വെടിയേറ്റ് മയങ്ങി തണ്ണീര്‍ക്കൊമ്പന്‍; വാഴത്തോട്ടത്തിലേക്ക് വഴിവെട്ടി മണ്ണുമാന്തികള്‍, പൂര്‍ണ സജ്ജരായി കുങ്കിയാനകള്‍ - മിഷന്‍ തണ്ണീര്‍ക്കൊമ്പന്‍
🎬 Watch Now: Feature Video
Published : Feb 2, 2024, 8:51 PM IST
|Updated : Feb 2, 2024, 9:02 PM IST
വയനാട് : മാനന്തവാടി ജനവാസ മേഖലയില്‍ ഇറങ്ങിയ തണ്ണീര്‍ക്കൊമ്പനെ ബന്ദിപ്പൂര്‍ വനമേഖലയിലേക്ക് മാറ്റുന്നതിനുള്ള ദൗത്യം അവസാനഘട്ടത്തിലേക്ക്. മാനന്തവാടി- കോഴിക്കോട് റോഡിലെ വാഴത്തോട്ടത്തില്‍ നിലയുറപ്പിച്ച തണ്ണീര്‍ക്കൊമ്പനെ തോട്ടത്തിന് പുറത്തെത്തിക്കാനുള്ള ശ്രമങ്ങളാണ് തുടരുന്നത്. രണ്ട് തവണയാണ് ആനയ്‌ക്ക് മയക്ക് വെടിവച്ചത്. ഇരുട്ട് വീണെങ്കിലും ആനയെ വാഹനത്തിലേക്ക് കയറ്റാനുള്ള ശ്രമത്തിലാണ് വനം വകുപ്പും പൊലീസും നാട്ടുകാരും. മൂന്ന് കുങ്കിയാനകളെ സ്ഥലത്തെത്തിച്ചിട്ടുണ്ട്. അവയുടെ സഹായത്തോടെയാണ് ആനയെ വാഹനത്തിലേക്ക് കയറ്റുക. ആനയെ കൊണ്ടുപോകാനുള്ള വാഹനവും കുങ്കിയാനകളെ പുറത്തെത്തിക്കാനുമായി മണ്ണുമാന്തി ഉപയോഗിച്ച് വാഴത്തോട്ടത്തിലേക്ക് വഴിവെട്ടുകയും ചെയ്യുന്നുണ്ട്. രണ്ട് തവണ വെടിയേറ്റ ആനയുടെ ആരോഗ്യം സാധാരണ നിലയിലല്ല. വെടിയേറ്റതിന് പിന്നാലെ ആനയ്‌ക്ക് ബൂസ്റ്റര്‍ ഡോസും നല്‍കിയിട്ടുണ്ട്. വാഴത്തോട്ടത്തിന് പുറത്തെത്തിക്കുന്ന ആനയെ ആനിമല്‍ ആംബുലന്‍സില്‍ കയറ്റി ബന്ദിപ്പൂര്‍ വനമേഖലയില്‍ എത്തിക്കും. ഇന്ന് വൈകിട്ട് 5.30 ഓടെയാണ് ആനക്ക് മയക്ക് വെടിവച്ചത്. പടക്കം പൊട്ടിച്ച് തുറസായ മേഖലയില്‍ എത്തിച്ചതിന് ശേഷമാണ് മയക്ക് വെടിവച്ചത്. ഇടതു കാലിന് മുകളിലാണ് ആനയ്‌ക്ക് വെടിയേറ്റത്. വെള്ളിയാഴ്‌ച പുലര്‍ച്ചെ 3 മണിയോടെയാണ് മാനന്തവാടി ടൗണിന് സമീപമുള്ള ജനവാസ മേഖലയില്‍ ഒറ്റയാന്‍ എത്തിയത്. കര്‍ണാടകയില്‍ നിന്ന് രണ്ടാഴ്‌ച മുമ്പ് പിടികൂടി ബന്ദിപ്പൂര്‍ വനാതിര്‍ത്തിയില്‍ തുറന്ന് വിട്ട തണ്ണീര്‍ക്കൊമ്പന്‍ പിന്നീട് മാനന്തവാടിയില്‍ എത്തുകയായിരുന്നു.