കോട്ടയം : സ്വദേശ് ദർശൻ 2.0 കുമരകം ടൂറിസം പദ്ധതി പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. ഓൺലൈൻ ആയാണ് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചത്. ശ്രീനഗറിലെ ബക്ഷി സ്‌റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ സ്വദേശ് ദർശൻ അടക്കം 6400 കോടി രൂപയുടെ 53 പദ്ധതികൾ അദ്ദേഹം ഉദ്ഘാടനം ചെയ്‌തു.
സുസ്ഥിര ടൂറിസം, ഉത്തരവാദിത്ത ടൂറിസം എന്നിവയ്ക്ക് പ്രാധാന്യം നൽകി കേന്ദ്ര ടൂറിസം മന്ത്രാലയം നടപ്പാക്കുന്ന പദ്ധതിയാണ് സ്വദേശി ദർശൻ 2.0. കേരളത്തിൽ നിന്ന് കുമരകവും ബേപ്പൂരുമാണ് പദ്ധതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. കുമരകം കവണാറ്റിൻകരയിലുള്ള കെ.ടി.ഡി.സി. വാട്ടർസ്‌കേപ്‌സിലെ ഹാളിൽ നടന്ന ചടങ്ങിൽ പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസ് ഓൺലൈനായി അധ്യക്ഷത വഹിച്ചു.
കേരളത്തെയാകെ ടൂറിസം ഡെസ്റ്റിനേഷൻ കേന്ദ്രമാക്കാനുള്ള ശ്രമങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത് എന്ന് മന്ത്രി മുഹമ്മദ് റിയാസ് അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു. കേരളത്തിൽ ടൂറിസം മേഖലയിലെ കൂടുതൽ വികസനത്തിന് സ്വദേശി ദർശൻ പദ്ധതി സഹായകരകമാകുമെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ സഹകരണ-തുറമുഖ വകുപ്പ് മന്ത്രി വി. എൻ. വാസവൻ വിശിഷ്‌ടാതിഥിയായി.
ആഗോള ടൂറിസം ഭൂപടത്തിൽ വളരെ പ്രധാനപ്പെട്ട സ്ഥാനമാണ് കുമരകത്തിനുള്ളതെന്നും, കുമരകത്തിന് കൂടുതൽ വലിയ സാധ്യതകൾക്കുള്ള അവസരമാണ് സ്വദേശി ദർശൻ പദ്ധതിയിലൂടെ ഒരുങ്ങുന്നതെന്നും മന്ത്രി വി. എൻ. വാസവൻ പറഞ്ഞു. ജില്ല കലക്‌ടറും സ്വദേശി ദർശൻ പദ്ധതി 2.0 ഡി.എം.സി. അധ്യക്ഷയുമായ വി. വിഗ്നേശ്വരി പദ്ധതി വിശദീകരിച്ചു.
ചടങ്ങിൽ തോമസ് ചാഴികാടൻ എം.പി, ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് കെ. വി. ബിന്ദു, ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ആര്യ രാജൻ, എന്നിവരെ കൂടാതെ ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റുമാരും ടൂറിസം വകുപ്പ് പ്രതിനിധികളും പ്രസംഗിച്ചു. കുമരകത്തെ വിവിധ ടൂറിസം പദ്ധതികൾക്കായി 70 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. നാല് ഘട്ടങ്ങളിലായിട്ടാണ് ടൂറിസം പദ്ധതികൾ നടപ്പാക്കുന്നത്.
കുമരകം പക്ഷി സങ്കേതത്തിന്‍റെ വികസനമാണ് ആദ്യഘട്ട പദ്ധതിയായി തെരഞ്ഞെടുത്തിട്ടുള്ളത്. ഭിന്നശേഷി സൗഹൃദമായി നടപ്പാത, പെഡസ്ട്രിയൻ ബ്രിഡ്‌ജുകളുടെ പുനർനിർമ്മാണം, ഇന്‍റർപ്രെട്ടേഷൻ സെന്‍റർ നവീകരണം, ബോട്ട് ജെട്ടി-ഡെക്ക് നിർമാണം, 400 മീറ്റർ നീളത്തിൽ കായൽ അതിർത്തിയിൽ ബോർഡ് വോക്ക്, വാച്ച് ടവർ നിർമാണം, പ്രവേശനഭാഗത്ത് ജലാശയത്തിന് അരികിൽ ഇന്‍ററാക്‌ടീവ് സോൺ- ടെർമിനൽ ഡെക്ക് നിർമാണം, പക്ഷികളുടെ വിവരങ്ങൾ അടങ്ങിയ ഡിജിറ്റൽ കിയോസ്‌ക് സ്ഥാപിക്കൽ, സങ്കേതത്തിനുള്ളിലെ കനാലുകളുടെ പുനരുജ്ജീവനം, ഇലക്ട്രിക്കൽ-ലാൻഡ്‌സ്‌കേപ്പ് പ്രവൃത്തികൾ എന്നിവ ഇതിൽ ഉൾപ്പെടുന്നുണ്ട്.