ഉപ്പുതറ കിഴുകാനത്ത് ആദിവാസിയുടെ കുടിൽ കത്തിനശിച്ചു - കുടിൽ കത്തിനശിച്ചു
🎬 Watch Now: Feature Video
Published : Mar 3, 2024, 4:49 PM IST
ഇടുക്കി : ഉപ്പുതറ കിഴുകാനത്ത് ആദിവാസിയുടെ കുടിൽ കത്തിനശിച്ചു. ഇരവി കരുങ്ങമ്പാറയുടെ കുടിലാണ് അഗ്നിക്കിരയായത്. കാർഷിക വിളകളും, വസ്ത്രങ്ങളും ഉൾപ്പെടെ കുടിലിൽ സൂക്ഷിച്ചിരുന്നു, മുഴുവൻ സാധനസാമഗ്രികളും കത്തി നശിച്ചു.ഇന്നലെ രാത്രി 12 മണിയോടെയാണ് ഉപ്പുതറ കിഴുകാനം കരുങ്ങമ്പാറ ഇരവിയുടെ കുടിൽ കത്തി നശിച്ചത്. ഒറ്റയ്ക്ക് കഴിഞ്ഞിരുന്ന ഇയാൾ പ്ലാസ്റ്റിക്കുകൾ കൊണ്ടും മറ്റും കെട്ടി മറച്ച കുടിലിലാണ് വർഷങ്ങളായി താമസിച്ചിരുന്നത്. ഇരവി പുറത്തേക്ക് പോയ സമയത്താണ് അഗ്നിബാധ ഉണ്ടായത്. കുടിലിൽ ചാക്കുകെട്ടുകളിലായി സൂക്ഷിച്ചിരുന്ന കാപ്പിക്കുരു, കുരുമുളക് തുടങ്ങിയ കാർഷിക വിളകൾ അടക്കം വീട്ടിലുണ്ടായിരുന്ന ഭക്ഷ്യവസ്‌തുക്കളും കട്ടിലും മറ്റ് സാമഗ്രികൾ എല്ലാം പൂർണമായി കത്തി നശിച്ചു , ഒപ്പം സൂക്ഷിച്ചു വെച്ചിരുന്ന 6000 രൂപയും സ്വർണ്ണ മോതിരവും നഷ്‌ടപ്പെട്ടിട്ടുണ്ട്. കൃഷിപണിക്കൊപ്പം മീൻ പിടിച്ചാണ് ഇരവി നിത്യജീവിതത്തിനുള്ള വക കണ്ടെത്തുന്നത്. കുടിലിന്‍റെ സമീപത്ത് സൂക്ഷിച്ചിരുന്ന മീൻ പിടിക്കാൻ ഉപയോഗിച്ചിരുന്ന വലയും മറ്റ് അനുബന്ധ സാധനങ്ങൾ എല്ലാം അഗ്നിക്കിരയായി. ഒപ്പം കുടിലിനു സമീപത്തുണ്ടായിരുന്ന കാർഷികവിളകളും കത്തി നശിച്ചു. തീ കത്തുന്നത് കണ്ട പ്രദേശവാസികളാണ് തീ അണച്ചത്. സമയോജിതമായി തീ അണച്ചതിനാൽ കൂടുതൽ പ്രദേശങ്ങളിലേക്ക് അഗ്നിബാധ ഉണ്ടായില്ല. സർക്കാരിന്‍റെ ഭാഗത്ത് നിന്നും സഹായം ഉണ്ടാകണമെന്നാണ് ഇരവിയുടെ ആവശ്യം.