കേരളം

kerala

ETV Bharat / bharat

മോദിയുടെ കാശ്‌മീര്‍ സന്ദര്‍ശനം; 7000 സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വിഐപി ഡ്യൂട്ടിയില്‍, പ്രദേശത്ത് കനത്ത സുരക്ഷ - മോദിയുടെ കാശ്‌മീര്‍ സന്ദര്‍ശനം

കാശ്‌മീരിന് പ്രത്യേക പദവി നല്‍കുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം ഇതാദ്യമായാണ് പ്രധാനമന്ത്രി മോദി കാശ്‌മീർ സന്ദർശിക്കുന്നത്.

Modi in Kashmir  PM Modi  Kashmir  മോദിയുടെ കാശ്‌മീര്‍ സന്ദര്‍ശനം  പ്രധാനമന്ത്രി മോദി
Modi Kashmir Visit

By ETV Bharat Kerala Team

Published : Mar 2, 2024, 5:59 PM IST

ശ്രീനഗര്‍ : മാര്‍ച്ച് 7 ന് കാശ്‌മീരിലെ റാലിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുന്ന സാഹചര്യത്തില്‍ 7000 സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ വിവിധ ഡ്യൂട്ടികളില്‍ നിയോഗിച്ച് ഭരണകൂടം. പരിപാടിയുടെ വേദി ഷേർ-ഇ-കശ്‌മീർ ഇന്‍റർനാഷണൽ കൺവെൻഷൻ സെന്‍ററിൽ (എസ്‌കെഐസിസി) നിന്ന് ശ്രീനഗറിലെ ബക്ഷി സ്റ്റേഡിയത്തിലേക്ക് മാറ്റി. റാലിയില്‍ പങ്കെടുക്കുന്നവരെ ഉള്‍ക്കൊള്ളാന്‍ എസ്‌കെഐസിസിക്ക് സാധിക്കാത്ത സാഹചര്യത്തിലാണ് വേദി മാറ്റിയത്. സീറ്റിംഗ് കപ്പാസിറ്റിക്ക് പേരുകേട്ട സ്റ്റേഡിയമാണ് ബക്ഷി സ്റ്റേഡിയം. 2019 ഓഗസ്റ്റിൽ, ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം ഇതാദ്യമായാണ് പ്രധാനമന്ത്രി മോദി കാശ്‌മീർ സന്ദർശിക്കാനെത്തുന്നത്.

ഡ്യൂട്ടിയിലുള്ള ജീവനക്കാർക്ക് 221 നോഡൽ ഓഫീസര്‍മാരെയും ബസുകളും ഡ്രൈവർമാരെയും നിയോഗിച്ചിട്ടുണ്ടെന്ന് ഒരു മുതിർന്ന സർക്കാർ ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി.ഉദ്യോസ്ഥരില്‍ വലിയൊരു പങ്കും വിദ്യാഭ്യാസ വകുപ്പിൽ നിന്നുള്ളവരാണ്. 1825 ജീവനക്കാരാണ് വിദ്യാഭ്യാസ വകുപ്പിൽ നിന്നുള്ളത്. 1518 പേർ ശ്രീനഗർ മുനിസിപ്പൽ കോർപ്പറേഷനിൽ നിന്നുമുണ്ട്.

പൊതുജനങ്ങൾക്ക് വേണ്ടിയുള്ള ക്രമീകരണങ്ങളും പൂര്‍ത്തിയായിട്ടുണ്ടെന്നും ബക്ഷി സ്റ്റേഡിയത്തില്‍ മുപ്പത്തിനായിരത്തിലധികം പേരെ ഉള്‍ക്കൊള്ളിക്കുമെന്നും അധികൃതര്‍ പറഞ്ഞു.

അതിനിടെ, റാലിയിൽ പങ്കെടുക്കുന്നവരുടെയും മറ്റ് സർക്കാർ ജീവനക്കാരുടെയും വെരിഫിക്കേഷൻ നടപടികൾ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്‍റ് (സിഐഡി) ആരംഭിച്ചു. വെരിഫിക്കേഷൻ നടപടികൾ സാധാരണമാണെന്നും പ്രധാനമന്ത്രിയുടെ സന്ദർശനം പോലുള്ള പരിപാടികളില്‍ സമഗ്രമായ പരിശോധന ആവശ്യമാണെന്നും ഉദ്യോഗസ്ഥർ വിശദീകരിച്ചു. ചടങ്ങിൽ പങ്കെടുക്കുന്നവരുടെയും വിശിഷ്‌ട വ്യക്തികളുടെയും സുരക്ഷയ്ക്കായി ക്രമീകരണങ്ങളും കർശനമാക്കിയിട്ടുണ്ട്.

വികസനത്തിനും സമാധാനത്തിനും ഊന്നൽ നൽകികൊണ്ട് കാശ്‌മീരിന് വേണ്ടി കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ച സംരംഭങ്ങളും നയങ്ങളും ജനങ്ങളിലേക്ക് എത്തിക്കുകയാണ് റാലിയുടെ ഉദ്ദേശമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിക്കുന്നു.

ആർട്ടിക്കിൾ 370 റദ്ദാക്കിയതിന്‍റെ ഗുണഭലങ്ങളും അതിനുശേഷം മേഖലയില്‍ സർക്കാര്‍ കൊണ്ടുവന്ന നേട്ടങ്ങളും എടുത്തു പറയുകയാണ് മോദിയുടെ സന്ദർശനത്തിന്‍റെ ലക്ഷ്യമെന്നാണ് വിലയിരുത്തല്‍. കാശ്‌മീരിലെ ജീവിത നിലവാരം ഉയർത്താനുള്ള സർക്കാരിന്‍റെ ശ്രമങ്ങളും അടിസ്ഥാന സൗകര്യങ്ങൾ, ആരോഗ്യം, വിദ്യാഭ്യാസം, വിനോദ സഞ്ചാരം എന്നീ മേഖലകളിലെ സമീപകാല വികസനങ്ങളും മോദി പരാമര്‍ശിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. റാലിയ്‌ക്കൊപ്പം എസ്‌കെഐസിസിയിലെ കരകൗശല പ്രദർശനവും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.

മോദിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ശ്രീനഗറിലുടനീളം സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. പ്രദേശത്ത് അധിക സേനയെ വിന്യസിക്കുകയും നിരീക്ഷണ നടപടികൾ ശക്തമാക്കുകയും ചെയ്‌തു. വേദിക്ക് ചുറ്റും തത്സമയ നിരീക്ഷണത്തിനായി ഏരിയൽ ഡ്രോണുകൾ വിന്യസിച്ചിട്ടുണ്ട്. കാൽനടയായും ബോട്ടുകളിലുമായുള്ള പട്രോളിങ്ങും ശക്തമാക്കിയിട്ടുണ്ട്.

Also Read : പശ്ചിമബംഗാളിലെ മുഴുവന്‍ സീറ്റുകളും പിടിക്കണമെന്ന ആഹ്വാനവുമായി മോദി

ABOUT THE AUTHOR

...view details