ഹൈദരാബാദ്:വിവോയുടെ രണ്ട് പുതിയ സ്‌മാർട്ട്‌ഫോണുകൾ കൂടി ലോഞ്ചിനൊരുങ്ങുന്നു. വിവോ ടി4എക്‌സ് 5ജി, വിവോ വൈ59 5ജി എന്നിങ്ങനെ രണ്ട് മോഡലുകളാണ് ഇന്ത്യയിൽ അവതരിപ്പിക്കാനൊരുങ്ങുന്നത്. ഈ രണ്ട് ഫോണുകളും ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ് സർട്ടിഫിക്കേഷൻ വെബ്‌സൈറ്റിൽ (ബിഐഎസ്) ലിസ്റ്റ് ചെയ്‌തിട്ടുണ്ട്. വിവോയുടെ വി50, Y19e എന്നീ മോഡലുകൾ ഫെബ്രുവരിയിൽ പുറത്തിറക്കുമെന്ന് അടുത്തിടെ റിപ്പോർട്ടുകൾ വന്നിരുന്നു. അതിനിടെയാണ് പുതിയ മറ്റ് രണ്ട് സ്‌മാർട്ട്‌ഫോണുകൾ കൂടി ബിഐഎസ് ലിസ്റ്റ് ചെയ്‌തത്.
കൺസ്യൂമർ റിസർച്ച് പോർട്ടലായ മൈ സ്‌മാർട്ട് പ്രൈസിൻ്റെ റിപ്പോർട്ട് അനുസരിച്ച് V2437, V2443 എന്നീ നമ്പറുകളിൽ വിവോയുടെ രണ്ട് ഫോണുകൾ ബിഐഎസ് വെബ്‌സൈറ്റിൽ കണ്ടെത്തിയിട്ടുണ്ട്. അവ യഥാക്രമം വിവോ ടി4എക്‌സ്, വൈ59 എന്നീ ഫോണുകളാകാനാണ് സാധ്യത. ഈ രണ്ട് ഫോണുകളും ഉടൻ തന്നെ ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്നാണ് ബിഐഎസ് ലിസ്റ്റിങ് സൂചിപ്പിക്കുന്നത്. എന്നാൽ ഈ ഫോണുകളെ സംബന്ധിച്ച് വെബ്‌സൈറ്റിൽ യാതൊരു വിവരവും നൽകിയിട്ടില്ല.
പ്രതീക്ഷിക്കാവുന്ന ഫീച്ചറുകൾ:2024 ഏപ്രിലിൽ ലോഞ്ച് ചെയ്‌ത വിവോ ടി3 എക്‌സ് 5ജി ഫോണിന്‍റെ പിൻഗാമിയായി ആയിരിക്കും വിവോ ടി4 എക്‌സ് 5ജി ലോഞ്ച് ചെയ്യുക. ടി3 എക്‌സിൽ പ്രോസസറായി സ്‌നാപ്ഡ്രാഗൺ 6 Gen 1 SoC ചിപ്‌സെറ്റാണ് ഉപയോഗിച്ചത്. 6.72 ഇഞ്ച് 120 ഹെട്‌സ് എച്ച്‌ഡി എൽഇഡി സ്‌ക്രീൻ, 6000 എംഎഎച്ച് ബാറ്ററി, 44 വാട്ട് ഫാസ്റ്റ് ചാർജിങ്, 50 എംപി+2 എംപി റിയർ ക്യാമറ സജ്ജീകരണം, 8 മുൻ ക്യാമറ, ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള ഫൺടച്ച് ഒഎസ് 14 എന്നിവയാണ് ഈ ഫോണിൽ ഫീച്ചർ ചെയ്യുന്നത്. ഇത്രയും ഫീച്ചറുകളുള്ള വിവോ ടി3 എക്‌സിന്‍റെ പിൻഗാമിയായ വിവോ ടി4 എക്‌സിൽ കൂടുതൽ ഫീച്ചറുകളുണ്ടാകുമെന്നതിൽ സംശയമില്ല.