പട്ടയം ലഭിക്കാത്തവരുടെ വിവര ശേഖരണം തുടങ്ങി ; അവസരം പ്രയോജനപ്പെടുത്തണമെന്ന് ഇടുക്കി കലക്‌ടര്‍ - പട്ടയം ലഭിക്കാത്തവരുടെ വിവര ശേഖരണം

🎬 Watch Now: Feature Video

thumbnail

By ETV Bharat Kerala Team

Published : Mar 1, 2024, 4:54 PM IST

ഇടുക്കി : ജില്ലയില്‍ പട്ടയം ലഭിക്കാത്തവരുടെ വിവരശേഖരണം ഇന്ന് (മാര്‍ച്ച് 1) മുതല്‍ ആരംഭിച്ചു. അര്‍ഹരായ മുഴുവന്‍ കൈവശക്കാരും ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ജില്ല കലക്‌ടര്‍ ഷീബ ജോര്‍ജ് അറിയിച്ചു. 1977 ജനുവരി 1ന് മുമ്പ് വനഭൂമിയില്‍ കുടിയേറി താമസിച്ചുവരുന്ന മുഴുവന്‍ പേര്‍ക്കും അതത് സ്ഥലത്ത് ബാധകമായ പതിവ് ചട്ടങ്ങള്‍ പ്രകാരം യോഗ്യതയ്ക്ക്‌ അനുസൃതമായി പട്ടയം നല്‍കുന്നതിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതിന്‍റെ ഭാഗമായാണ് ഇതുവരെ പട്ടയം ലഭിക്കാത്തവരുടെ സമഗ്ര വിവര ശേഖരണം നടത്തുന്നത്. സംയുക്ത പരിശോധന നടന്ന ഇടങ്ങളില്‍ ജെ.വി ലിസ്റ്റില്‍ ഉള്‍പ്പെടാതെ പോയവര്‍, സംയുക്ത പരിശോധന നടക്കാത്ത സ്ഥലങ്ങളിലെ താമസക്കാര്‍, നാളിതുവരെ പല കാരണങ്ങളാല്‍ പട്ടയത്തിന് അപേക്ഷിക്കാത്തവര്‍ എന്നിവരുടെ വിവരങ്ങള്‍ ഇന്ന് (മാര്‍ച്ച് 1) മുതല്‍ 15 വരെ വില്ലേജ് ഓഫീസുകള്‍ മുഖാന്തരം ശേഖരിക്കും. നിശ്ചിത മാതൃകയിലുള്ള വിവരശേഖരണ ഫോം ജില്ലയിലെ വില്ലേജ് ഓഫീസുകള്‍, താലൂക്ക് ഓഫീസുകള്‍ എന്നിവിടങ്ങളില്‍ നിന്ന് ലഭിക്കും. പൂരിപ്പിച്ച വിവരശേഖരണ ഫോം, ആവശ്യമായ രേഖകളുടെ പകര്‍പ്പ് എന്നിവ സഹിതം അപേക്ഷകന്‍ നേരിട്ട്, ബന്ധപ്പെട്ട വില്ലേജ് ഓഫീസില്‍ സമര്‍പ്പിക്കണം. അപേക്ഷ സമര്‍പ്പിക്കുന്നവര്‍ക്ക് അതത് ഓഫീസുകളില്‍ നിന്ന് കൈപ്പറ്റ് രസീത് നല്‍കും. അപേക്ഷകന്‍റെ പേര്, വിലാസം എന്നിവ തെളിയിക്കുന്ന രേഖകള്‍, 1977 ജനുവരി 1ന് മുമ്പ് കുടിയേറിയ വനഭൂമിയുടെ വിശദാംശങ്ങള്‍, കൈമാറ്റം സംബന്ധിച്ച രേഖകള്‍, സംയുക്ത പരിശോധന നടത്തിയിട്ടുണ്ടെങ്കില്‍ അതിന്‍റെ പ്രസക്തമായ പകര്‍പ്പ്, അതില്ലെങ്കില്‍ 1977 ജനുവരി 1ന് മുമ്പുള്ള കൈവശം തെളിയിക്കുന്നതിന് ആവശ്യമായ പ്രമാണങ്ങള്‍, മറ്റ് തെളിവുകള്‍ എന്നിവയുടെ പകര്‍പ്പുകള്‍ പൂരിപ്പിച്ച് വിവര ശേഖരണ ഫോമിനൊപ്പം ഉള്ളടക്കം ചെയ്‌താണ് അപേക്ഷ നല്‍കേണ്ടത്.

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.