നാഗ്‌പൂർ:പൂച്ചയുടെ കടിയേറ്റ് 11 വയസുകാരൻ മരിച്ചു. നാഗ്‌പൂരിലെ ഹിംഗാന താലൂക്കിലെ ഉഖ്‌ലി ഗ്രാമത്തിൽ താമസിക്കുന്ന ശ്രേയാൻഷു കൃഷ്‌ണ പെൻഡം എന്ന കുട്ടിയാണ് മരിച്ചത്. സുഹൃത്തുക്കളോടൊപ്പം കളിക്കുന്നതിനിടെയാണ് കുട്ടി പൂച്ചയുടെ ആക്രമണത്തിന് ഇരയായത്.
സുഹൃത്തുക്കളോടൊപ്പം കളിക്കാന്‍ പോയ കുട്ടി വൈകുന്നേരം വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് അമ്മയോട് പൂച്ചയുടെ ആക്രമണത്തെ കുറിച്ച് പറയുന്നത്. പൂച്ച തന്നെ ആക്രമിച്ച് കാലിൽ കടിച്ചെന്നാണ് കുട്ടി പറഞ്ഞത് (11 Years Old Boy Dies After Being Bitten By Cat In Nagpur).
കുറച്ച് സമയത്തിന് ശേഷം കുട്ടിക്ക് ഓക്കാനം അനുഭവപ്പെടുകയും ഛർദ്ദിക്കുകയും ചെയ്‌തു. ഉടനെ തന്നെ മാതാപിതാക്കൾ കുട്ടിയെ ഹിംഗാനയിലെ ലതാ മങ്കേഷ്‌കർ ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാൽ കുട്ടി മരിച്ചതായി ഡോക്‌ടർമാർ അറിയിച്ചു.
ശ്രേയാൻഷുവിൻ്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി എയിംസ് ആശുപത്രിയിലേക്ക് മാറ്റി. ഹിംഗാന പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ കുട്ടിയുടെ മരണ കാരണം വ്യക്തമാകൂവെന്ന് പൊലീസ് അറിയിച്ചു (11 Years Old Boy Dies After Being Bitten By Cat In Nagpur).
ഡോക്‌ടർമാരുടെ അഭിപ്രായത്തിൽ പൂച്ചയുടെ കടിയേറ്റുള്ള മരണം വളരെ അപൂർവമാണ്. "പൂച്ചയുടെ കടിയേറ്റാൽ ഇത്രയും സമയത്തിനുള്ളിൽ ഒരു രോഗി മരിക്കാൻ സാധ്യതയില്ല. പൂച്ച അവനെ ആക്രമിച്ചപ്പോൾ കുട്ടി ഭയന്ന് പരിഭ്രാന്തനായി ഛർദ്ദിക്കാൻ തുടങ്ങി. ഇത് അവൻ്റെ ശ്വാസനാളത്തിൽ പ്രവേശിച്ചിരിക്കാം. ശ്വാസംമുട്ടിയാണ് കുട്ടി മരിച്ചത്. കൂടാതെ, ഏതെങ്കിലും വിഷ പ്രാണിയുടെ കടിയേറ്റതാകാനുമാണ് സാധ്യത," ഒരു ഡോക്‌ടർ പറഞ്ഞു.
സംഭവം വളരെ ദാരുണമാണ്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് കണ്ടാലേ മരണകാരണം വ്യക്തമാകൂവെന്ന് താലൂക്ക് മെഡിക്കൽ ഓഫീസർ പ്രവീൺ പദ്‌വെ വ്യക്തമാക്കി.