താനെ: എംഐഡിസിയിലെ ഫെയ്‌സ് 2 ല്‍ അഭിനവ് വിദ്യാലയത്തിന് സമീപം കെമിക്കല്‍ ഫാക്‌ടറില്‍ വന്‍ തീപിടിത്തം. തീപിടിത്തത്തിന് പിന്നാലെ കമ്പനി പരിസരത്ത് വന്‍ പൊട്ടിത്തെറിയും ഉണ്ടായി. പൊട്ടിത്തെറിയില്‍ കമ്പനി പരിസരമാകെ വലിയ കുലുക്കം അനുഭവപ്പെട്ടു. തീപിടിത്തത്തിലുണ്ടായ നാശനഷ്‌ടങ്ങള്‍ അറിവായിട്ടില്ല.
അമുദാന്‍ കമ്പനിയിലാണ് തീപിടിത്തം ഉണ്ടായത്. ഒരുമാസം മുമ്പും സമീപത്തെ മറ്റൊരു കമ്പനിയില്‍ തീപിടിത്തം ഉണ്ടായിരുന്നു. കമ്പനികള്‍ യഥാസമയത്ത് അറ്റകുറ്റപ്പണികള്‍ നടത്താന്‍ അധികൃതര്‍ ജാഗ്രത പുലര്‍ത്തിയിട്ടുണ്ടോ എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്. മലിനീകരണ നിയന്ത്രണ ബോര്‍ഡ്, വ്യവസായ സുരക്ഷ- ആരോഗ്യ വകുപ്പുകള്‍ തൊഴില്‍ വകുപ്പ് തുടങ്ങിയവ നിരന്തരം പരിശോധനകള്‍ നടത്തിയിരുന്നെങ്കില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുമായിരുന്നില്ലെന്നാണ് ചൂണ്ടിക്കാട്ടുന്നത്.
മൂന്നോ നാലോ മാസം കൂടുമ്പോഴാണ് അധികൃതര്‍ ഇവിടെ സന്ദര്‍ശനം നടത്താറുള്ളത് എന്ന ആരോപണവുമുണ്ട്. ഇവര്‍ വന്ന് കമ്പനിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരെ കണ്ട് തിരികെ പോകും. യാതൊരു വിധ പരിശോധനകളും അവര്‍ നടത്താറില്ലെന്നും പറയപ്പെടുന്നു. കമ്പനി ഉടമകളില്‍ നിന്ന് ഇത്തരം പരാതികള്‍ ധാരാളമായി ഉയരാറുണ്ട്. അത് കൊണ്ട് തന്നെ ഇത്തരം അപകടങ്ങളും തുടര്‍ക്കഥകളാകുന്നു.