ഗുവാഹത്തി:അസമിൽ നാശം വിതച്ച് വെള്ളപ്പൊക്കം. കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കവും മണ്ണൊലിപ്പുമാണ് സംസ്ഥാനത്തെ സ്ഥിതി വഷളാക്കിയത്. നദികളിലെ ജലനിരപ്പ് ഉയരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ വിവധ ഇടങ്ങളിൽ വെള്ളം കയറി.
ചില പ്രദേശങ്ങളിൽ ഭക്ഷണത്തിന്‍റെയും പാർപ്പിടത്തിന്‍റെയും പ്രശ്‌നവും വർധിച്ചുവരികയാണ്. മുൻകരുതൽ നടപടിയായി പ്രളയം ബാധിച്ച ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സർക്കാർ അവധി പ്രഖ്യാപിക്കുകയും 144 പുറപ്പെടുവിക്കുകയും ചെയ്‌തു.
സംസ്ഥാനത്തെ 19 ജില്ലകളെ വെള്ളപ്പൊക്കം ബാധിച്ചതായി അസം സ്‌റ്റേറ്റ് ഡിസാസ്‌റ്റർ മാനേജ്‌മെന്‍റ് അതോരിറ്റി (എഎസ്‌ഡിഎം) അറിയിച്ചു. കാംരൂപ്, സൗത്ത് ഷാൽമാര, ഗോൾപാറ, നാഗോൺ, ബംഗഗാവ്, ലഖിംപൂർ, ഹോജായ്, ദരംഗ്, നാൽബാരി, കരിംഗഞ്ച്, ഒഡൽഗുരി, താമുൽപൂർ, ഹൈലകണ്ടി, ബിശ്വനാഥ്, ബാർപേട്ട, കച്ചാർ, ബക്‌സ , ബജാലി എന്നീ ജില്ലകളെയാണ് വെള്ളപ്പൊക്കം ബാധിച്ചത്.
ഈ ജില്ലകളിലെ 48 റസിഡൻഷ്യൽ ഏരിയകളിലെ 579 വില്ലേജുകളെ വെള്ളപ്പൊക്കം ബാധിച്ചു. ഇതുവരെ 2,96,384 പേരെയാണ് വെള്ളപ്പൊക്കം ബാധിച്ചത്. മാത്രമല്ല 3,326 ഹെക്‌ടർ കൃഷിഭൂമിയും വെള്ളത്തിനടിയിലായി.