ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷന്‍റെ എലത്തൂര്‍ ഡിപ്പോയിലേക്കുള്ള ഗൂഡ്‌സ് വാഗണില്‍ തീപിടിത്തം - kozhikode elathur
🎬 Watch Now: Feature Video
Published : Feb 28, 2024, 2:48 PM IST
കോഴിക്കോട് : എലത്തൂരിലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷന്‍റെ ഡിപ്പോയിലേക്ക് ഇന്ധനവുമായെത്തിയ ഗൂഡ്‌സ് വാഗണിന്‍റെ ബോഗികളില്‍ തീപിടിത്തം. ചൊവ്വാഴ്ച (27-02-2024) രാത്രി 8.15 നാണ് തീപിടിത്തമുണ്ടായത്. ഡിപ്പോയിലെ സൈനിങ് ട്രാക്കിലേക്കെത്തിയ വാഗണിൽ നിന്നും ഓയിൽ മാറ്റുന്നതിനിടെയാണ് തീപടർന്നത്. പുകയും രൂക്ഷഗന്ധവും ഉയർന്നതോടെ നാട്ടുകാർ തടിച്ചുകൂടി. തീപിടിത്തമുണ്ടായ ഉടന്‍ കമ്പനി അധികൃതര്‍ ഫയര്‍ സ്റ്റേഷനില്‍ വിവരം അറിയിച്ചില്ലെന്ന് നാട്ടുകാര്‍ പറയുന്നു. തീ ആളിപ്പടരുന്നതും തുടര്‍ന്ന് ഡിപ്പോയിലെ സുരക്ഷാ ജീവനക്കാര്‍ തീയണയ്ക്കുന്നതും ശ്രദ്ധയില്‍പ്പെട്ടതോടെ നാട്ടുകാരാണ് പൊലീസിലും, ഫയര്‍ ഫോഴ്‌സിലും വിവരം അറിയിച്ചത്. ഓയിൽ മാറ്റുന്നതിനിടെ ഉണ്ടായ ചോർച്ചയാണ് തീപിടിത്തത്തിന് കാരണമായി പറയുന്നത്. 65 കിലോ ലിറ്റർ വരുന്ന 25സംഭരണികളാണ് ഗൂഡ്‌സ് വാഗണിൽ ഉണ്ടായിരുന്നത്. തീ അണയ്ക്കാനെത്തിയ ഫയർ ഉദ്യോഗസ്ഥരെ ഡിപ്പോയുടെ പുറകുവശത്തുകൂടി അകത്തേക്ക് കടക്കാൻ അധികൃതർ അനുവദിച്ചില്ല. ഫയർ യൂണിറ്റിനെ ഡിപ്പോയിലേക്ക് പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ ബഹളംവച്ചു. തുടർന്നാണ് സ്റ്റേഷൻ ഓഫീസർ കെ. അരുണിനെ ഉള്ളിലേക്ക് പ്രവേശിപ്പിച്ചത്. തീ പിടിച്ച ബോഗി പരിശോധിച്ചെന്നും, നിലവില്‍ സുരക്ഷ പ്രശ്‌നങ്ങള്‍ ഇല്ലെന്നും അഗ്നിരക്ഷാ പ്രവര്‍ത്തകര്‍ പറഞ്ഞു. ഡിപ്പോ അധികൃതർ തീ നേരത്തെ അണച്ചതിനാൽ തീപിടിത്തത്തിന്‍റെ കാരണം പറയാനാകില്ലെന്നും സ്റ്റേഷൻ ഓഫീസർ അറിയിച്ചു.