തിരുവനന്തപുരം: കൊവിഡ് കാല പിപിഇ കിറ്റ് ഇടപാടിൽ ക്രമക്കേടെന്ന് സിഎജി റിപ്പോർട്ട്. ഇന്ന് പുറത്തിറങ്ങിയ കണ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ റിപ്പോർട്ടിലാണ് പിപിഇ കിറ്റ് ക്രമക്കേടിൽ 10.23 കോടി രൂപ അധിക ബാധ്യതയുണ്ടായതായി പുറത്തു വന്നത്. പൊതു വിപണിയേക്കാൾ 300 ഇരട്ടി കൂടുതല്‍ പണം നല്‍കിയാണ് പിപിഇ കിറ്റ് വാങ്ങിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
2020 മാര്‍ച്ച് 28 ന് 550 രൂപയ്ക്ക് പിപിഇ കിറ്റ് വാങ്ങിയെന്നും മാര്‍ച്ച് 30 ന് 1,550 രൂപയ്ക്ക് മറ്റൊരു കമ്പനിയില്‍ നിന്നും പിപിഇ കിറ്റ് വാങ്ങിയെന്നും റിപ്പോർട്ടിൽ വിശദീകരിക്കുന്നു. രണ്ട് ദിവസത്തില്‍ പിപിഇ കിറ്റിന്‍റെ വില 1000 രൂപ കൂടി. കുറഞ്ഞ തുകയ്ക്ക് പിപിഇ കിറ്റ് നൽകാമെന്ന് വാഗ്‌ദാനം ചെയ്‌ത കമ്പനിയെ തഴഞ്ഞുവെന്നും റിപ്പോർട്ടിലുണ്ട്. 'സാൻ ഫാർമ' എന്ന കമ്പനിയ്ക്ക് മുൻകൂറായി മുഴുവൻ പണവും നൽകിയെന്നും ക്രമക്കേട് അക്കമിട്ട് നിരത്തിയ സിഎജി റിപ്പോർട്ടിൽ പറയുന്നു.
'പ്രതിപക്ഷ ആരോപണം ശരിവയ്ക്കുന്നത്'
കൊവിഡ് കാല അഴിമതി സംബന്ധിച്ച സിഎജി റിപ്പോര്‍ട്ട് പ്രതിപക്ഷ ആരോപണങ്ങൾ ശരിവയ്ക്കുന്നതാണെന്നും പുറത്തു വന്നത് ദുരന്ത മുഖത്ത് നടത്തിയ വന്‍കൊള്ളയുടെ ഞെട്ടിക്കുന്ന ചിത്രമാണെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
മൂന്ന് കമ്പനികള്‍ 500 രൂപയില്‍ താഴെ പിപിഇ കിറ്റുകള്‍ നല്‍കിയ അതേ ദിവസം തന്നെയാണ് സാന്‍ ഫാര്‍മയില്‍ നിന്നും 1550 രൂപയ്ക്ക് പിപിഇ കിറ്റ് വാങ്ങാന്‍ തീരുമാനിച്ചത്. മുഖ്യമന്ത്രിയുടെ അനുവാദത്തോടെയായിരുന്നു ഈ കരാറെന്ന് മുന്‍ ആരോഗ്യ മന്ത്രി കെ കെ ശൈലജയും പിന്നീട് വെളിപ്പെടുത്തിയിട്ടുണ്ട്.
അനിത ടെസ്റ്റിക്കോട്ട് എന്ന സ്ഥാപനത്തിന് 550 രൂപയ്ക്ക് നല്‍കിയ കരാര്‍ റദ്ദാക്കിയാണ് 1,550 രൂപയ്ക്ക് സാൻ ഫാർമയ്ക്ക് കരാര്‍ നല്‍കിയതെന്ന ഞെട്ടിപ്പിക്കുന്ന വിവരവും സിഎജി റിപ്പോര്‍ട്ടിലുണ്ട്. നിയമ വിരുദ്ധമായി സാന്‍ ഫാര്‍മയ്ക്ക് 100% അഡ്വാന്‍സ് നല്‍കിയെന്ന പ്രതിപക്ഷ ആരോപണവും റിപ്പോര്‍ട്ട് ശരിവയ്ക്കുന്നതായും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വാർത്താ കുറിപ്പില്‍ പറഞ്ഞു.