കാലാവസ്ഥ വ്യതിയാനം തിരിച്ചടിയായി ; ഇടുക്കിയില്‍ ഏലയ്‌ക്ക വിളവെടുപ്പ് വൈകുന്നു - ഇടുക്കി ഏലയ്‌ക്ക കൃഷി
🎬 Watch Now: Feature Video
Published : Feb 18, 2024, 11:04 AM IST
ഇടുക്കി : കാലാവസ്ഥ വ്യതിയാനം തിരിച്ചടിയായതോടെ ഏലയ്‌ക്ക വിളവെടുപ്പ് (Cardamom harvest in Idukki) വൈകുന്നു. വിളവെടുക്കുന്ന ഇടവേള 85 മുതൽ 90 ദിവസം വരെയായി ഉയർന്നുവെന്നാണ് കൃഷി വിദഗ്‌ധരുടെ കണ്ടെത്തൽ. ഏലച്ചെടികൾ പൂവിട്ട ശേഷം കായ വിളഞ്ഞ് പാകമാകാനുള്ള സമയമാണ് ഏറെ വർധിച്ചത്. സാധാരണയായി 55 മുതൽ 60 ദിവസത്തിനിടയിലാണ് വിളവെടുപ്പ് നടത്താറുള്ളത്. എന്നാൽ കാലാവസ്ഥ മാറിയതോടെ 85 മുതൽ 90 ദിവസങ്ങൾ വരെയാണ് ഇപ്പോൾ കായ വിളഞ്ഞ് പാകമാകാൻ വേണ്ട സമയം. കൃത്യമായ തെക്കുപടിഞ്ഞാറൻ മൺസൂൺ ലഭിയ്ക്കാത്തതാണ് വിളവെടുപ്പ് വൈകാൻ കാരണമെന്നാണ് വിദഗ്‌ധർ പറയുന്നത്. ഏലയ്ക്കായ്ക്ക് ശരാശരി 1600 രൂപ ലഭിയ്ക്കുന്നുണ്ട്. എന്നാൽ വിളവെടുക്കാനുള്ള സമയം വർധിച്ചതോടെ ഉത്പാദനച്ചെലവ് ഗണ്യമായി ഉയരുന്നതും ഉത്പാദനം കുറയുന്നതും കർഷകർക്ക് പ്രതിസന്ധി ഉണ്ടാക്കുകയാണ്. 2020 ഡിസംബർ വരെ ഏലയ്ക്ക കിലോയ്ക്ക് 2000 രൂപ കർഷകന് ശരാശരി വില ലഭിച്ചിരുന്നു. എന്നാൽ പിന്നീട് വില താഴ്ന്ന് 700 രൂപ വരെയെത്തുകയും ചെയ്‌തു. 2019 ഓഗസ്റ്റിൽ ഏലയ്ക്ക വില 7000 ആയതോടെ വളം കീടനാശിനി വിലകൾ മൂന്നിരട്ടിയായി ഉയർന്ന സാഹചര്യമുണ്ടായി. തദ്ദേശീയരായ തൊഴിലാളികളും തമിഴ് തൊഴിലാളികളും കൂലി വർധിപ്പിപ്പിച്ചതോടെ ഉത്പാദനച്ചെലവ് ഇരട്ടിയിലധികമായി. പകൽ സമയത്ത് ചൂട് വർധിയ്ക്കുന്നതും രാത്രിയിലെ മൂടൽമഞ്ഞും തണുപ്പും കായ പാകമാകാൻ താമസം വരുത്തുന്ന മറ്റ് ഘടകങ്ങളാണെന്നും വിദഗ്‌ധർ പറയുന്നു.