പൂപ്പാറ പന്നിയാർ പുഴയിലെ കൈയേറ്റങ്ങൾ ഒഴിപ്പിക്കണമെന്ന ഹൈക്കോടതി വിധി : പ്രതിഷേധവുമായി നാട്ടുകാര്‍ - Encroachments pooppara
🎬 Watch Now: Feature Video
Published : Jan 28, 2024, 8:03 AM IST
|Updated : Jan 28, 2024, 11:36 AM IST
ഇടുക്കി: പൂപ്പാറ പന്നിയാർ പുഴയിലെ കൈയേറ്റങ്ങൾ ഒഴിപ്പിക്കണമെന്ന് ഹൈക്കോടതി. ആറ് ആഴ്‌ചയ്ക്കുള്ളിൽ ഒഴിപ്പിക്കാനാണ് ഉത്തരവ്. പൂപ്പാറ-പന്നിയാർ പുഴ കൈയേറി പുത്തൻപുരക്കൽ ബിജു കുമാരൻ, തഷ്ക്കന്‍റ് നാഗയ്യ എന്നിവർ കെട്ടിടം നിർമ്മിക്കുന്നത് ചൂണ്ടിക്കാട്ടി ബി ജെ പി ഉടുമ്പൻചോല മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ 2022 ഡിസംബറിൽ ഹൈക്കോടതിയെ സമീപിക്കുകയും, പരാതി ഫയലിൽ സ്വീകരിച്ച കോടതി അനധികൃത നിർമ്മാണം പരിശോധിച്ച് നടപടിയെടുക്കാൻ റവന്യൂ വകുപ്പിനെ ചുമതലപ്പെടുത്തുകയും ചെയ്‌തിരുന്നു. റവന്യൂ വകുപ്പിന്‍റെ നടപടിക്ക് എതിരെ ഇരുവരും കോടതിയെ സമീപിക്കുകയും പന്നിയാർ പുഴയുടെ തീരത്ത് ഇത്തരത്തിൽ കൈയേറി പ്രവർത്തിക്കുന്ന നിരവധി കെട്ടിടങ്ങൾ ഉണ്ടെന്ന് കോടതിയെ ധരിപ്പിക്കുകയും ചെയ്‌തു . ഇതേ തുടര്‍ന്ന് അനധികൃത കൈയേറ്റങ്ങൾ (Encroachments on Panniyar River) കണ്ടെത്തി റിപ്പോർട്ട് സമർപ്പിക്കാൻ കോടതി ജില്ല കലക്‌ടർക്ക് നിർദ്ദേശം നൽകി. റവന്യൂ വകുപ്പിന്‍റെയും ജില്ല കലക്‌ടറുടെയും പരിശോധനയിൽ വ്യാപാര സ്ഥാപങ്ങളും വീടുകളും ഉൾപ്പടെ 56 അനധികൃത കെട്ടിടങ്ങൾ കണ്ടെത്തി അമിക്കസ് ക്യൂറി ഹരീഷ് വാസുദേവൻ മുഖേന ഈ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു. റിപ്പോർട്ടിനെ തുടർന്ന് ആറ് ആഴ്‌ചയ്‌ക്കുള്ളില്‍ പൂപ്പാറ പന്നിയാർ പുഴയിലെ 56 കൈയേറ്റങ്ങളും ഒഴിപ്പിക്കണമെന്ന് റവന്യൂ വകുപ്പിന് ഹൈക്കോടതി നിർദേശം നൽകി. ഈ മാസം പതിനേഴാം തീയതിയാണ് കോടതി വിധി പ്രഖ്യാപിച്ചത്. എന്ത് വിലകൊടുത്തും കൈയേറ്റങ്ങൾ ഒഴിപ്പിക്കണമെന്നാണ് വിധിയിലുള്ളത്. ഇതിനെതിരെ ആക്ഷൻ കൗൺസിൽ രൂപീകരിച്ച് കോടതിയെ സമീപിക്കാനാണ് പൂപ്പാറ നിവാസികൾ തീരുമാനിച്ചിരിക്കുന്നത്. തങ്ങൾ കൈയേറ്റക്കാരല്ല കുടിയേറ്റക്കാരാണെന്നും തങ്ങളുടെ ഭാഗം കേൾക്കാതെയാണ് കോടതി വിധിയെന്നും ആക്ഷൻ കൗൺസിൽ ചെയർമാൻ ബാബു താമരപിള്ളി പറഞ്ഞു.