ബെംഗളൂരു:കഴിഞ്ഞ എട്ട് മാസത്തിനിടെ സംസ്ഥാനത്തേക്ക് ഒഴുകിയെത്തിയത് 77,000 കോടിയുടെ മൂലധനമെന്ന് ഗവർണർ തവർ ചന്ദ് ഗെലോട്ട്. നിയമസഭയിലാണ് ഗവർണർ ഇക്കാര്യം വ്യക്തമാക്കിയത്. ഗ്യാരണ്ടി പദ്ധതികൾ കാരണം ജനങ്ങളുടെ വാങ്ങൽ ശേഷിയിലൂടെ സാമ്പത്തിക പ്രവർത്തനങ്ങളെ ദ്രുതഗതിയിലാക്കിയിട്ടുണ്ടെന്നും സഭയുടെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്‌ത് സംസാരിക്കവെ ഗവർണർ പറഞ്ഞു.
നികുതി പിരിവ് വർധിക്കുകയാണ് (Tax Collection Is Increasing). ജനുവരി അവസാനത്തോടെ സംസ്ഥാനത്തെ ജിഎസ്‌ടി വളർച്ച നിരക്ക് രാജ്യത്ത് ഒന്നാമതാകും. നമ്മുടെ സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം വികസനത്തിന്‍റെ പുതിയ ഘട്ടം ആരംഭിച്ചു. വികസന പ്രവർത്തനങ്ങൾ ഇനിയും ഉയരത്തിൽ എത്തിക്കാനാണ് സർക്കാറിന്‍റെ തീരുമാനം. സംസ്ഥാനത്തെ റവന്യൂ കളക്ഷൻ ശക്തമാണ്. ജിഎസ്‌ടി പിരിക്കുന്നതിൽ നിലവിൽ രണ്ടാം സ്ഥാനത്താണ് നമ്മുടെ സംസ്ഥാനം. ആഭ്യന്തര, വിദേശ നിക്ഷേപം ഒഴുകിയെത്തുന്നു എന്നും അദ്ദേഹം പറഞ്ഞു.
നമ്മുടെ ഗവണ്മെന്‍റ് നൽകിയ വാക്ക് പാലിച്ചു കൊണ്ട് ഒരു പുതിയ സംസ്‌കാരം തന്നെ സാധ്യമാക്കി. നേരത്തെ പറഞ്ഞ കാര്യങ്ങൾ പിന്തുടരുകയും വാഗ്‌ദാനങ്ങൾ നടപ്പാക്കുകയും ചെയ്‌തു. കൂടാതെ ജനങ്ങളുടെ വിശ്വാസത്തിനും സ്നേഹത്തിനും പ്രതീക്ഷയ്‌ക്കും അനുസൃതമായി പ്രവർത്തിച്ചു. സംസ്ഥാനത്തെ ഏഴ് കോടി ജനങ്ങളുടെ ജീവിതത്തിൽ വലിയ മാറ്റമാണ് ഉണ്ടാക്കിയത്. സാമൂഹിക ഐക്യത്തിന്‍റെ കാര്യത്തിൽ കർണാടക ഒരു ഉദാഹരണമാണ്. സംസ്ഥാനത്തെ വേറിട്ട് നിർത്തുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യമെന്നും ഗവർണ്ണർ കൂട്ടിച്ചേർത്തു.
സർക്കാരിന്‍റെ ഗ്യാരൻ്റി പദ്ധതികളിലൂടെ ദാരിദ്ര്യരേഖയിൽ നിന്ന് കരകയറുകയും മധ്യവർഗ സ്ഥിതിയിലേക്ക് ഉയരുകയും ചെയ്‌തത് 1.2 കോടിയിലധികം കുടുംബങ്ങളാണ്. 5 കോടിയിലേറെ പേരാണ് മധ്യവർഗ സ്ഥിതിയിലേക്ക് ഉയർന്നത്. ഇത് ആഗോള റെക്കോർഡ് തന്നെയാണെന്നും അദ്ദേഹം അറിയിച്ചു.
സംസ്ഥാനത്ത് വരൾച്ച നിലനിൽക്കുമ്പോഴും മുൻവർഷത്തെക്കാൾ കർഷക ആത്മഹത്യകൾ കുറഞ്ഞിട്ടുണ്ട്. ഗ്യാരണ്ടി പദ്ധതികൾ സാമ്പത്തിക പിന്നോക്കം നിൽക്കുന്ന ജനങ്ങൾക്ക് ആവശ്യമായിരുന്നു. ജാതിയും മതവും നോക്കാതെ തന്നെ സംസ്ഥാനത്തെ 3.5 കോടി സ്ത്രീകൾക്കാണ് സൗജന്യമായി യാത്ര ചെയ്യാൻ സാധിച്ചത് എന്നും ഗവർണർ വിശദീകരിച്ചു