കേരളം

kerala

ETV Bharat / bharat

'നിങ്ങൾ ഒരു ഹിന്ദുവല്ല'; രാഹുൽ ഗാന്ധിയുടെ പരാമർശത്തെച്ചൊല്ലി സഭയിൽ ബഹളം - Rahul Gandhi Attacks BJP in LS - RAHUL GANDHI ATTACKS BJP IN LS

18TH LOK SABHA 1ST SESSION  18ാം ലോക്‌സഭ ഒന്നാം സെഷൻ  രാഹുൽ ഗാന്ധി ലോക്‌സഭയിൽ  Rahul Gandhi vs PM Modi
Rahul Gandhi (Sansad TV)

By ETV Bharat Kerala Team

Published : Jul 1, 2024, 3:13 PM IST

Updated : Jul 1, 2024, 6:54 PM IST

ന്യൂഡൽഹി : 18-ാം ലോക്‌സഭയുടെ ഒന്നാം സമ്മേളനത്തിൻ്റെ അഞ്ചാം ദിവസമായ ജൂലൈ 01ന് ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷം. ഭയവും വിദ്വേഷവും അസത്യവും പ്രചരിപ്പിക്കാനുള്ളതല്ല ഹിന്ദുമതമെന്ന് ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. പിന്നാലെ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തി.

ഹിന്ദു സമൂഹത്തെ മുഴുവൻ അക്രമാസക്തമെന്ന് വിളിക്കുന്നത് ഗൗരവമേറിയ വിഷയമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. അതേസമയം ബിജെപിയും മോദിയുമല്ല മുഴുവൻ ഹിന്ദു സമൂഹമമെന്ന് രാഹുൽ ഗാന്ധി തിരിച്ചടിച്ചു. "കോടിക്കണക്കിന് ആളുകൾ ഹിന്ദുക്കളായതിൽ അഭിമാനിക്കുന്നു, അവരെല്ലാം അക്രമാസക്തരാണെന്ന് രാഹുൽ ഗാന്ധി കരുതുന്നുണ്ടോ?" എന്നായിരുന്നു പ്രതിപക്ഷ നേതാവിന്‍റെ പ്രസ്‌താവനയിൽ ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രതികരണം.

LIVE FEED

6:44 PM, 1 Jul 2024 (IST)

പ്രതിപക്ഷ അംഗങ്ങൾ ഡൽഹിയിൽ ഭരണഘടന പ്രതിസന്ധി സൃഷ്‌ടിക്കുന്നു; ബാൻസുരി സ്വരാജ്

ലോക്‌സഭയിലെ കന്നി പ്രസംഗത്തിൽ പ്രതിപക്ഷത്തെ വിമർശിച്ച് ബിജെപി എംപി ബാൻസുരി സ്വരാജ്. മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ തന്‍റെ കസേര വിടാതെ ജയിലിൽ നിന്ന് സർക്കാരിനെ നയിക്കുമെന്ന ഉറച്ച നിലപാടിൽ തുടരുന്നതിനാൽ ഡൽഹിയിൽ ഭരണ പ്രതിസന്ധി സൃഷ്‌ടിക്കുകയാണ്. കഴിഞ്ഞ 10 വർഷമായി നരേന്ദ്ര മോദി സർക്കാർ ആരംഭിച്ച വിവിധ പദ്ധതികളെക്കുറിച്ചും ബാൻസുരി സംസാരിച്ചു. നിരവധി രാജ്യങ്ങൾ യുദ്ധങ്ങളിൽ പൊരുതുമ്പോൾ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറുകയാണെന്നും അവർ പറഞ്ഞു. പാർലമെന്‍റിൽ സ്‌ത്രീകൾക്ക് 33 ശതമാനം സംവരണം വേണമെന്നത് തന്‍റെ ആഗ്രഹമാണെന്നും മുൻ കേന്ദ്രമന്ത്രി സുഷമ സ്വരാജിന്‍റെ മകൾ കൂടിയായ ബാൻസുരി സ്വരാജ് പറഞ്ഞു.

6:30 PM, 1 Jul 2024 (IST)

'അഞ്ച് മാനദണ്ഡങ്ങളില്‍ സർക്കാർ പരാജയം': മനീഷ് തിവാരി

ഏതൊരു സർക്കാരിനും അനിവാര്യമായ അഞ്ച് മാനദണ്ഡങ്ങൾ നൽകുന്നതിൽ ബിജെപി-എൻഡിഎ സർക്കാർ പരാജയപ്പെട്ടുവെന്ന് ചണ്ഡീഗഡിൽ നിന്നുള്ള കോൺഗ്രസ് എംപി മനീഷ് തിവാരി. ദേശീയ സുരക്ഷ, സാമ്പത്തിക വികസനം, സ്ഥാപനപരമായ പരിഷ്‌കാരങ്ങൾ, അന്താരാഷ്‌ട്ര കാര്യങ്ങൾ, നയതന്ത്രം, സാമുദായിക സൗഹാർദം എന്നിങ്ങനെയുള്ള പ്രധാനപ്പെട്ട കാര്യങ്ങൾ നൽകുന്നതിലാണ് കേന്ദ്ര സർക്കാർ പരാജയപ്പെട്ടതെന്ന് അദ്ദേഹം പറഞ്ഞു.

6:30 PM, 1 Jul 2024 (IST)

രാജ്യസഭ പിരിഞ്ഞു

ജൂലൈ 2 രാവിലെ 11 മണി വരേക്ക് രാജ്യസഭ പിരിഞ്ഞു.

5:52 PM, 1 Jul 2024 (IST)

രാഹുൽ ഗാന്ധി എല്ലാ ഹിന്ദുക്കളോടും ഉടൻ മാപ്പ് പറയണം: നദ്ദ

ലോക്‌സഭയിൽ എല്ലാ ഹിന്ദുക്കളെയും ''അക്രമാസക്തരാക്കി" നടത്തിയ പ്രസ്‌താവനയിൽ രാഹുൽ ഗാന്ധി ഉടൻ മാപ്പ് പറയണമെന്ന് കേന്ദ്രമന്ത്രിയും ബിജെപി ദേശീയ അധ്യക്ഷനുമായ ജെപി നദ്ദ. രാഹുൽ ഗാന്ധി പാർലമെന്‍ററി മാനദണ്ഡങ്ങൾ പഠിച്ചിട്ടില്ലെന്നും എക്‌സിൽ പങ്കുവച്ച പോസ്റ്റുകളിൽ നദ്ദ പറഞ്ഞു. 2024-ലെ ജനവിധി അദ്ദേഹത്തിന് മനസിലായിട്ടില്ലെന്ന് ഇന്നത്തെ പ്രസംഗം തെളിയിച്ചു എന്നും 'ആദ്യ ദിനം, ഏറ്റവും മോശം പ്രകടനം' എന്നും നദ്ദ കുറിച്ചു.

കൂടാതെ അദ്ദേഹത്തിന് ഒരു വിനയവും ഇല്ലെന്നും നദ്ദ ട്വീറ്റ് ചെയ്‌തു. 'ഹിന്ദുക്കളോടുള്ള ഈ അന്തർലീനമായ വിദ്വേഷം അവസാനിപ്പിക്കണം. അദ്ദേഹം വീണ്ടും വീണ്ടും പ്രഭാഷണത്തിന്‍റെ നിലവാരം കുറയ്‌ക്കുന്നു', നമ്മുടെ കഠിനാധ്വാനികളായ കർഷകരെയും ധീരരായ സായുധ സേനയേയും ബാധിക്കുന്ന വിഷയങ്ങൾ ഉൾപ്പടെ നിരവധി കാര്യങ്ങളിൽ പ്രതിപക്ഷം നുണ പറഞ്ഞുവെന്നും നദ്ദ കുറ്റപ്പെടുത്തി.

5:52 PM, 1 Jul 2024 (IST)

ഒരു ശിവഭക്തനും ഇത് സഹിക്കില്ല: രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിൽ ചിരാഗ് പസ്വാൻ

കോൺഗ്രസ് എംപി രാഹുൽ ഗാന്ധിയുടെ പാർലമെന്‍റിലെ പ്രസംഗത്തിൽ പ്രതികരിച്ച് കേന്ദ്രമന്ത്രി ചിരാഗ് പസ്വാൻ. 'ഒരു ശിവഭക്തനും ഇത് സഹിക്കില്ല. നിങ്ങൾക്ക് മതവികാരം വച്ചു കളിക്കാൻ കഴിയില്ല... ലോക്‌സഭാംഗമെന്ന നിലയിൽ അദ്ദേഹം വസ്‌തുതകളെ അടിസ്ഥാനമാക്കിയാകണം തന്‍റെ കാഴ്‌ചപ്പാടുകൾ മുന്നോട്ട് വയ്‌ക്കേണ്ടത്. എല്ലാ വിഷയങ്ങളിലും ആശയക്കുഴപ്പം സൃഷ്‌ടിക്കാനാണ് അദ്ദേഹം എപ്പോഴും ശ്രമിച്ചത്', ചിരാഗ് പസ്വാൻ പ്രതികരിച്ചു.

5:41 PM, 1 Jul 2024 (IST)

രാഹുലിന് ഹിന്ദുക്കളെ അപമാനിക്കാൻ കഴിയില്ല: പ്രിയങ്ക ഗാന്ധി

തന്‍റെ സഹോദരൻ ഹിന്ദുക്കളെ അപമാനിച്ചിട്ടില്ലെന്നും ബിജെപി എന്ന പാർട്ടിയേയും അതിന്‍റെ നേതാക്കളെയും കുറിച്ചാണ് സംസാരിക്കുന്നതെന്നും കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി വാദ്ര പറഞ്ഞു. "ഹിന്ദുക്കളെ അവഹേളിക്കാൻ അദ്ദേഹത്തിന് കഴിയില്ല. അദ്ദേഹം അത് വളരെ വ്യക്തമായി പറഞ്ഞു. അദ്ദേഹം ബിജെപിയെക്കുറിച്ചും ബിജെപി നേതാക്കളെക്കുറിച്ചുമാണ് സംസാരിച്ചത്," പ്രതിപക്ഷ നേതാവെന്ന നിലയിൽ രാഹുൽ ഗാന്ധിയുടെ കന്നി പ്രസംഗത്തിന് ശേഷം അമ്മ സോണിയ ഗാന്ധിയോടൊപ്പം പാർലമെന്‍റ് മന്ദിരത്തിൽ നിന്ന് ഇറങ്ങുന്നതിനിടെ ആയിരുന്നു പ്രിയങ്ക ഗാന്ധിയുടെ പ്രതികരണം.

5:30 PM, 1 Jul 2024 (IST)

കേരളത്തിലെ കടൽക്ഷോഭത്തെ ചെറുക്കുന്നതിന് സംവിധാനങ്ങൾ വേണം; തരൂർ

കേരളത്തിലെ സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നിൽക്കുന്ന തീരദേശ സമൂഹങ്ങളെ ബാധിക്കുന്ന കടൽക്ഷോഭത്തെ സർക്കാരിന്‍റെ ശ്രദ്ധയിൽപ്പെടുത്തി കോൺഗ്രസ് എംപി ശശി തരൂർ. പ്രശ്‌നം പരിഹരിക്കാൻ ശക്തമായ ഘടനകൾ ഉടൻ നിർമിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം റൂൾ 377 പ്രകാരം വിഷയം ലോക്‌സഭയിൽ ഉന്നയിക്കാൻ ആഗ്രഹിച്ചെങ്കിലും സ്‌പീക്കർ തങ്ങളെ സംസാരിക്കാൻ അനുവദിച്ചില്ലെന്ന് ശശി തരൂർ എംപി പറഞ്ഞു.

5:21 PM, 1 Jul 2024 (IST)

ചർച്ചയ്‌ക്കിടെ അഭിപ്രായം പറഞ്ഞതിന് അംഗത്തെ ശകാരിച്ച് സ്‌പീക്കർ

ഡിഎംകെ നേതാവ് ദയാനിധി മാരനെ ശകാരിച്ച് സ്‌പീക്കർ ഓം ബിർള. ചർച്ചയ്‌ക്കിടെ അഭിപ്രായം പറഞ്ഞതിനായിരുന്നു സ്‌പീക്കറുടെ ശകാരം. ആരെങ്കിലും സംസാരിക്കുമ്പോൾ അഭിപ്രായം പറയുന്നത് ദയാനിധി മാരന് ഒരു ശീലമായി മാറിയെന്ന് സ്‌പീക്കർ പറഞ്ഞു. ബിജെപി നേതാവ് അനുരാഗ് താക്കൂർ രാഷ്‌ട്രപതിയുടെ അഭിസംബോധനയ്‌ക്കുള്ള നന്ദി പ്രമേയ ചർച്ചയ്‌ക്ക് തുടക്കമിടുമ്പോഴായിരുന്നു അദ്ദേഹത്തിന്‍റെ പരാമർശം.

5:21 PM, 1 Jul 2024 (IST)

ബിർളയെ സഹായിക്കാൻ ചെയർപേഴ്‌സൺമാരുടെ പാനൽ

ലോക്‌സഭ സ്‌പീക്കർ ഓം ബിർളയെ സഭ നടപടികൾ നടത്താൻ സഹായിക്കാൻ ചെയർപേഴ്‌സൺമാരുടെ ഒരു പാനലിനെ നിയമിച്ചു. ജഗദാംബിക പാൽ, പി സി മോഹൻ, സന്ധ്യ റായ്, ദിലീപ് സൈകിയ, എ രാജ, കക്കോലി ഘോഷ് ദസ്‌തിദാർ, കൃഷ്‌ണ പ്രസാദ്, അവധേഷ് പ്രസാദ് എന്നിവരാണ് പാനലിൽ ഉൾപ്പെട്ടിരിക്കുന്നത്. സ്‌പീക്കർ ചെയറിലില്ലാത്ത സമയങ്ങളിൽ ചെയർപേഴ്‌സൺമാരുടെ പാനലാണ് സഭ നടപടികൾക്ക് നേതൃത്വം നൽകുന്നത്. സ്‌പീക്കറിൽ നിക്ഷിപ്തമായ എല്ലാ അധികാരങ്ങളും അവർക്കും ഉണ്ടായിരിക്കും.

5:14 PM, 1 Jul 2024 (IST)

എന്‍ജിനിയർ റാഷിദിനെ എംപിയായി സത്യപ്രതിജ്ഞ ചെയ്യാൻ അനുവദിക്കാമെന്ന് എൻഐഎ, കോടതി നാളെ ഉത്തരവിടും

എന്‍ജിനിയർ റാഷിദ് എന്നറിയപ്പെടുന്ന, ജയിലിൽ കഴിയുന്ന കശ്‌മീരി നേതാവും പുതുതായി തെരഞ്ഞെടുക്കപ്പെട്ട എംപിയുമായ ഷെയ്‌ഖ് അബ്‌ദുല്‍ റാഷിദ്, ജൂലൈ 5ന് സത്യപ്രതിജ്ഞ ചെയ്‌തേക്കും. ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) പ്രത്യേക കോടതിക്ക് മുമ്പാകെ സമ്മതം നൽകിയതിന് ശേഷം കേസിൽ അഡിഷണൽ സെഷൻസ് ജഡ്‌ജി ചന്ദർ ജിത് സിങ് ചൊവ്വാഴ്‌ച ഉത്തരവിടും.

2017-ലെ ജമ്മു കശ്‌മിർ തീവ്രവാദ ഫണ്ടിങ് കേസിൽ അറസ്റ്റിലായ റാഷിദ് ബാരാമുള്ളയിൽ നിന്നുള്ള സ്വതന്ത്ര എംപിയാണ്. സത്യപ്രതിജ്ഞ ചെയ്‌ത് പാർലമെന്‍റ് പ്രവർത്തനങ്ങൾ നിർവഹിക്കുന്നതിന് ഇടക്കാല ജാമ്യമോ അല്ലെങ്കിൽ കസ്റ്റഡി പരോളോ ആവശ്യപ്പെട്ട് റാഷിദ് കോടതിയെ സമീപിച്ചിരുന്നു. ജൂൺ 22ന് പ്രത്യേക കോടതി കേസ് മാറ്റിവയ്‌ക്കുകയും എൻഐഎയോട് പ്രതികരണം അറിയിക്കാൻ ആവശ്യപ്പെടുകയും ചെയ്‌തിരുന്നു.

5:08 PM, 1 Jul 2024 (IST)

നന്ദിപ്രമേയത്തിന് പ്രധാനമന്ത്രി മോദി ചൊവ്വാഴ്‌ച മറുപടി നൽകിയേക്കും

പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്‌ച നാഷണൽ ഡെമോക്രാറ്റിക് അലയൻസിന്‍റെ (എൻഡിഎ) പാർലമെന്‍ററി പാർട്ടി യോഗത്തെ അഭിസംബോധന ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. മൂന്നാം തവണയും അധികാരമേറ്റതിന് ശേഷം പാർലമെന്‍റിന്‍റെ ആദ്യ സമ്മേളനത്തിൽ ഭരണകക്ഷിയിലെ എംപിമാരോട് അദ്ദേഹം നടത്തുന്ന ആദ്യ പ്രസംഗമാകുമിത്. പാർലമെന്‍റിന്‍റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്‌ത് പ്രസിഡന്‍റ് ദ്രൗപതി മുർമു നടത്തിയ പ്രസംഗത്തിനുള്ള നന്ദി പ്രമേയത്തിന്മേൽ ലോക്‌സഭയിലും രാജ്യസഭയിലും ചർച്ചകൾ നടക്കുന്നതിനിടെയാണ് എൻഡിഎ യോഗം. ഇരുസഭകളിലെയും ചർച്ചകൾക്ക് മോദി മറുപടി നൽകുമെന്നാണ് കരുതുന്നത്.

അതേസമയം എൻഡിഎ ചൊവ്വാഴ്‌ചത്തെ യോഗത്തെക്കുറിച്ച് ബിജെപിയുടെയും സഖ്യകക്ഷികളുടെയും എല്ലാ പാർലമെൻ്റ് അംഗങ്ങൾക്കും അറിയിപ്പ് ലഭിച്ചിട്ടുണ്ടെന്നും അതിൽ പങ്കെടുക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്‌തു.

4:56 PM, 1 Jul 2024 (IST)

'പാർലമെന്‍റിലെ കാമറ മാജിക്' ചോദ്യം ചെയ്‌ത് രാഹുൽ ഗാന്ധി

താൻ ചിത്രം കാണിക്കുമ്പോഴെല്ലാം കാമറ നീങ്ങുന്നത് എന്തുകൊണ്ടാണെന്ന് പർലമെന്‍റിൽ ചോദിച്ച് രാഹുൽ ഗാന്ധി. ശിവന്‍റെ ചിത്രം കാണിക്കുമ്പോഴെല്ലാം നടപടിക്രമങ്ങൾ പകർത്തുന്ന കാമറ ചിത്രീകരണം നിർത്തുന്നത് എന്തുകൊണ്ടാണെന്ന് അദ്ദേഹം ചോദിച്ചു. താൻ എന്താണ് ഉദ്ദേശിച്ചതെന്ന് കാണിക്കാൻ രാഹുൽ വീണ്ടും ചിത്രം എടുത്തപ്പോൾ തന്നെ കാമറ സ്‌പീക്കറിലേക്ക് കട്ട് ചെയ്‌ത് മാറിയതിന്‍റെ വീഡിയോയും പുറത്തുവന്നു. "പാർലമെന്‍റിൽ കാമറ എങ്ങനെ പ്രവർത്തിക്കുന്നു, മാജിക് കാണുക" എന്ന അടിക്കുറിപ്പോടെയാണ് കോൺഗ്രസ് വീഡിയോ എക്‌സിൽ പോസ്റ്റ് ചെയ്‌തത്.

4:31 PM, 1 Jul 2024 (IST)

'ദൈവങ്ങളോട് അഹങ്കാരത്തോടെ പെരുമാറിയാൽ നിങ്ങൾ ശിക്ഷിക്കപ്പെടും': ടിഎംസി എംപി മഹുവ മൊയ്‌ത്ര

ലോക്‌സഭയിൽ രാഷ്‌ട്രപതിയുടെ പ്രസംഗത്തിൽ സംസാരിച്ച് കൃഷ്‌ണനഗറിൽ നിന്നുള്ള ടിഎംസി എംപി മഹുവ മൊയ്ത്ര. ഒരു എംപിയുടെ ശബ്‌ദം അടിച്ചമർത്തുന്നതിന് ഭരണകക്ഷിക്ക് വലിയ വില നൽകേണ്ടി വന്നിട്ടുണ്ടെന്ന് അവർ പറഞ്ഞു. "2023 അവസാനത്തോടെ സർക്കാർ ധാർഷ്‌ട്യത്തിന്‍റെ പരകോടിയിൽ എത്തിയിരുന്നു. നിങ്ങൾ ദൈവങ്ങളോട് അഹങ്കാരത്തോടെ പ്രവർത്തിച്ചാൽ നിങ്ങൾ ശിക്ഷിക്കപ്പെടും," എൻഡിഎ സർക്കാരിനെതിരെ മഹുവ ആഞ്ഞടിച്ചു.

സ്വേച്ഛാധിപത്യത്തെ ഏറെക്കുറെ പരിപൂർണമാക്കുന്നതിലാണ് ഗവൺമെന്‍റ് കഴിഞ്ഞ അഞ്ച് വർഷം ചെലവഴിച്ചത്. എന്നാൽ ഭരിക്കുന്ന പാർട്ടിയുടെ വിധി മാറിയപ്പോൾ വഴിത്തിരിവായി. ദൈവങ്ങളോട് അഹങ്കാരത്തോടെ പെരുമാറിയാൽ ശിക്ഷിക്കപ്പെടും. ഞങ്ങൾക്ക് ഇന്ത്യയിൽ 33,000 ദൈവങ്ങളുണ്ട്, എന്നാൽ നമ്മുടെ ജനാധിപത്യത്തിൽ അവരിൽ ഏറ്റവും പരമമായത് ജനങ്ങളുടെ നാഥനായ 'ഗണദേവത'യാണ്, അവർ നിങ്ങളെ ശിക്ഷിച്ചു," ടിഎംസി എംപി പറഞ്ഞു.

4:21 PM, 1 Jul 2024 (IST)

ഖാർഗെയുടെ പരാമർശങ്ങൾ ഒഴിവാക്കി രാജ്യസഭ അധ്യക്ഷൻ

രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തെരഞ്ഞെടുപ്പ് പ്രസംഗങ്ങളെ വിമർശിക്കുകയും ഭരണകക്ഷിയായ ബിജെപിയുടെ സൈദ്ധാന്തിക മാതാവായ ആർഎസ്എസിനെതിരെ ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്‌തു. എന്നാൽ അദ്ദേഹത്തിന്‍റെ മിക്ക പരാമർശങ്ങളും ചെയർമാൻ ജഗ്‌ദീപ് ധൻഖർ നീക്കി. രാജ്യത്തിനുവേണ്ടി പ്രവർത്തിക്കുന്നതിൽ ഏർപ്പെട്ടിരിക്കുന്ന സംഘടനയെന്ന് ആർഎസ്എസിനെ വിശേഷിപ്പിച്ചാണ് ധൻഖർ പ്രതിരോധം തീർത്തത്. രാഷ്‌ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയത്തിൽ പാർലമെന്‍റിന്‍റെ ഉപരിസഭയിൽ നടത്തിയ പ്രസംഗത്തിൽ, കോൺഗ്രസ് അധ്യക്ഷൻ ഖാർഗെ തെരഞ്ഞെടുപ്പ് റാലികളിൽ മോദി നടത്തിയ പരാമർശങ്ങൾ ഉയർത്തിക്കാട്ടി. അതേസമയം രാജ്യസഭ ചെയർമാൻ ഖാർഗെയോട് തന്‍റെ വാദങ്ങൾ ആധികാരികമാക്കാൻ ആവശ്യപ്പെട്ടു. കോൺഗ്രസ് നേതാവ് തന്‍റെ പോയിന്‍റുകൾ ഊന്നിപ്പറയാൻ കാണികച്ച പത്രകട്ടിങ്ങുകൾ സ്വീകരിക്കാൻ അദ്ദേഹം വിസമ്മതിക്കുകയും ചെയ്‌തു.

4:21 PM, 1 Jul 2024 (IST)

'പ്രതിപക്ഷം ശത്രുവല്ല, നിങ്ങളുടെ ജോലി എളുപ്പമാക്കാൻ ഞങ്ങൾ ഇവിടെയുണ്ട്'; രാഹുൽ ഗാന്ധി

പ്രതിപക്ഷം നിങ്ങളുടെ ശത്രുവല്ലെന്നും നിങ്ങളുടെ ജോലി എളുപ്പമാക്കാനാണ് തങ്ങൾ വന്നിരിക്കുന്നതെന്നും ലോക്‌സഭയിൽ ട്രഷറി ബെഞ്ചിലെ അംഗങ്ങളോട് രാഹുൽ ഗാന്ധി പറഞ്ഞു. കേന്ദ്ര ഗവൺമെന്‍റിനെതിരെ ആഞ്ഞടിച്ച രാഹുൽ സർക്കാർ പ്രതിനിധീകരിക്കുന്നത് അസത്യത്തെയും തികഞ്ഞ ധൈര്യക്കുറവിനെയും ആക്രമണത്തെയുമാണെന്നും കുറ്റപ്പെടുത്തി.

4:12 PM, 1 Jul 2024 (IST)

'എനിക്ക് കൈ തന്നപ്പോൾ നിങ്ങൾ നിവർന്നു നിന്നു, മോദിയെ വണങ്ങി': സ്‌പീക്കറോട് രാഹുൽ ഗാന്ധി

ലോക്‌സഭ സ്‌പീക്കർ ഓം ബിർളയെ ചോദ്യം ചെയ്‌ത് രാഹുൽ ഗാന്ധി. സ്‌പീക്കറായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട ദിവസം പ്രധാനമന്ത്രി മോദിയുമായി ഹസ്‌തദാനം ചെയ്യുമ്പോൾ എന്തുകൊണ്ടാണ് 'കുനിഞ്ഞ് വണങ്ങി'യതെന്ന് രാഹുൽ ചോദിച്ചു. 'ഞാൻ കൈ തന്നപ്പോൾ നിങ്ങൾ നേരെ നിന്നു. പക്ഷേ പ്രധാനമന്ത്രി മോദിയുടെ കൈ കുലുക്കുമ്പോൾ നിങ്ങൾ തലകുനിച്ചു', രാഹുൽ പറഞ്ഞു. പിന്നാലെ രാഹുലിന്‍റെ പ്രസ്‌താവനയെ ബിജെപി നേതാക്കൾ ചോദ്യം ചെയ്‌തത് സഭയിൽ ബഹളത്തിന് വഴിവച്ചു. ഒടുവിൽ വിശദീകരണവുമായി സ്‌പീക്കർ എത്തി. തന്നെക്കാൾ മുതിർന്ന ഒരാളെ വണങ്ങണമെന്നാണ് തന്‍റെ സംസ്‌കാരം പറയുന്നതെന്ന് ബിർള പറഞ്ഞു.

4:01 PM, 1 Jul 2024 (IST)

പുതിയ ക്രിമിനൽ നിയമങ്ങൾ പുനഃപരിശോധിക്കണമെന്ന് പ്രതിപക്ഷം, വിമർശിച്ച് രാജ്യസഭ എംപി

ജൂലൈ 1 തിങ്കളാഴ്‌ച മുതൽ പ്രാബല്യത്തിൽ വന്ന പുതിയ ക്രിമിനൽ നിയമങ്ങൾ പുനഃപരിശോധിക്കണമെന്ന പ്രതിപക്ഷത്തിന്‍റെ ആവശ്യത്തെ രാജ്യസഭ എംപിയും മുതിർന്ന അഭിഭാഷകനുമായ മഹേഷ് ജഠ്‌മലാനി വിമർശിച്ചു. 'ഇത് എന്തിന് പുനഃപരിശോധിക്കണം? ഈ രാജ്യത്തെ പരമോന്നത നിയമനിർമ്മാണ സമിതിയാണ് നിയമം പാസാക്കിയത്'. രാഷ്‌ട്രപതിയുടെ അംഗീകാരം ലഭിച്ചിട്ടുണ്ടെന്നും വിജ്ഞാപനം പുറപ്പെടുവിച്ചതാണെന്നും മഹേഷ് ജഠ്‌മലാനി ചൂണ്ടിക്കാട്ടി. ഈ സർക്കാർ കൊണ്ടുവരുന്ന നല്ലതോ ചീത്തയോ ആയ എല്ലാറ്റിനെയും പ്രതിപക്ഷം എതിർക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

3:52 PM, 1 Jul 2024 (IST)

'മോദി ജി, എഴുതിവച്ചോളൂ... ഇത്തവണ ഇന്ത്യ ബ്ലോക്ക് ഗുജറാത്തിൽ നിങ്ങളെ പരാജയപ്പെടുത്തും'; രാഹുൽ ഗാന്ധി

ഗുജറാത്ത് തെരഞ്ഞെടുപ്പിൽ ഇന്ത്യ സഖ്യം ബിജെപിയെ പരാജയപ്പെടുത്തുമെന്ന് ലോക്‌സഭയിൽ നടത്തിയ പ്രസംഗത്തിൽ രാഹുൽ ഗാന്ധി. "മോദി ജീ, ദയവായി എഴുതിവച്ചോളൂ... ഇത്തവണ ഇന്ത്യ സഖ്യം ഗുജറാത്തിൽ നിങ്ങളെ പരാജയപ്പെടുത്താൻ പോകുകയാണ്," -രാഹുൽ പറഞ്ഞു.

3:52 PM, 1 Jul 2024 (IST)

'ബിജെപി ന്യൂനപക്ഷങ്ങളെ ഭീഷണിപ്പെടുത്തുന്നു, വിദ്വേഷം പരത്തുന്നു'

ബിജെപി ന്യൂനപക്ഷങ്ങളെ ഭീഷണിപ്പെടുത്തുന്നുവെന്നും മുസ്‌ലിങ്ങൾക്കും സിഖുകാർക്കും ക്രിസ്‌ത്യാനികൾക്കും എതിരെ വിദ്വേഷവും അക്രമവും പ്രചരിപ്പിക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ന്യൂനപക്ഷങ്ങൾ എല്ലാ മേഖലകളിലും ഇന്ത്യയെ പ്രതിനിധീകരിക്കുന്നവരാണെന്നും രാജ്യത്തിന് അഭിമാനം നൽകുന്നവരാണെന്നും അദ്ദേഹം പറഞ്ഞു. "അവർ രാജ്യത്തോടൊപ്പം പാറപോലെ നിൽക്കുന്നു, രാജ്യസ്‌നേഹികളാണ്," രാഹുൽ ഗാന്ധി പറഞ്ഞു.

3:48 PM, 1 Jul 2024 (IST)

'നീറ്റ് പ്രൊഫഷണൽ പരീക്ഷയല്ല, സമ്പന്നരായ വിദ്യാർഥികൾക്ക് അനുയോജ്യമായ വാണിജ്യ പരീക്ഷ'

കർഷകർ, സ്‌ത്രീകൾ, സൈനികർ, കർഷകർ, യുവാക്കൾ, വിദ്യാർഥികൾ എന്നിങ്ങനെ എല്ലാവർക്കും ഭയമാണ് ബിജെപി സർക്കാർ സമ്മാനിച്ചതെന്ന് രാഹുൽ ഗാന്ധി. നീറ്റ് ഒരു പ്രൊഫഷണൽ പരീക്ഷയല്ലെന്നും അദ്ദേഹം പറഞ്ഞു. 'നീറ്റ് ഒരു വാണിജ്യ പരീക്ഷയാണ്, ഇത് സമ്പന്നരായ വിദ്യാർഥികൾക്ക് വേണ്ടിയുള്ളതാണ്. വിദ്യാർഥികളുടെ ഭാവിയിൽ താത്പര്യമില്ലാത്തതിനാൽ സർക്കാർ നീറ്റ് ചർച്ച അനുവദിക്കുന്നില്ല,' രാഹുൽ പറഞ്ഞു.

3:42 PM, 1 Jul 2024 (IST)

'നോട്ട് നിരോധനവും തെറ്റായ ജിഎസ്‌ടിയും രാജ്യത്തെ തൊഴിലവസരങ്ങളുടെ നട്ടെല്ല് തകർത്തു'

നോട്ട് അസാധുവാക്കലും തെറ്റായ ജിഎസ്‌ടിയും കാരണം രാജ്യത്തെ തൊഴിലവസരങ്ങൾ എൻഡിഎ സർക്കാർ തകർത്തുവെന്ന് രാഹുൽ ഗാന്ധി. കർഷകരോടുള്ള സർക്കാരിന്‍റെ പെരുമാറ്റത്തെയും അദ്ദേഹം ചോദ്യം ചെയ്‌തു. കർഷകരെ "ഭീകരവാദികൾ" എന്നാണ് കേന്ദ്രം വിളിച്ചതെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. പിന്നാലെ രാഹുലിന്‍റെ പ്രസ്‌താവനയെ ചോദ്യം ചെയ്‌ത അമിത് ഷായുടെ നേതൃത്വത്തിലുള്ള ബിജെപി നേതാക്കൾ ആരോപണത്തിന് തെളിവ് നൽകാനും ആവശ്യപ്പെട്ടു.

3:29 PM, 1 Jul 2024 (IST)

അഗ്‌നിപഥ് വിഷയത്തിൽ സർക്കാരിന് വിമർശനം

ലോക്‌സഭയിയിൽ അഗ്നിപഥ് വിഷയം ചൂണ്ടിക്കാട്ടി സർക്കാരിനെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി. സർക്കാരിനെ സംബന്ധിച്ചിടത്തോളം അഗ്നിവീർ എന്നത് 'യൂസ് ആൻഡ് ത്രോ ലേബർ' ആണെന്ന് രാഹുൽ ഗാന്ധി പരിഹസിച്ചു. അഗ്‌നിപഥ് പദ്ധതി പ്രധാനമന്ത്രി മോദിയുടെ തലയിൽ പിറന്നതാണെന്നും മറിച്ച് സായുധ സേനയുടെതല്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു. അഗ്നിപഥ് പദ്ധതി സായുധ സേനയ്‌ക്കും ദേശസ്‌നേഹികൾക്കും എതിരാണെന്ന് തങ്ങൾ കരുതുന്നതിനാൽ തങ്ങളുടെ സർക്കാർ വരുമ്പോൾ, അത് റദ്ദാക്കുമെന്ന് രാഹുൽ പറഞ്ഞു. എന്നാൽ പ്രതിപക്ഷം സഭയെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് പ്രതികരിച്ചു.

3:22 PM, 1 Jul 2024 (IST)

'പ്രധാനമന്ത്രി എന്നെ വന്ദിക്കുകയോ പുഞ്ചിരിക്കുകയോ ചെയ്യുന്നില്ല': രാഹുൽ ഗാന്ധി

രാജ്യത്തെ ജനങ്ങളെ മാത്രമല്ല, ബിജെപി നേതാക്കളെയും 'ഭയപ്പെടുത്തുന്ന' പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ അഭിവാദ്യം ചെയ്യുകയോ സഭയിൽ പുഞ്ചിരിക്കുകയോ ചെയ്യുന്നില്ലെന്ന് രാഹുൽ ഗാന്ധി. "ഇന്ന് രാവിലെ, രാജ്‌നാഥ് സിങ് എന്നെ അഭിവാദ്യം ചെയ്‌തു. പക്ഷേ പ്രധാനമന്ത്രി മോദി ഉള്ളപ്പോൾ അദ്ദേഹം അത് ചെയ്യുന്നില്ല', രാഹുൽ പറഞ്ഞു. പിന്നാലെ, പ്രതിപക്ഷ നേതാവിനെ അതീവ ഗൗരവത്തോടെ കാണാനാണ് ഭരണഘടന തന്നെ പഠിപ്പിച്ചതെന്ന് മോദി പ്രതികരിച്ചു.

3:13 PM, 1 Jul 2024 (IST)

പ്രതിപക്ഷത്തിരിക്കുന്നതിൽ സന്തോഷവും അഭിമാനവും

പ്രതിപക്ഷത്തിരിക്കുന്നതിൽ സന്തോഷവും അഭിമാനവുമെന്ന് രാഹുൽ ഗാന്ധി. തങ്ങളെ സംബന്ധിച്ച് അധികാരത്തേക്കാൾ വലുത് സത്യമാണെന്നും അദ്ദേഹം പറഞ്ഞു. ഇതിനിടെ രാഹുൽ ഗാന്ധി ശിവൻ്റെ ചിത്രം കാണിച്ചതിന് പിന്നാലെ പ്ലക്കാർഡുകൾ പ്രദർശിപ്പിക്കാൻ ചട്ടങ്ങൾ അനുവദിക്കില്ലെന്ന് സ്‌പീക്കർ ഓം ബിർള പറഞ്ഞു. എല്ലാ മതങ്ങളും ധൈര്യത്തെക്കുറിച്ചാണ് പറയുന്നതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.

Last Updated : Jul 1, 2024, 6:54 PM IST

ABOUT THE AUTHOR

...view details