ഹൈദരാബാദ്:രാജ്യത്തെ ജനപ്രിയ ഇലക്‌ട്രിക് ഇരുചക്ര വാഹന നിർമാതാക്കളാണ് ഒല. വാഹന നിർമാണത്തിലേക്ക് കടക്കുമ്പോൾ തങ്ങൾക്ക് ഇത്രയും സ്വീകാര്യത ലഭിക്കുമെന്ന് ഒല പോലും കരുതിക്കാണില്ല. ഇന്ത്യയിലെ ഏറ്റവും വലിയ ഇലക്‌ട്രിക് ടൂവീലർ നിർമാതാക്കളായി തുടരുകയാണ് കമ്പനി ഇപ്പോൾ.
തങ്ങളുടെ പുതിയ മോഡലുകളും ഓഫറുകളുമായി ഇടയ്‌ക്കിടെ എത്താറുണ്ട് ഒല. തങ്ങളുടെ എസ് 1 പ്രോ മോഡലിന്‍റെ 'സോന' ലിമിറ്റഡ് എഡിഷൻ പരിചയപ്പെടുത്തിയിരിക്കുകയാണ് കമ്പനി ഇപ്പോൾ. പുതിയ ലിമിറ്റഡ് എഡിഷൻ മോഡലിന് സ്വർണം എന്നർത്ഥം വരുന്ന 'സോന' എന്ന പേര് കമ്പനി നൽകിയത് വെറുതെയൊന്നുമല്ല. പേര് പോലെ തന്നെ സ്‌കൂട്ടറിന്‍റെ പല ഘടകങ്ങളിലും സ്വർണ മൂലകങ്ങൾ ഉപയോഗിച്ചിട്ടുണ്ട്.
വാഹനം എങ്ങനെ സ്വന്തമാക്കാം?
പുതിയ മാർക്കറ്റിങ് കാമ്പയിനിന്‍റെ ഭാഗമായാണ് എസ് 1 പ്രോ സോന ലിമിറ്റഡ് എഡിഷൻ അവതരിപ്പിച്ചത്. ലിമിറ്റഡ് എഡിഷൻ ആയതിനാൽ തന്നെ വാഹനം എല്ലാവർക്കും ലഭ്യമാകില്ല. മത്സരത്തിലൂടെ വാഹനം ഉപഭോക്താക്കൾക്ക് നൽകുകയെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഇതിനായി വാഹനം സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർ വാഹനവുമായി റീൽ എടുത്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യണം. ഇനി റീലെടുക്കാൻ മടിയുള്ളവരാണെങ്കിൽ ഒലയുടെ സ്റ്റോറിന് പുറത്ത് നിൽക്കുന്ന ഫോട്ടോയോ സെൽഫിയോ എടുത്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്‌താലും മതി. പോസ്റ്റ് ചെയ്യുമ്പോൾ ഒല ഇലക്‌ട്രിക്കിനെ ടാഗ് ചെയ്യണം. #OlaSonaContest എന്ന ഹാഷ്‌ടാഗും ഉപയോഗിക്കണം. ഡിസംബർ 25ന് ഒല സ്റ്റോറുകളിൽ നടത്തുന്ന സ്‌ക്രാച്ച് ആൻഡ് വിന്നിലൂടെയാണ് വിജയികളെ പ്രഖ്യാപിക്കുക.