ശൈത്യകാലം ആരംഭിച്ചു കഴിഞ്ഞു. ഇനിയങ്ങോട്ടുള്ള ദിവസങ്ങളിൽ ചർമ്മത്തെ വളരെ കരുതലോടെ സംരക്ഷിക്കേണ്ടത് അത്യാവശ്യമാണ്. അതിനാൽ ചർമ്മം വരണ്ടു പോകുന്നത് തടയേണ്ടതും ശരീരത്തിൽ ജലാംശം നിലനിർത്തേണ്ടതും വളരെ പ്രധാനമാണ്. തണുപ്പ് കാലത്ത് വായുവിലെ ഈർപ്പം വളരെ കുറവായിരിക്കും. ഇത് ചർമ്മത്തെ വരണ്ടതാക്കാൻ കാരണമാകും. കൂടാതെ ചൊറിച്ചിൽ, തൊലിയുരിയൽ എന്നിങ്ങനെയുള്ള അവസ്ഥയ്ക്കും ഇടയാക്കും. അതിനാൽ ചർമ്മത്തിന് കൂടുതൽ പരിചരണം ആവശ്യമായ സമയമാണിപ്പോൾ. ചർമ്മ സംരക്ഷണത്തിനായി എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് നോക്കാം.
ചൂടുവെള്ളത്തിൽ കുളിയ്ക്കുമ്പോൾ ശ്രദ്ധിക്കുക
ശൈത്യകാലത്ത് ചൂടുവെള്ളത്തിൽ കുളിക്കുമ്പോൾ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. അധികം ചൂടുള്ള വെള്ളത്തിൽ കുളിക്കുന്നത് ശരീരത്തെ ദോഷമായി ബാധിക്കും. അതിനാൽ കുളിക്കാൻ എപ്പോഴും ഇളം ചൂടുവെള്ളം മാത്രം ഉപയോഗിക്കുക. കൂടാതെ റൂമുകളിൽ ഹീറ്റർ ഉപയോഗിക്കുമ്പോൾ ഒരു പാത്രത്തിൽ വെള്ളം സൂക്ഷിക്കാൻ മറക്കരുത്. ഇത് വായുവിൽ ഈർപ്പം നിലനിർത്താനും ചർമ്മ പ്രശ്‌നങ്ങളുടെ സാധ്യത കുറയ്ക്കാനും സഹായിക്കും.
മോയ്‌സ്‌ചറൈസർ ഉപയോഗിക്കാം
വരണ്ട ചർമ്മം സംരക്ഷിക്കാൻ ഏറ്റവുമധികം സഹായിക്കുന്ന ഒന്നാണ് മോയ്‌സ്‌ചറൈസർ. ഇത് ചർമ്മത്തിൽ ഈർപ്പം നിലനിർത്താനും വരൾച്ച തടയാനും സഹായിക്കും. അതിനാൽ കുളി കഴിഞ്ഞതിന് ശേഷവും ഉറങ്ങുന്നതിനു മുമ്പായും മുഖത്തും ശരീരത്തിലും മോയ്‌സ്‌ചുറൈസർ പുരട്ടുക. മോയ്‌സ്‌ചുറൈസറായി പ്രകൃതിദത്ത എണ്ണകളും ഉപയോഗിക്കാം.
സ്‌ക്രബർ ഒഴിവാക്കുക
ശൈത്യകാലത്ത് സ്‌ക്രബർ ഉപയോഗിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. മുഖത്തെ സ്വാഭാവിക എണ്ണമയം ഇല്ലാതാക്കാനും ചർമ്മം വരണ്ടതാകാനും ഇത് കാരണമാകും. അതിനാൽ വീര്യം കുറഞ്ഞ ഫേസ് വാഷ്, സോപ്പ്, ബോഡി ഷാംപൂ എന്നിവ ഉപയോഗിക്കുക.
ധാരാളം വെള്ളം കുടിക്കുക
തണുപ്പ് കാലത്ത് ശരീരത്തിന് ആവശ്യമായ അളവിൽ വെള്ളം കുടിക്കാത്തവരാണ് മിക്കവരും. ശരീരത്തിൽ ജലാംശം കുറയുമ്പോൾ ചർമ്മ പ്രശ്‌നങ്ങൾ ഉണ്ടാകുന്നത് സാധാരണയാണ്. അതിനാൽ ചർമ്മത്തിൽ ഈർപ്പം നിലനിർത്താനും നിർജ്ജലീകരണം തടയാനും വെള്ളം കുടിക്കേണ്ടത് പ്രധാനമാണ്.
സൺസ്‌ക്രീൻ, ലിപ് ബാം
ചർമ്മ പ്രശ്‌നങ്ങൾ തടയാൻ ഗുണം ചെയ്യുന്ന ഒന്നാണ് സൺസ്‌ക്രീൻ. അതിനാൽ ശൈത്യകാലത്ത് ഇതിന്‍റെ ഉപയോഗം ചർമ്മത്തെ സംരക്ഷിക്കാൻ സഹായിക്കും. ചർമ്മ പരിപാലനം പോലെ ചുണ്ടുകളും സംരക്ഷിക്കേണ്ടത് പ്രധാനമാണ്. അതിനാൽ രാത്രി ഉറങ്ങുന്നതിന് മുമ്പ് ചുണ്ടുകളിൽ ലിപ് ബാം പുരട്ടുന്നത് നല്ലതാണ്. ഇത് ചുണ്ടുകൾ വരണ്ടുപോകുന്നത് തടയാൻ സഹായിക്കും.
ആരോഗ്യകരമായ ഭക്ഷണം
വിറ്റാമിനുകൾ, ആൻ്റി ഓക്‌സിഡൻ്റുകൾ, ഒമേഗ 3 ഫാറ്റി ആസിഡുകൾ എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കണം. പോഷകങ്ങൾ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ആരോഗ്യമുള്ള ചർമ്മം നിലനിർത്താൻ സഹായിക്കും. ഇത് ചർമ്മത്തിന് തിളക്കം നൽകാനും ഫലം ചെയ്യും.
ശ്രദ്ധിക്കുക: ഇവിടെ കൊടുത്തിരിക്കുന്ന എല്ലാ ആരോഗ്യ വിവരങ്ങളും നിർദ്ദേശങ്ങളും നിങ്ങളുടെ അറിവിലേക്കായി മാത്രമുള്ളതാണ്. ശാസ്ത്രീയ ഗവേഷണം, പഠനങ്ങൾ, ആരോഗ്യ പ്രൊഫഷണലുകൾ നൽകുന്ന ഉപദേശങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങൾ നൽകുന്നത്. എന്നാൽ, ഇവ പിന്തുടരുന്നതിന് മുമ്പ് ഒരു ഡോക്‌ടറുടെ നിർദേശം തേടേണ്ടതാണ്.
Also Read : തിളക്കമാർന്ന ചർമ്മം സ്വന്താക്കാം; ഇതാ കിടിലൻ ഫേസ് പാക്കുകൾ