ഹൈദരാബാദ്:സ്കോർപിയോയുടെ എൻ കാർബൺ പതിപ്പ് ഇന്ത്യയിൽ പുറത്തിറക്കി മഹീന്ദ്ര ഓട്ടോ. Z8, Z8L എന്നിങ്ങനെ രണ്ട് വകഭേദങ്ങളിലായി പുതിയ പതിപ്പ് ലഭ്യമാവും. എൻ കാർബൺ പതിപ്പുകൾക്ക് 19.19 ലക്ഷം രൂപ മുതൽ 24.89 ലക്ഷം രൂപ വരെ വിലവരും. ഏഴ് സീറ്റുകളുള്ള സെവൻ സീറ്റർ കോൺഫിഗറേഷനിൽ ഈ എസ്‌യുവി ലഭ്യമാവും.
മാനുവൽ അല്ലെങ്കിൽ ഓട്ടോമാറ്റിക് ട്രാൻസ്‌മിഷനുമായി ജോടിയാക്കിയ പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളിലും ലഭ്യമാണ്. സ്കോർപിയോ ക്ലാസിക്കിന്‍റെ ജനപ്രിയമായ എൻ മോഡലിന്‍റെ വിൽപ്പന 2 ലക്ഷം പൂർത്തിയാക്കുന്നതിനായാണ് സ്കോർപിയോ എൻ കാർബൺ പതിപ്പ് പുറത്തിറക്കിയത്. രൂപകൽപ്പനയിൽ ചെറിയ മാറ്റങ്ങളോടെയാണ് പുതിയ കാർബൺ പതിപ്പ് വരുന്നത്. ഇന്ത്യയിലുടനീളമുള്ള മഹീന്ദ്ര ഡീലർഷിപ്പുകളിൽ പുതിയ എഡിഷൻ ലഭ്യമാവും. സ്‌കോർപിയോ എൻ കാർബൺ എഡിഷനിലെ എടുത്തുപറയേണ്ട സവിശേഷതകൾ എന്തൊക്കെയെന്ന് പരിശോധിക്കാം...
കാർബൺ എഡിഷനിൽ പുതിയതെന്ത്:ഇന്‍റീരിയറിലും എക്‌സ്റ്റീരിയറിലും നൽകിയിരിക്കുന്ന ബ്ലാക്ക്-ഔട്ട് ഫിനിഷാണ് സ്കോർപിയോ എൻ കാർബൺ പതിപ്പിന്‍റെ പ്രധാന ഹൈലൈറ്റ്. സ്റ്റാൻഡേർഡ് സ്കോർപിയോ എൻ മോഡലിന് സമാനമാണ് പുതിയ എഡിഷനിൽ നൽകിയിരിക്കുന്ന ഇന്‍റീരിയർ എക്‌സ്റ്റീരിയർ ഡിസൈനുകൾ. കൂടാതെ അലോയ് വീലുകൾ, റൂഫ് റെയിലുകൾ, ഔട്ട്സൈഡ് റിയർവ്യൂ മിററുകൾ, വിൻഡോ ക്ലാഡിങ് എന്നിവയിലും ബ്ലാക്ക് ഔട്ട് ഫിനിഷ് നൽകിയിട്ടുണ്ട്.
ഫ്രണ്ട് ഡോർ ക്ലാഡിങ്, റിയർ ഡോർ ക്ലാഡിങ്, സ്‌കിഡ് പ്ലേറ്റുകൾ എന്നിവയ്‌ക്ക് സിൽവർ ഫിനിഷിന് പകരം ഡാർക്ക് ഗ്രേ ഫിനിഷാണ് നൽകിയിരിക്കുന്നത്. ഡോർ ഹാൻഡിലുകളിൽ ഡാർക്ക് ക്രോം ആക്‌സന്‍റ് നൽകിയിട്ടുണ്ട്. കൂടാതെ കാർബൺ എഡിഷനിൽ കറുത്ത ലെതറെറ്റ് സീറ്റുകളും, എസി വെന്‍റുകൾക്കും ടച്ച്‌സ്‌ക്രീൻ പാനലിനും ചുറ്റുമായി ബ്രഷ്‌ഡ് അലുമിനിയം ട്രിമ്മുകളും ഉണ്ട്.
ഫീച്ചറുകൾ:സ്കോർപിയോ എൻ കാർബൺ പതിപ്പിന്‍റെ സവിശേഷതകൾ സ്റ്റാൻഡേർഡ് മോഡലിന് സമാനമാണ്. 8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്‍റ് സിസ്റ്റം, 7 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, 12-സോണി സ്‌പീക്കർ ഓഡിയോ സിസ്റ്റം, വയർലെസ് ഫോൺ ചാർജർ, വെന്‍റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, 6-വേ ഇലക്ട്രിക്കലി അഡ്‌ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവർ സീറ്റ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, സിംഗിൾ-പാനൽ സൺറൂഫ് എന്നിവയാണ് പ്രധാന ഫീച്ചറുകൾ. കൂടാതെ ആറ് എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ഹിൽ-ഹോൾഡ്, ഹിൽ ഡിസെന്‍റ് കൺട്രോൾ, ഫ്രണ്ട്, റിയർ പാർക്കിങ് സെൻസറുകൾ, റിവേഴ്‌സ് പാർക്കിങ് ക്യാമറ, ഡ്രൈവർ ഡ്രൗസിനെസ് ഡിറ്റക്ഷൻ, ISOFIX ചൈൽഡ് സീറ്റ് ആങ്കറേജുകൾ, ടയർ പ്രഷർ മോണിറ്ററിങ് സിസ്റ്റം, എല്ലാ വീലുകളിലും ഡിസ്‌ക് ബ്രേക്കുകൾ എന്നിങ്ങനെയുള്ള സുരക്ഷാ ഫീച്ചറുകളും നൽകിയിട്ടുണ്ട്.