ഇടുക്കി : കൊച്ചി-ധനുഷ്‌കോടി ദേശീയപാതയില്‍ സദാസമയവും കോടമഞ്ഞ് മൂടിക്കിടക്കുന്ന ഗ്യാപ് റോഡ്. അവിടെ സഞ്ചാരികൾക്ക് കൗതുക കാഴ്‌ചയായി മലൈക്കള്ളന്‍ ഗുഹ അഥവാ തങ്കയ്യ ഗുഹ. ദേവികുളം കഴിഞ്ഞ് ഗ്യാപ്പ് റോഡിലെത്തുമ്പോഴാണ് ഈ ഗുഹ. കാഴ്‌ചയില്‍ കൗതുകമെങ്കിലും ഈ ഗുഹയ്ക്ക് പിന്നിലൊരു കഥയുണ്ട്.
നൂറ്റാണ്ടുകള്‍ക്കുമുമ്പ് തമിഴ്‌നാട്ടില്‍ നിന്ന് മൂന്നാര്‍ വഴി കടന്നുപോയിരുന്ന കച്ചവട സംഘങ്ങളെ കൊള്ളയടിച്ചിരുന്ന തങ്കയ്യ എന്ന കള്ളന്‍റെ ഒളിയിടമായിരുന്നു ഈ ഗുഹ എന്നാണ് പഴമക്കാർ പറയുന്നത്. കച്ചവടക്കാർക്ക് ഭീഷണിയായിരുന്നെങ്കിലും കൊള്ള മുതല്‍ പങ്കുവെച്ചിരുന്ന മലൈക്കള്ളന്‍ തങ്കയ്യ നാട്ടുകാര്‍ക്ക് നല്ലവനായിരുന്നെന്ന് പഴമക്കാര്‍ പറയുന്നു.
ഗ്യാപ്പ് റോഡിൽ നിന്നാരംഭിക്കുന്ന ഗുഹ തമിഴ്‌നാട്ടിലെത്തുന്നുവെന്നാണ് പറയപ്പെടുന്നത്. ഒരാൾക്ക് സുഖമായി കടന്നുപോകാൻ സൗകര്യമുള്ളതാണ് ഗുഹ. മഴക്കാലമായാല്‍ ഗുഹയ്ക്കുള്ളിലെ ഇരുട്ടും ഉറവവെള്ളം തുള്ളിതുള്ളിയായി വീഴുന്ന ശബ്‌ദവും, ചീവീടുകളുടെയും കടവാവലുകളുടെയും ചിറകടിശബ്‌ദവും ആരിലും കൗതുകമുണർത്തും. ഇവിടെ നിന്നുള്ള വിദൂര കാഴ്‌ചകളും സുന്ദരമാണ്.