ന്യൂഡൽഹി:സർക്കാർ ഉടമസ്ഥതയിലുള്ള ടെലികോം സ്ഥാപനമായ ബിഎസ്എൻഎല്ലിന്റെ പുനരുജ്ജീവനത്തിനായി 1.64 ലക്ഷം കോടി രൂപയുടെ പാക്കേജ് അനുവദിച്ച് കേന്ദ്രം. പദ്ധതിക്ക് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയതായി ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. സേവനങ്ങൾ നവീകരിക്കുന്നതിനും, സ്പെക്ട്രം അനുവദിക്കുന്നതിനും, ഫൈബർ നെറ്റ്വർക്ക് വർധിപ്പിക്കുന്നതിനുമായാണ് പാക്കേജ്.
നാല് വർഷത്തേക്കാണ് പുനരുജ്ജീവന പാക്കേജ്. ആദ്യ രണ്ട് വർഷങ്ങൾ കൊണ്ട് നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കും. കൂടാതെ ഭാരത് ബ്രോഡ്ബാൻഡ് നിഗം ലിമിറ്റഡിനെ ബിഎസ്എൻഎല്ലുമായി ലയിപ്പിക്കും. 4ജി സേവനങ്ങൾ നൽകുന്നതിന് ബിഎസ്എൻഎല്ലിന് ആവശ്യമായ സ്പെക്ട്രത്തിന്റെ ഭരണപരമായ വിഹിതം സർക്കാർ നൽകും.