കോഴിക്കോട്: ''ആത്മാക്കൾ തുമ്പികളെപ്പോലെ പാറിനടക്കുന്ന ഒരിടം'' അതിപ്പോൾ രാജ്യത്തെ ചരിത്ര പ്രാധാന്യമേറിയ സ്ഥലങ്ങളിൽ ഒന്നാണ്. വെള്ളിയാങ്കല്ലെന്ന് 'മയ്യഴിപ്പുഴയുടെ തീരങ്ങൾ' എന്ന നോവലിൽ എം മുകുന്ദൻ വിശേഷിപ്പിച്ച ആ ഒരിടം, കടലിന് നടുക്കുള്ള പാറക്കൂട്ടം. മയ്യഴിക്കടപ്പുറത്ത് നിന്നും കാണാവുന്ന ദൂരത്താണ് 'വെള്ളിയാങ്കല്ല്' സ്ഥിതി ചെയ്യുന്നത്. തിക്കോടി, പയ്യോളി കടപ്പുറത്ത് നിന്ന് ഏഴു നോട്ടിക്കൽ മൈൽ സഞ്ചരിച്ചാലും അറബിക്കടലിൽ തലയുയർത്തി നിൽക്കുന്ന പാറക്കൂട്ടത്തിലെത്താം.
സാഹസിക യാത്ര ആഗ്രഹിക്കുന്നവരുടെ ഇഷ്‌ട കേന്ദ്രം കൂടിയാണ് ഈ പാറദ്വീപ്. എന്നാൽ നിലവിൽ ജില്ലാ ഭരണ കൂടം യാത്രാ വിലക്ക് ഏപ്പെടുത്തിയിരിക്കുകയാണ്. പോർച്ചുഗീസ് ആധിപത്യത്തിനെതിരെ ശക്തമായ ചെറുത്ത് നിൽപ്പ് നടത്തിയ കോട്ടക്കൽ, കുഞ്ഞാലി മരയ്ക്കാർമാർക്ക് പോരാട്ടങ്ങൾക്ക് കടലിൽ ഇടത്താവളം നൽകിയ സ്ഥലമായിരുന്നു വെള്ളിയാങ്കല്ല്.
പോർച്ചുഗീസുകാർക്കെതിരെ പടനയിച്ച സാമൂതിരിയുടെ നാവികസേന കടലിലെ ഒരു താവളമായി വെള്ളിയാങ്കല്ല് ഉപയോഗിച്ചിരുന്നു. കോഴിക്കോട് തുറമുഖത്തിൽ നങ്കൂരമിട്ട പറങ്കിക്കപ്പലുകളെ ആക്രമിക്കാൻ ഇത് കുഞ്ഞാലിമരക്കാർക്കും പടയാളികൾക്കും സൗകര്യപ്രദമായിരുന്നു. കല്ലിൽ പീരങ്കിയുണ്ടകളേറ്റ പാടുകൾ കാണാമെന്ന് അവിടം സന്ദർശിച്ചവർ രേഖപ്പെടുത്തിയിട്ടുണ്ട്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ആമപ്പാറയും കുടപ്പാറയും ഉൾപ്പെടെ മനോഹരമായ പാറക്കൂട്ടങ്ങളെ കാണുമ്പോൾ മനസിന് കുളിരാണ്. പാറയിലേക്ക് സുരക്ഷിതമായി കയറാനുള്ള സംവിധാനമില്ല. അപകടം മുന്നിൽ കണ്ടുകൊണ്ട് തന്നെയാണ് യാത്രാ വിലക്ക് ഏർപ്പെടുത്തിയത്. ഇരിങ്ങൽ വില്ലേജിന് കീഴിലാണ് ഈ ഒരേക്കറിലേറെ വരുന്ന പാറക്കൂട്ടം സ്ഥിതി ചെയ്യുന്നത്.
മയ്യഴിയുടെ തീരങ്ങളിലുള്ളവരുടെ വിശ്വാസങ്ങളിലും വെള്ളിയാങ്കലിന് വലിയ സ്ഥാനമുണ്ട്. മയ്യഴിയിലെ കുറുംബാ ഭഗവതിക്ഷേത്രങ്ങളിലെ ദേവീചൈതന്യം വെള്ളിയാങ്കല്ലിൽ നിന്നും എത്തിയതാണെന്നാണ് വിശ്വാസം. വളവിൽ ഭഗവതീക്ഷേത്രം, പാറക്കൽ കുറുംബ ഭഗവതീക്ഷേത്രം, മൂന്നുകുറ്റി പരദേവതാക്ഷേത്രം എന്നിവയുമായി ബന്ധപ്പെട്ടാണ് ഐതിഹ്യം. കടലിൽ മത്സ്യബന്ധനത്തിന് പോകുമ്പോൾ വെള്ളിയാങ്കല്ലിനെ വലംവെച്ച് പോകുമ്പോൾ മുക്കുവർ അർച്ചന നടത്തുന്ന പതിവുണ്ട്.
വലിയ മത്സ്യ സമ്പത്തിൻ്റെ കേന്ദ്രം കൂടിയാണ് വെള്ളിയാങ്കല്ലിൻ്റെ ചുറ്റുപാടും. പാറയ്ക്ക് ചുറ്റും കല്ലുമ്മക്കായ സമൃദ്ധമായി ഉണ്ടാകും. കടൽപക്ഷികളുടെ കാഷ്‌ഠം നിറഞ്ഞ പാറപ്പുറം പവിഴപ്പുറ്റുകളെപ്പോലെ തോന്നിപ്പിക്കും. ബ്രൗൺ ഹെഡഡ് ഗൾസ്, ബ്ലാക് ഹെഡഡ് ഗൾസ്, ലോങ് ടൈൽഡ് ടേൺ, ഗ്രേറ്റർ ക്രസ്‌റ്റഡ് ടേൺ, ബ്ലാക് കൈറ്റ്, ബ്രാഹ്മണി കൈറ്റ്, വൈറ്റ് ത്രോട്ടഡ് കിങ് ഫിഷർ തുടങ്ങിയവയെല്ലാം വെള്ളിയാങ്കല്ലിൽ വട്ടമിട്ട് പറക്കുന്നവരാണ്.
കുറുമ്പിയമ്മ ദാസന് പറഞ്ഞുകൊടുക്കുന്ന കഥകളിലൂടെ, എം മുകുന്ദനാണ് മലയാളിയുടെ മനസിൽ വെളളിയാങ്കല്ല് കൊത്തിവെച്ചത്. 'മയ്യഴിക്കാരുടെ വിശ്വാസത്തിൽ ജനിമൃതികൾക്കിടയിൽ ആത്മാക്കളുടെ വിശ്രാന്തിസ്ഥാനം' എന്നാണ് മുകുന്ദൻ വെള്ളിയാങ്കലിനെ വർണിക്കുന്നത്. 'മയ്യഴിക്കാരുടെ ആത്മാക്കൾ ജനനത്തിന് മുമ്പും മരണത്തിന് ശേഷവും വെള്ളിയാങ്കല്ലിലാണ് ഉണ്ടായിരിക്കുക' എന്ന് കുറുമ്പിയമ്മ പറഞ്ഞു കൊടുക്കുന്നു.
മയ്യഴിക്കടപ്പുറത്ത് നിന്നും കടൽ ശാന്തമായ പകൽ നേരത്ത് കടലിൽ ഘനീഭവിച്ച കണ്ണുനീർത്തുള്ളിപോലെ വെള്ളിയാങ്കല്ല് കാണപ്പെടും എന്നും നോവലിൽ പറയുന്നു. ചന്ദ്രികയുടെ മരണത്തിന് ശേഷം ദാസൻ വെള്ളിയാങ്കല്ലിൽ മിഴിനട്ട് ഇരിക്കുന്നതായും എം മുകുന്ദൻ നോവലിലൂടെ വിവരിക്കുന്നുണ്ട്. സുഭാഷ് ചന്ദ്രൻ്റെ രണ്ടാമത്തെ നോവലായ 'സമുദ്രശില'യിലെ വളരെ പ്രധാനപ്പെട്ട ഘടകവും 'വെള്ളിയാങ്കല്ല്' ആണ്.
''അനാദിയായി പരന്നുകിടക്കുന്ന സമുദ്രത്തിൽ അങ്ങകലെ വെള്ളിയാങ്കല്ല് കാണാമായിരുന്നു. അവിടെ അപ്പോഴും ആത്മാക്കൾ തുമ്പികളായി പാറിനടക്കുന്നുണ്ടായിരുന്നു. ആ തുമ്പികളിലൊന്ന് ദാസനായിരുന്നു." എം മുകുന്ദനും 'മയ്യഴിപ്പുഴയുടെ തീരങ്ങളും' ഇല്ലായിരുന്നെങ്കിൽ അത് വെറുമൊരു പാറക്കൂട്ടമായേനേ.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ഇന്ന് ചരിത്ര പ്രാധാന്യമുള്ള തന്ത്രപ്രധാന മേഖല കൂടിയാണ് ഈ ദ്വീപ്. അതിൻ്റെ ഭാഗമായാണ് വെള്ളിയാങ്കല്ലിൽ ദേശീയ പതാക ഉയർത്തിയത്. ഇന്ത്യൻ കോസ്‌റ്റൽ പൊലീസിൻ്റെ അധീനതയിലാണ് ഈ പ്രദേശം. അറബിക്കടലിൽ തലയുയർത്തി നിൽക്കുന്ന പാറക്കൂട്ടത്തിന് മുകളിൽ കോസ്‌റ്റൽ പൊലീസിൻ്റെ നേതൃത്വത്തിലാണ് പതാക ഉയർത്തിയത്. രാജ്യത്തെ ചരിത്ര പ്രാധാന്യമേറിയ സ്ഥലങ്ങളിൽ ദേശീയ പതാക ഉയർത്തണമെന്ന കേന്ദ്ര സർക്കാർ നിർദേശത്തിൻ്റെ അടിസ്ഥാനത്തിലാണ് വെള്ളിയാങ്കല്ലിൽ പതാക ഉയർത്തിയത്. വടകര ഡിവൈഎസ്‌പി ആർ ഹരിപ്രസാദ് പതാക ഉയർത്തി. കോസ്‌റ്റൽ പൊലീസ് എസ്എച്ച്ഒ സി എസ് ദീപു അധ്യക്ഷത വഹിച്ചു.
Also Read: കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന് ഇനി രണ്ട് നാള്‍ മാത്രം; 15 രാജ്യങ്ങളിൽ നിന്നും 500-ലധികം അതിഥികൾ, ഒരുങ്ങി കോഴിക്കോട്