ന്യൂഡല്‍ഹി: സ്വർണ വായ്‌പകളെടുക്കുന്ന ഉപഭോക്താക്കളുടെ എണ്ണത്തില്‍ വമ്പൻ വര്‍ധനവ്. വായ്‌പകളിൽ അതിവേഗ വളർച്ച വന്നതായി റിസർവ് ബാങ്കിൻ്റെ 2024ലെ സെപ്‌റ്റംബര്‍ വരെയുള്ള കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നു. സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റുന്നതിനായി സ്വർണത്തെ ആശ്രയിക്കുന്നവരുടെ എണ്ണം വർധിച്ചുവരുന്നതായാണ് സാമ്പത്തിക വിദഗ്‌ധരുടെ വിലയിരുത്തല്‍. ഈ സാഹചര്യത്തിൽ സ്വർണ വായ്‌പകളിൽ സൂപ്പര്‍വൈസ്‌ഡ് എൻ്റിറ്റി (എസ്‌ഇ) വഹിക്കുന്ന സ്ഥാപനങ്ങളുടെ ക്രമരഹിത ഇടപാടുകളില്‍ ആര്‍ബിഐ ആശങ്ക അറിയിച്ചു.
പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായി സ്വർണ വായ്‌പകൾക്കായുള്ള നയങ്ങൾ അവലോകനം ചെയ്യാൻ എസ്‌ഇകളോട് ആര്‍ബിഐ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഔട്ട്സോഴ്‌സിങ് രീതികളിലെ പോരായ്‌മകൾ, സ്വർണത്തിൻ്റെ മൂല്യനിർണയത്തിലെ പൊരുത്തക്കേടുകൾ, വേണ്ടത്ര ജാഗ്രതയില്ലായ്‌മ, വായ്‌പ ഫണ്ടുകളുടെ ഉപയോഗത്തിൻ്റെ അപര്യാപ്‌തത എന്നിവയിലാണ് മാര്‍ഗ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുള്ളത്.
അതേസമയം 2024 മാർച്ച് വരെ വിതരണം ചെയ്‌ത മൊത്തം സ്വർണ വായ്‌പകളുടെ 59.9 ശതമാനം എൻബിഎഫ്‌സികളുടെ കൈവശമാണെന്ന് റിസർവ് ബാങ്ക് അറിയിച്ചു. മറ്റ് വായ്‌പാ വിഭാഗങ്ങളിലെ വളർച്ചയിലെ മാന്ദ്യവും റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. സുരക്ഷിതമല്ലാത്ത വ്യക്തിഗത വായ്‌പകള്‍ 2023 സെപ്റ്റംബർ മുതൽ ഗണ്യമായി കുറഞ്ഞിട്ടുണ്ട്. സ്വയം സഹായ ഗ്രൂപ്പ് (എസ്എച്ച്ജി) വായ്‌പകളുടെ വളർച്ചാ നിരക്ക് മൂന്നിൽ നിന്ന് രണ്ട് ശതമാനത്തിലധികം കുറഞ്ഞിു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
സ്വർണ വായ്‌പ സംബന്ധിച്ച് ആര്‍ബിഐ നേരത്തെയും തുടർച്ചയായി ആശങ്ക രേഖപ്പെടുത്തിയിരുന്നു. സ്വർണപ്പണയ വായ്‌പകൾ അനുവദിക്കുന്ന ചില സ്ഥാപനങ്ങൾ ചട്ടവിരുദ്ധമായി പ്രവർത്തിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെയാണ് മാർഗനിർദേശങ്ങള്‍ നല്‍കിയത്. വായ്‌പാ പരിധി, റിസ്‌ക് വെയ്‌റ്റ്, പരിശുദ്ധി പരിശോധന തുടങ്ങിയവയിലും വീഴ്‌ചകൾ കണ്ടെത്തിയിരുന്നു. ചട്ടവിരുദ്ധമായി വായ്‌പയിൽ ടോപ്-അപ്പ് അനുവദിക്കുന്നതും അംഗീകരിക്കാനാവില്ലെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കി.
ഈടുവക്കുന്ന സ്വർണത്തിൻ്റെ 75% വരെ തുകയേ വായ്‌പയായി അനുവദിക്കാവൂ എന്നാണ് റിസർവ് ബാങ്കിൻ്റെ ചട്ടം. ഇതാണ് ലോൺ-ടു-വാല്യു (എൽടിവി). ഒരു ഇടപാടുകാരൻ ഒരുലക്ഷം രൂപയുടെ സ്വർണം പണയം വച്ചാലും പരമാവധി 75,000 രൂപയേ വായ്‌പയായി ലഭിക്കൂ.
തുടർച്ചയായി ഓർമിപ്പിച്ചിട്ടും ഉപഭോക്താവ് വായ്‌പാ തിരിച്ചടവ് മുടക്കുന്ന സാഹചര്യങ്ങളിൽ വായ്‌പ നൽകിയ സ്ഥാപനത്തിന് എൽടിവി ചട്ടവും ഉയർന്ന സ്വർണ വിലയും അനുഗ്രഹമായി മാറും. ഈടുവച്ച സ്വർണം ലേലം ചെയ്‌ത് വായ്‌പാ തുക പലിശ സഹിതം തിരിച്ചുപിടിക്കാം.
എന്നാൽ എൽടിവിയേക്കാൾ കുറഞ്ഞ നിരക്കിലേക്ക് സ്വർണ വില താഴുകയും ഉപഭോക്താവ് തിരിച്ചടവ് മുടക്കുകയും ചെയ്‌താൽ അത് വായ്‌പാ സ്ഥാപനത്തിന് തിരിച്ചടിയാകും. സ്വര്‍ണം വിറ്റാലും എൽടിവി തിരിച്ചുപിടിക്കാൻ കമ്പനിക്ക് കഴിയണമെന്നില്ല .