ഹൈദരാബാദ് :പാസ്‌പോർട്ടിന് അപേക്ഷിക്കുമ്പോൾ ജനന തീയതി തിരിച്ചറിയുന്നതിനായി പലരും ആധാർ കാർഡാണ് സമർപ്പിക്കുന്നത്. ഇങ്ങനെ തെറ്റായി രേഖകൾ സമർപ്പിക്കുന്നതിലൂടെ അവരുടെ അപേക്ഷകൾ പ്രോസസ് ചെയ്യുന്നതിൽ കാലതാമസമുണ്ടാകുന്നു. അപ്പോയിൻമെന്‍റ് ഷെഡ്യൂൾ ചെയ്‌ത് ആവശ്യമായ രേഖകൾ വീണ്ടും സമർപ്പിച്ചതിന് ശേഷവും പാസ്‌പോർട്ട് വെരിഫിക്കേഷനായി അപേക്ഷകർക്ക് ഒരാഴ്‌ച മുതൽ 10 ദിവസം വരെ കാത്തിരിക്കേണ്ടതായി വരും. തത്‌ഫലമായി അവർക്ക് പാസ്‌പോർട്ട് ലഭിക്കാൻ വൈകും.
ഹൈദരാബാദിലെ അഞ്ച് പാസ്‌പോർട്ട് സേവന കേന്ദ്രങ്ങളും 14 പോസ്‌റ്റ് ഓഫിസ് പാസ്‌പോർട്ട് കേന്ദ്രങ്ങളും ഒന്നിച്ച് പ്രതിദിനം 3,800 പാസ്‌പോർട്ടുകൾ വിതരണം ചെയ്യുന്നുണ്ട്. അവർക്ക് ലഭിക്കുന്ന 200 ഓളം അപേക്ഷകൾ അപൂർണമായതോ അസാധുവായതോ ആയ ഡോക്യുമെന്‍റേഷൻ കാരണം നിരസിക്കപ്പെടുന്നുണ്ട്.
അതിനാൽ തന്നെ പാസ്‌പോർട്ടിനായി അപേക്ഷിക്കുന്ന ഔദ്യോഗിക വെബ്‌സൈറ്റായ passportindia.gov.inൽ 'Before You Apply' എന്ന ടാബിന് കീഴിലുള്ള "Document Advisor"ൽ ഡോക്യുമെന്‍റിന്‍റെ ആവശ്യകതകൾ അവലോകനം ചെയ്യേണ്ടതിന്‍റെ പ്രാധാന്യത്തെ കുറിച്ച് പറയുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ പറയുന്നു. ആദ്യ തവണ അപേക്ഷകൾ, പുനർവിതരണം, പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റുകൾ (പിസിസികൾ), ഡിപ്ലോമാറ്റിക് പാസ്‌പോർട്ടുകൾ എന്നിവയ്‌ക്കായി രേഖകൾ സമർപ്പിക്കുന്നതിനുള്ള വിശദമായ മാർഗനിർദേശങ്ങളെ കുറിച്ച് ഡോക്യുമെന്‍റ് അഡ്‌വൈസറിൽ പറയുന്നുണ്ട്.
റെസിഡന്‍റ്‌സ് പ്രൂഫ് രേഖകൾ:അപേക്ഷകർക്ക് താമസിക്കുന്ന സ്ഥലസത്തിന്‍റെ വിവരങ്ങൾ നൽകാൻ താഴെ പറയുന്ന രേഖകളിൽ ഏതെങ്കിലും സമർപ്പിക്കാം.
- യൂട്ടിലിറ്റി ബില്ലുകൾ (വൈദ്യുതി, ടെലിഫോൺ അല്ലെങ്കിൽ പോസ്‌റ്റ്‌പെയ്‌ഡ് മൊബൈൽ).
- ആദായനികുതി വിലയിരുത്തൽ ഉത്തരവുകൾ.
- തെരഞ്ഞെടുപ്പ് കമ്മിഷൻ ഫോട്ടോ ഐഡി കാർഡുകൾ.
- ഗ്യാസ് കണക്ഷൻ പ്രൂഫ്.
- ഉയർന്ന പദവിയിലുള്ള ഉദ്യോഗസ്ഥർ നൽകുന്ന വിലാസ സർട്ടിഫിക്കറ്റുകൾ.
- പങ്കാളിയുടെ പാസ്‌പോർട്ടിന്‍റെ പകർപ്പ് (ബാധകമെങ്കിൽ).
- പ്രായപൂർത്തിയാകാത്തവർ മാതാപിതാക്കളുടെ പാസ്‌പോർട്ടിന്‍റെ പകർപ്പ് സമർപ്പിക്കാം (കുടുംബ വിവരങ്ങളുള്ള ആദ്യ പേജുകളും അവസാന പേജുകളും).
- ആധാർ കാർഡ്.
- വാടക കരാർ.
- പണമിടപാടുകൾ കാണിക്കുന്ന ഷെഡ്യൂൾ ചെയ്‌ത പൊതു/സ്വകാര്യ മേഖലകളിൽ നിന്നോ പ്രാദേശിക ബാങ്കുകളിൽ നിന്നോ ഉള്ള ബാങ്ക് പാസ്ബുക്കുകൾ.