ലോകായുക്ത ബില്ലിനുള്ള രാഷ്‌ട്രപതിയുടെ അംഗീകാരം ദൗർഭാഗ്യകരം : രമേശ് ചെന്നിത്തല - President Draupadi Murmu
🎬 Watch Now: Feature Video
Published : Feb 29, 2024, 1:15 PM IST
തിരുവനന്തപുരം : ലോകായുക്ത ബില്ലിനുള്ള രാഷ്‌ട്രപതിയുടെ അംഗീകാരം ദൗർഭാഗ്യകരമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. അഴിമതി നിരോധനത്തെ കശാപ്പ് ചെയ്യുന്ന പ്രവർത്തിയാണ് ഉണ്ടായത്. അപ്പലേറ്റ് അതോറിറ്റികളുടെ മാറ്റം ഭരണഘടനാവിരുദ്ധമാണ്. കോടതിയിൽ പോയാൽ രാഷ്‌ട്രപതിയുടെ അംഗീകാരം നിലനിൽക്കില്ല. നിയമവിരുദ്ധ നടപടിയാണിത്. മുഖ്യമന്ത്രിയെയും കെ.കെ. ശൈലജയെയും രക്ഷപ്പെടുത്തുന്നതിന് വേണ്ടിയാണ് ഈ നിയമം കൊണ്ടുവന്നിരിക്കുന്നതെന്നും രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. അഴിമതി യഥേഷ്‌ടം നടത്താനുള്ള ലൈസൻസ് ആണ് സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്നത്. ലോകായുക്ത എത്രയും വേഗം പിരിച്ചുവിടണം. അങ്ങനെയൊരു സംവിധാനത്തിന്‍റെ ആവശ്യം ഇനിയില്ലെന്നും രമേശ് ചെന്നിത്തല വിമര്‍ശിച്ചു. ഏത് അഴിമതി ആർക്ക് വേണമെങ്കിലും നടത്താനുള്ള പരസ്യമായ ലൈസൻസ് ആണിത്. ഭരണകർത്താക്കളുടെ അഴിമതിക്കെതിരെ ശബ്‌ദം ഉയർത്തുന്നവരെ നിശബ്‌ദരാക്കുകയാണ്. മന്ത്രി പി രാജീവിന്‍റെ വാദങ്ങൾ മുഴുവൻ അഴിമതിക്കാരെ സംരക്ഷിക്കുന്നതാണ്. ലോകായുക്ത പരിപൂർണമായി നിർജീവമായെന്നും രമേശ് ചെന്നിത്തല വിമർശിച്ചു. ലോക്‌സഭ തെരഞ്ഞെടുപ്പിൽ കെപിസിസി അധ്യക്ഷൻ കെ. സുധാകരന്‍ മത്സരിക്കാനില്ലെന്ന് നേരത്തേ പറഞ്ഞിരുന്നു. യുഡിഎഫിന് ഏറെ അനുകൂലമായ രാഷ്‌ട്രീയ അന്തരീക്ഷമാണ് സംസ്ഥാനത്തുള്ളത്. 20ൽ 20 സീറ്റും യുഡിഎഫ് നേടും. കലക്കവെള്ളത്തിൽ മീൻ പിടിക്കാനാണ് സിപിഎം ശ്രമം. മുന്നണിക്കുള്ളിൽ പ്രശ്നങ്ങൾ ഇല്ല. തോൽപ്പിക്കാൻ വേണ്ടിയൊരു മന്ത്രിയെയും 2-3 എംഎൽഎമാരെയും എൽഡിഎഫ് തെരഞ്ഞെടുപ്പിന് നിർത്തിയിട്ടുണ്ടെന്നും രമേശ് ചെന്നിത്തല പരിഹസിച്ചു.