മാങ്ങ പറിക്കുന്നതിനിടയിൽ മാവിൽ കുടുങ്ങി; തൊഴിലാളിയെ രക്ഷിച്ച് ഫയർ ഫോഴ്‌സ് - കോഴിക്കോട്
🎬 Watch Now: Feature Video
Published : Feb 24, 2024, 5:38 PM IST
കോഴിക്കോട്: മാങ്ങ പറിക്കുന്നതിനിടയിൽ മാവിനു മുകളിൽ കുടുങ്ങി തൊഴിലാളിയെ രക്ഷപ്പെടുത്തി. ബാലുശ്ശേരി കരിയാത്തൻകാവിലെ കുന്നുമ്മൽ കോയ (62) ആണ് അപകടത്തിൽപ്പെട്ടത്. കക്കയം പാണ്ടൻമനായിൽ ദേവസ്യയുടെ ഇരുപത്തെട്ടാം മൈലിലുള്ള 60 അടി ഉയരമുള്ള മാവിലാണ് കോയ കുടുങ്ങിയത് തൊഴിലാളിയെയാണ് രക്ഷിച്ചത്. മാവിനു മുകളിലെ കണ്ണിമാങ്ങ പറിക്കുന്ന ജോലിക്കിടയിൽ വലിയ മരക്കൊമ്പ് പൊട്ടിവീണ് കാലിന് പരിക്കേറ്റ് തൊഴിലാളി മരത്തിൽ കുടുങ്ങുകയായിരുന്നു. നിലവിളി കേട്ട പരിസരവാസികളാണ് ഫയർ ഫോഴ്‌സ് യൂണിറ്റിൽ വിവരമറിയിച്ചത്. അപകട വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പ്രദേശവാസിയായ ടോമി മരത്തിനു മുകളിൽ കയറി പരിക്കേറ്റ കോയയെ മരത്തിനു മുകളിൽ കയർ ഉപയോഗിച്ച് ബന്ധിച്ച് സുരക്ഷിതനാക്കി. ഫയർ സർവീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി കോണി വച്ച് മരത്തിനു മുകളിൽ കയറി. കാലിൻ്റെ തുടയെല്ല് പൊട്ടിയ കോയയെ ഒരു ഫയർ യൂണിറ്റ് അംഗത്തിന്‍റെ ശരീരത്തോട് ചേർത്തുനിർത്തി റെസ്ക്യൂ നെറ്റിൽ കയറ്റി സുരക്ഷിതമായി താഴെ എത്തിച്ചു. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പേരാമ്പ്ര ഫയർ സ്റ്റേഷൻ ഓഫീസർ സി.പി. ഗിരീഷ്, ഗ്രേഡ് അസിസ്റ്റന്‍റ് സ്റ്റേഷൻ ഓഫീസർ പി.സി. പ്രേമൻ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ വി.കെ. സിദ്ദിഖ്, കെ. ഷിജിത്ത്, ടി.സനൂപ്, എം. മനോജ്, വി. വിനീത്, ഹോം ഗാർഡ് എം.സി. അജീഷ് തുടങ്ങിയവരാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്.