ന്യൂഡല്‍ഹി: ആറ് സംസ്ഥാനങ്ങളിലായി 56,800 ചതുരശ്ര കിലോമീറ്റര്‍ വ്യാപിച്ച് കിടക്കുന്ന പശ്ചിമഘട്ടത്തെ പരിസ്ഥിതി ദുര്‍ബല മേഖലയായി പ്രഖ്യാപിക്കാനുള്ള പുത്തന്‍ കരട് തയാറാക്കാന്‍ നിര്‍ദേശങ്ങള്‍ ക്ഷണിച്ച് കേന്ദ്രസര്‍ക്കാര്‍. കേരളത്തില്‍ കഴിഞ്ഞ ദിവസം ഉരുള്‍ പൊട്ടലുണ്ടായ വയനാട്ടിലെ 13 ഗ്രാമങ്ങള്‍ പശ്ചിമഘട്ട മേഖലയില്‍ സ്ഥിതി ചെയ്യുന്നു. അറുപത് ദിവസത്തിനകം നിര്‍ദേശങ്ങളും എതിര്‍പ്പുകളും സമര്‍പ്പിക്കണമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിട്ടുള്ളത്.
വയനാട്ടില്‍ 300ലേറെ പേരുടെ മരണത്തിനിടയാക്കിയ ഉരുള്‍ പൊട്ടലുണ്ടായതിന്‍റെ പിറ്റേദിവസമായ ജൂലൈ 31നാണ് ഈ വിജ്ഞാപനം കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ചിരിക്കുന്നത്. വനനശീകരണവും ദുര്‍ബല പ്രദേശത്തെ പാറഖനനവും കാലാവസ്ഥ വ്യതിയാനവുമാണ് ഈ ദുരന്തത്തിന് കാരണമായതെന്നാണ് കേരളത്തിനകത്തും പുറത്തുമുള്ള ശാസ്‌ത്രജ്ഞര്‍ വ്യക്തമാക്കുന്നത്. ഉരുള്‍പൊട്ടലുണ്ടായ വയനാട്ടിലെ രണ്ട് താലൂക്കുകളിലെ പതിമൂന്ന് ഗ്രാമങ്ങളുള്‍പ്പെടെ കേരളത്തിലെ 9993.7 ചതുരശ്ര കിലോമീറ്റര്‍ പരിസ്ഥിതി ദുര്‍ബല മേഖലയായി പ്രഖ്യാപിക്കണമെന്ന് കരട് വിജ്ഞാപനം നിര്‍ദേശിക്കുന്നു. മാനന്തവാടി താലൂക്കിലെ
പെരിയ, തിരുനെല്ലി, തൊണ്ടര്‍നാട്, തൃശിലേരി, കിടങ്ങനാട്, നൂല്‍പ്പുഴ, വൈത്തിരി താലൂക്കിലെ അച്ചൂരാനം,ചുണ്ടേല്‍, കോട്ടപ്പാടി, കുന്നത്തിടവക, പൊഴുതന, തരിയോട് എന്നിവയാണിവ.
ജൂലൈ മുപ്പതിനുണ്ടായ ഉരുള്‍പൊട്ടല്‍ വൈത്തിരി താലൂക്കിലെ മുണ്ടകൈ, ചൂരല്‍മല, അട്ടമല ഗ്രാമങ്ങളെയാണ് ബാധിച്ചത്. ഇവ കരട് വിജ്ഞാപനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഗ്രാമങ്ങളല്ല.
56,825.7 ചതുരശ്ര കിലോമീറ്ററാണ് പരിസ്ഥിതി ദുര്‍ബല പ്രദേശമായി പ്രഖ്യാപിക്കാന്‍ വേണ്ടി വിജ്ഞാപനത്തില്‍ നിര്‍ദേശിച്ചിട്ടുള്ളത്. ഇതില്‍ 449 ചതുരശ്ര കിലോമീറ്റര്‍ ഗുജറാത്തിലാണ്. 17,340 ചതുരശ്രകിലോമീറ്റര്‍ മഹാരാഷ്‌ട്ര, 1,461 ചതുരശ്ര കിലോമീറ്റര്‍ ഗോവ, 20,668 ചതുരശ്ര കിലോമീറ്റര്‍ കര്‍ണാടക, 6,914 ചതുരശ്ര കിലോമീറ്റര്‍ തമിഴ്‌നാട്, 9,993.7ചതുരശ്ര കിലോമീറ്റര്‍ കേരളം എന്നിങ്ങനെയാണ് സ്ഥിതി ചെയ്യുന്നത്.
പുതിയ കരട് കുറച്ച് കൂടി വിശദാംശങ്ങള്‍ ഉള്ളതാണ്. മൊത്തം സ്ഥലത്തില്‍ യാതൊരു മാറ്റങ്ങളുമില്ല. വിജ്ഞാപനം ചെയ്യാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഒരു ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.
പരിസ്ഥിതി മന്ത്രാലയം 2014 മാര്‍ച്ച് പത്ത് മുതല്‍ ഇക്കഴിഞ്ഞ 31 വരെ ആറ് കരട് വിജ്ഞാപനങ്ങളാണ് നല്‍കിയിട്ടുള്ളത്. സംസ്ഥാനങ്ങളുടെ എതിര്‍പ്പ് കാരണം അന്തിമ വിജ്ഞാപനം ഇനിയും ആയിട്ടില്ല. ഏറ്റവും പുതിയ കരട് വിജ്ഞാപനം അനുസരിച്ച് , 2022 ഏപ്രിലില്‍ ഒരു വിദഗ്ദ്ധസംഘത്തെ രൂപീകരിച്ചിരുന്നു. 2022 ജൂലൈ മുതല്‍ ഒന്‍പത് യോഗങ്ങള്‍ വിളിച്ചു. ഇതില്‍ സംസ്ഥാനങ്ങളുടെ ഭാഗത്ത് നിന്ന് നിരവധി എതിര്‍പ്പുകളും അഭിപ്രായങ്ങളും നിര്‍ദേശങ്ങളുമുണ്ടായി.
പശ്ചിമഘട്ട മേഖലയിലെ സംസ്ഥാനങ്ങള്‍ ഉയര്‍ത്തിയ വിവിധ വിഷയങ്ങള്‍ സമിതി ചര്‍ച്ച ചെയ്തു. ജൂലൈ 6, 2022ല്‍ പുറത്തിറക്കിയ കരട് വിജ്ഞാപനത്തില്‍ പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളിലെ ഗ്രാമങ്ങളുടെ യഥാര്‍ത്ഥ പേരുകളടക്കം സൂചിപ്പിക്കുന്നുണ്ട്. സംസ്ഥാന സര്‍ക്കാരുകളില്‍ നിന്ന് ലഭിച്ച നിര്‍ദേശങ്ങളും വിദഗ്‌ധസമിതി പരിഗണിക്കുന്നു.
ഖനനം, പാറപൊട്ടിക്കല്‍, മണ്ണെടുപ്പ് എന്നിവ പൂര്‍ണമായും കരട് വിജ്ഞാപനത്തില്‍ നിരോധിച്ചിട്ടുണ്ട്. നിലവിലുള്ള ഖനികള്‍ അന്തിമ വിജ്ഞാപനം വന്ന് അഞ്ച് വര്‍ഷത്തിനകം ഇല്ലാതാക്കണമെന്നും നിര്‍ദേശമുണ്ട്. അതല്ലെങ്കില്‍ ഇപ്പോഴത്തെ ഖനന കാലാവധി കഴിയുന്നത് മുതല്‍ അഞ്ച് വര്‍ഷത്തിനകമെന്നും കരടില്‍ പറയുന്നു. ഏതാണോ ആദ്യം വരുന്നത് അതനുസരിച്ചാകണം പ്രവര്‍ത്തനം അവസാനിപ്പിക്കേണ്ടതെന്നും നിര്‍ദേശമുണ്ട്. ആണവ നിലയങ്ങള്‍ പ്രദേശത്ത് അനുവദിക്കില്ലെന്നും വിജ്ഞാപനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. നിലവിലുള്ളവയ്ക്ക് പ്രവര്‍ത്തനം തുടരാം. എന്നാല്‍ അവ വികസിപ്പിക്കാന്‍ അനുമതിയുണ്ടാകില്ല.
ഉയര്‍ന്ന അളവില്‍ മലിനീകരണമുണ്ടാക്കുന്ന എല്ലാ ചുവന്ന വിഭാഗത്തില്‍ പെടുന്ന വ്യവസായങ്ങള്‍ക്കും മേഖലയില്‍ നിരോധനമുണ്ട്. വന്‍തോതിലുള്ള നിര്‍മ്മാണങ്ങളും ടൗണ്‍ഷിപ്പുകളും നിരോധിച്ചിട്ടുണ്ട്. നിലവിലുള്ള കെട്ടിടങ്ങളും നവീകരിക്കലും അറ്റകുറ്റപ്പണികളും നടത്താന്‍ അനുമതിയുണ്ട്.
2010ല്‍ പരിസ്ഥിതി ശാസ്‌ത്രജ്ഞന്‍ മാധവ് ഗാഡ്ഗിലിന്‍റെ നേതൃത്വത്തില്‍ കേന്ദ്രസര്‍ക്കാര്‍ പശ്ചിമഘട്ട പരിസ്ഥിതി വിദഗധ സംഘം രൂപീകരിച്ചിരുന്നു. പശ്ചിമഘട്ടത്തിലെ ജനസംഖ്യ സമ്മര്‍ദ്ദം, കാലാവസ്ഥ വ്യതിയാനം, വികസന പ്രവൃത്തികള്‍ എന്നിവയുണ്ടാക്കുന്ന ആഘാത പഠനത്തിനായി ആയിരുന്നു സമിതി രൂപീകരിച്ചത്. ആഗോള ജൈവ വൈവിധ്യ കേന്ദ്രമായ പശ്ചിമഘട്ടത്തെ 2012 ജൂലൈയില്‍ ഐക്യരാഷ്‌ട്രസഭ ശാസ്‌ത്രീയ-സാംസ്കാരിക സംഘടന പൈതൃക കേന്ദ്രമായി പ്രഖ്യാപിച്ചിരുന്നു.
2011ല്‍ വിദഗദ്ധസംഘം മുഴുവന്‍ പ്രദേശത്തെയും പരിസ്ഥിതി ദുര്‍ബലമായി പ്രഖ്യാപിക്കണമെന്ന് ശുപാര്‍ശ ചെയ്‌തു. ഇവയുടെ പരിസ്ഥിതി ദുര്‍ബലത അനുസരിച്ച് മൂന്ന് സോണുകളായി തിരിച്ചാകണമെന്നും നിര്‍ദേശമുണ്ടായിരുന്നു.
ഖനന നിരോധനം, പാറപൊട്ടിക്കല്‍, പുതിയ ആണവപ്ലാന്‍റുകള്‍ , ജലവൈദ്യുത പദ്ധതികള്‍, വന്‍കിട ഊര്‍ജ്ജ പദ്ധതികള്‍ എന്നിവ ഒന്നാം നിരയില്‍ വരുന്ന പരിസ്ഥിതി ദുര്‍ബല മേഖലയില്‍ പാടില്ല. ഇതിനെതിരെ സംസ്ഥാന സര്‍ക്കാരുകളില്‍ നിന്നും വ്യവസായികളില്‍ നിന്നും പ്രാദേശിക ജനങ്ങളില്‍ നിന്നും എതിര്‍പ്പുണ്ടായി.
2013ല്‍ കേന്ദ്രസര്‍ക്കാര്‍ ഉന്നതതല സമിതിയെ നിയോഗിച്ചു. റോക്കറ്റ് ശാസ്‌ത്രജ്ഞന്‍ കെ കസ്‌തൂരി രംഗന്‍റെ നേതൃത്വത്തിലായിരുന്നു സമിതി. ഈ സമിതിയും പശ്ചിമഘട്ട സംരക്ഷണത്തിനായി നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചു. കസ്‌തൂരി രംഗന്‍ സമിതി 59,940 ചതുരശ്ര കിലോമീറ്റര്‍ പരിസ്ഥിതി ദുര്‍ബലമായി കണ്ടെത്തി.
Also Read: ഉരുളെടുത്ത ജീവിതങ്ങള്‍; മണ്ണിലമര്‍ന്ന മേഹങ്ങള്‍; നടുക്കുന്ന വയനാടന്‍ ദുരന്തക്കാഴ്‌ചകള്‍