക്കണമെന്ന ആവശ്യം സിങ് മുന്നോട്ട് വച്ചു.
ജയില്‍ മോചിതനായ ശേഷം ഖാര്‍ഗെയ്ക്ക് മുന്നിലെത്തിയ താന്‍ അദ്ദേഹത്തിന്‍റെ പിന്തുണ തേടിയതായും സിങ് വ്യക്തമാക്കി. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ എങ്ങനെയാണ് ജയിലില്‍ പരിഗണിക്കുന്നതെന്നും അദ്ദേഹം കോണ്‍ഗ്രസ് അധ്യക്ഷനെ ബോധിപ്പിച്ചു. എന്‍ഫോഴ്‌സ്മെന്‍റ് ഡയറക്‌ടറേറ്റ് അറസ്റ്റ് ചെയ്‌ത കെജ്‌രിവാളിനെ തിഹാര്‍ ജയിലിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. ഡല്‍ഹി മദ്യ നയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് ഇഡി കെജ്‌രിവാളിനെ അറസ്റ്റ് ചെയ്‌തിരിക്കുന്നത്.
രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് തങ്ങളെ എന്നും പിന്തുണച്ചിരുന്നുവെന്നും അത് കൊണ്ടാണ് ജയില്‍ മോചിതനായ താന്‍ അദ്ദേഹത്തെ കാണാന്‍ എത്തിയതെന്നും സിങ് വ്യക്തമാക്കി. കൂടിക്കാഴ്‌ചയില്‍ നിരവധി വിഷയങ്ങള്‍ ചര്‍ച്ചയായെന്നും അദ്ദേഹം പറഞ്ഞു. ബിജെപി നയിക്കുന്ന കേന്ദ്രസര്‍ക്കാര്‍ കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നത്, പ്രതിപക്ഷ നേതാക്കളെ അവര്‍ ലക്ഷ്യമിടുന്നത് തുടങ്ങി വിവിധ വിഷയങ്ങള്‍ ചര്‍ച്ചയായി.
Also Read:'സ്വാതന്ത്ര്യകാലം മുതല്‍ ഏറ്റവും വലിയ അഴിമതി നിറഞ്ഞ പാര്‍ട്ടിയാണ് ബിജെപി': തുറന്നടിച്ച് ജാമ്യത്തിലിറങ്ങിയ ആം ആദ്‌മി പാര്‍ട്ടി നേതാവ്
ഇന്ത്യ സഖ്യത്തിലെ എല്ലാ കക്ഷികളും ചേര്‍ന്ന് ഒരു പൊതു തെരഞ്ഞെടുപ്പ് പ്രകടന പത്രിക ഇറക്കണമെന്ന് താന്‍ അദ്ദേഹത്തോട് നിര്‍ദേശിച്ചെന്നും സിങ് പിന്നീട് എക്‌സില്‍ കുറിച്ചു. അരവിന്ദ് കെജ്‌രിവാളിന് ജയിലില്‍ നേരിടേണ്ടി വരുന്ന മനുഷ്യത്വ വിരുദ്ധ പ്രവര്‍ത്തനങ്ങളെക്കുറിച്ചും ഖാര്‍ഗെയെ ബോധിപ്പിച്ചു. ജനാധിപത്യവും ഭരണഘടനയും നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും തങ്ങള്‍ ചര്‍ച്ച ചെയ്‌തതായി അദ്ദേഹം കുറിച്ചു.