ഗുവാഹത്തി: മണിപ്പൂരില്‍ വീണ്ടും പൊട്ടിപ്പുറപ്പെട്ട അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ 20 കമ്പനി അധിക കേന്ദ്ര സേനയെ കൂടി മണിപ്പൂരില്‍ വിന്യസിച്ചു. പതിനഞ്ച് കമ്പനി സിആര്‍പിഎഫിനെയും അഞ്ച് കമ്പനി ബിഎസ്‌എഫിനെയുമാണ് മണിപ്പൂരിലേക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അയച്ചിട്ടുള്ളത്. ഇതോടെ സംസ്ഥാനത്ത് ആകെ 218 കമ്പനി കേന്ദ്രസേനകളെയാണ് നിലവില്‍ വിന്യസിച്ചിരിക്കുന്നത്.
ജില്ലാഭരണകൂടം പ്രഖ്യാപിച്ചിരിക്കുന്ന നിരോധനാജ്ഞയ്ക്കിടെയും നിരവധി ഗോത്രവര്‍ഗ വിഭാഗങ്ങളുടെ ഹര്‍ത്താല്‍ ആഹ്വാനത്തിനിടെയും വലിയ അക്രമസംഭവങ്ങളാണ് സംസ്ഥാനത്ത് അരങ്ങേറുന്നത്. ബുധനാഴ്‌ച രാവിലെ അവശ്യ സാധനങ്ങളുമായി പോയ രണ്ട് ട്രക്കുകള്‍ അക്രമികള്‍ അഗ്നിക്കിരയാക്കി. മണിപ്പൂരിലെ ജിരിബാം ജില്ലയില്‍ വ്യാഴാഴ്‌ച പത്തോളം വീടുകള്‍ അക്രമികള്‍ അഗ്നിക്കിരയാക്കുകയും ഒരു സ്‌ത്രീയ ജീവനോടെ ചുട്ടുകൊല്ലുകയും ചെയ്‌തതോടെയാണ് സംസ്ഥാനത്ത് വീണ്ടും അക്രമസംഭവങ്ങള്‍ തലപൊക്കിയത്. ഇതിന് തിരിച്ചടിയായി ശനിയാഴ്‌ച മറ്റൊരു സ്‌ത്രീയെ ബിഷ്‌ണുപൂരിലെ ഒരു ഗ്രാമത്തില്‍ ഒരു സംഘം ആയുധധാരികള്‍ കൊലപ്പെടുത്തി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
തിങ്കളാഴ്‌ച ജിരിബാമിലെ ജകുരധോറില്‍ വിന്യസിച്ചിട്ടുള്ള സിആര്‍പിഎഫും ആയുധധാരികളായ സംഘവും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ പത്ത് അക്രമികള്‍ കൊല്ലപ്പെട്ടിരുന്നു. പലയാനം ചെയ്യപ്പെട്ട ചില കുടുംബങ്ങള്‍ അഭയം തേടിയ ഒരു പൊലീസ് സ്‌റ്റേഷന്‍ അക്രമിക്കാനുള്ള ശ്രമത്തിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. നാട്ടുകാരായ രണ്ട് പേരുടെ മൃതദേഹവും പൊലീസ് സ്ഥലത്ത് നിന്ന് കണ്ടെത്തി. മൂന്ന് സ്‌ത്രീകളും മൂന്ന് കുട്ടികളുമടക്കമുള്ളവരെ കാണാതായിട്ടുമുണ്ട്.
ഈ കൊലപാതകങ്ങള്‍ പ്രദേശത്ത് സ്ഥിതിഗതികള്‍ വീണ്ടും മോശമാക്കിയിരിക്കുകയാണ്. ഇന്ന് രാവിലെ ലോങ്മയ്, നോനി, തമെങ്‌ലോങ് മേഖലകളിലേക്കുള്ള അരിയും ഉള്ളിയും കിഴങ്ങുമായി പോകുകയായിരുന്ന ട്രക്ക് ആയുധധാരികളായ സംഘം ദേശീയ പാത 37ല്‍ തടഞ്ഞു നിര്‍ത്തി തീവയ്ക്കുകയായിരുന്നു. കൊല്ലപ്പെട്ടവര്‍ ഗ്രാമീണരായ സന്നദ്ധ പ്രവര്‍ത്തകരാണെന്ന് കുക്കികളും ഹമാറുകളും അവകാശപ്പെടുന്നു. അവര്‍ പൊലീസ് അവകാശപ്പെടുന്നത് പോലെ അക്രമികളായിരുന്നില്ലെന്നും ചൂണ്ടിക്കാട്ടുന്നു. ഇതേ തുടര്‍ന്ന് പ്രദേശത്ത് ഹര്‍ത്താലിന് ഇരു വിഭാഗവും ആഹ്വാനം ചെയ്‌തു.
കഴിഞ്ഞ വർഷം മുതല്‍ വംശീയ ന്യൂനപക്ഷമായ കുക്കികളും ഭൂരിപക്ഷമായ മെയ്‌തികളും തമ്മിലുള്ള സംഘര്‍ഷം സംസ്ഥാനത്ത് മൂര്‍ച്‌ഛിച്ചിരിക്കുകയാണ്. ആക്രമണങ്ങളില്‍ ഇരുവിഭാഗങ്ങളിലുമായി 240 പേര്‍ കൊല്ലപ്പെടുകയും 65000 പേര്‍ പലായനം ചെയ്യുകയും ചെയ്‌തു. അക്രമം അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാരിന്‍റെ ഭാഗത്ത് നിന്ന് കാര്യമായ ഇടപെടലുകളൊന്നുമുണ്ടാകുന്നില്ലെന്ന ആരോപണങ്ങള്‍ ശക്തമാണ്. കലാപ ബാധിത പ്രദേശം സന്ദര്‍ശിക്കാന്‍ പോലും പ്രധാനമന്ത്രി നരേന്ദ്ര മോദി തയാറാകുന്നില്ലെന്നും പ്രതിപക്ഷം ആരോപിക്കുന്നു. രാഷ്‌ട്രീയ മുതലെടുപ്പിനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന ആരോപണവുമുണ്ട്.
Also Read:മണിപ്പൂര്‍ സംഘര്‍ഷം: നിരോധനാജ്ഞ പ്രഖ്യാപിച്ചു, ബന്ദിന് ആഹ്വാനം ചെയ്‌ത് കുക്കി-സോ വിഭാഗം