thumbnail

ദി റിയൽ കേരള സ്റ്റോറി : പൊങ്കാലയര്‍പ്പിക്കാനെത്തിയവര്‍ക്ക് സംഭാരമടക്കം ഒരുക്കി പാളയം ചർച്ചും മസ്‌ജിദും

By ETV Bharat Kerala Team

Published : Feb 25, 2024, 1:48 PM IST

തിരുവനന്തപുരം : പെൺമയുടെ ഉത്സവത്തിനൊപ്പം മതമൈത്രിയുടെ സന്ദേശം പകരുന്ന ചടങ്ങുകൂടിയാണ് പൊങ്കാല മഹോത്സവം. പൊരിവെയിലത്ത് പൊങ്കാലയ്ക്കായി കാത്തുനിൽക്കുന്ന ഭക്തർക്കായി എല്ലാവർഷത്തേയും പോലെ ഇക്കുറിയും പാളയം ചർച്ചിന്‍റെയും മസ്‌ജിദിന്‍റെയും ഗേറ്റുകൾ തുറന്നുകൊടുത്തു. മുൻ വർഷങ്ങളിലേതില്‍ നിന്ന് വ്യത്യസ്‌തമായി ഈ വർഷം ഞായറാഴ്‌ചയാണ് പൊങ്കാല നടക്കുന്നത്. ഇതേ തുടർന്ന് പൊങ്കാലയിടുന്ന ഭക്തർക്കായി വിശ്രമിക്കാനും ശുചിമുറി ഉൾപ്പടെ ഒരുക്കാനുമായി പാളയം സെന്‍റ്‌ ജോസഫ് കത്തീഡ്രൽ പള്ളിയിലെ ഞായറാഴ്‌ച പ്രാർത്ഥനകളുടെ സമയക്രമം മാറ്റിയിട്ടുണ്ട്. സാംസ്‌കാരിക മതമൈത്രിയുടെ സമ്പന്നതയാണ് ഈ നഗരത്തിന്‍റെ പ്രത്യേകതയെന്നും ഭിന്നിപ്പിന്‍റെ ശക്തികൾക്ക് നാമത് വിട്ടുകൊടുക്കാൻ പാടില്ലെന്നുമുള്ള സന്ദേശം നൽകിയാണ് ചർച്ച് അധികാരികൾ ഈ തീരുമാനമെടുത്തത്. 
പാളയം മസ്‌ജിദിന്‍റെ അംഗ സ്‌നാനം ചെയ്യുന്ന സ്ഥലങ്ങളും ശുചി മുറികളും ഭക്തരുടെ സൗകര്യത്തിനായി ഒരുക്കിയിരുന്നു. പൊങ്കാലയര്‍പ്പിക്കാനെത്തുന്ന ഭക്തജനങ്ങള്‍ക്ക് സംഭാരവും കുടിവെള്ളവും ശുചിമുറിയും വിശ്രമിക്കാനുള്ള സൗകര്യവും പള്ളിയിലൊരുക്കുമെന്ന് കഴിഞ്ഞ ദിവസം ഇടിവി ഭാരതിനോട് പാളയം സെന്‍റ് ജോസഫ് കത്തീഡ്രല്‍ പള്ളി വികാരി ഫാ. വില്‍ഫ്രഡ് എമിലിയാസ് പറഞ്ഞിരുന്നു. അതേസമയം ലക്ഷക്കണക്കിന് സ്ത്രീകളാണ് ഇന്ന് അനന്തപുരിയില്‍ പൊങ്കാലയര്‍പ്പിച്ചത്.

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.