ബിരിയാണിയെന്നാല്‍ ഏവര്‍ക്കും ഏറെ പ്രിയപ്പെട്ട ഒരു വിഭവമാണ്. വിവിധ സ്‌പൈസസുകളെല്ലാം ചേരുന്നത് കൊണ്ട് തന്നെ ഒരു പരിധി വരെ അത് ഹെല്‍ത്തിയുമാണ്. എന്നാല്‍ വെജിറ്റബിള്‍, തൈര് സാലഡ് എന്നിവയ്‌ക്കൊപ്പം ഒരു കൃത്യം അളവില്‍ കഴിക്കണമെന്ന് മാത്രം. ഇത്തരത്തില്‍ കഴിച്ചാല്‍ ശരീരത്തിന് നല്ലതാണ് ബിരിയാണി.
നല്ല അടിപൊളി ബിരിയാണിയുണ്ടാക്കാന്‍ എല്ലാവരും നല്ല അരി അതായത് കൈമ, ചെന്നൈ എക്‌സ്‌പ്രസ് തുടങ്ങിയ തെരഞ്ഞെടുക്കാറുണ്ട്. ഇനിയിപ്പോ ഇവയൊന്നുമില്ലെങ്കില്‍ നല്ല സൂപ്പര്‍ ബിരിയാണി തയ്യാറാക്കാം. അതും മലബാര്‍ സ്‌പെഷല്‍ ബിരിയാണി. ബിരിയാണി അരിക്ക് പകരം റേഷന്‍ അരി മതി. ഇതുകൊണ്ടുള്ള നല്ല ടേസ്റ്റി സൂപ്പര്‍ ബിരിയാണി തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ആവശ്യമുള്ള ചേരുവകള്‍:
- റേഷന്‍ അരി
- ചിക്കന്‍/ബീഫ്
- സവാള
- പച്ചമുളക്
- മഞ്ഞള്‍ പൊടി
- മല്ലി പൊടി
- മുളക് പൊടി
- ഗരം മസാല
- തക്കാളി
- കുരുമുളക് പൊടി
- ഗ്രാമ്പു
- കറുവപ്പട്ട
- ഏലയ്‌ക്ക
- നാരാങ്ങ നീര്
- തൈര്
- ഉപ്പ്
- മല്ലിയില
- പൊതീന
- ഉണക്ക മുന്തിരി
- അണ്ടിപ്പരിപ്പ്
തയ്യാറാക്കേണ്ട വിധം: ബിരിയാണിക്കുള്ള മസാല ആദ്യം തയ്യാറാക്കാം. അതിനായി ചുവട് കട്ടിയുള്ള ഒരു പാത്രം അടുപ്പില്‍ വയ്‌ക്കാം. പാത്രം ചൂടാകുമ്പോള്‍ അതിലേക്ക് നെയ്യ് ചേര്‍ത്ത് കൊടുക്കാം. നെയ്യ് ചൂടാകുമ്പോള്‍ സവാള അരിഞ്ഞതിട്ട് വഴറ്റുക. അല്‍പം ഉപ്പ് ചേര്‍ത്താല്‍ വേഗത്തില്‍ ഉള്ളി വഴറ്റിയെടുക്കാം. ഉള്ളിയുടെ നിറം അല്‍പം മാറിയാല്‍ ഇഞ്ചി, വെളുത്തുള്ളി എന്നിവ ചതച്ചത് ചേര്‍ത്ത് കൊടുക്കാം. ഇതിന്‍റെ പച്ചമണം മാറിയാല്‍ അതിലേക്ക് മഞ്ഞള്‍ പൊടി, മുളക് പൊടി, മല്ലി പൊടി എന്നിവ ചേര്‍ത്തിളക്കുക. ശേഷം അരിഞ്ഞ് വച്ചിട്ടുള്ള തക്കാളി ചേര്‍ത്തിളക്കുക. തക്കാളി നന്നായി വെന്ത് വരുമ്പോള്‍ അതിലേക്ക് ഗ്രാമ്പൂ, കറുവപ്പട്ട, ഏലയ്‌ക്ക എന്നിവ പൊടിച്ചതും മല്ലിയിലയും പൊതീനയും അരിഞ്ഞതും പച്ചമുളക് ചതച്ചതും ചേര്‍ത്ത് ഇളക്കാം. ശേഷം ഇതിലേക്ക് അല്‍പം നാരങ്ങ നീരും തൈരും ചേര്‍ക്കുക. ഇവയെല്ലാം ആവശ്യത്തിന് വേവായി കഴിഞ്ഞാല്‍ കഴുകി വൃത്തിയാക്കിയ ചിക്കന്‍ അതിലേക്ക് ചേര്‍ത്ത് കൊടുക്കാം. ചിക്കന്‍ ചൂടായി വരുമ്പോള്‍ അതില്‍ നിന്നും വെള്ളമിറങ്ങും അതിന് ശേഷം ആവശ്യമെങ്കില്‍ വെള്ളം ചേര്‍ത്ത് അടച്ച് വച്ച് വേവിക്കാം.
കഷണങ്ങള്‍ വേവാകുമ്പോഴേക്കും മറ്റൊരു പാത്രത്തില്‍ അരിയിട്ട് വേവിക്കാം. അതിനായി ഒരു പാത്രത്തില്‍ വെള്ളം അടുപ്പില്‍ വയ്‌ക്കാം. അതിലേക്ക് ആവശ്യത്തിന് ഉപ്പ്, ഗ്രാമ്പൂ, കറുവപ്പട്ട, ഏലയ്‌ക്ക് എന്നിവ ചേര്‍ക്കാം. വെള്ളം തിളച്ച് വരുമ്പോള്‍ അതിലേക്ക് അരി കഴുകിയിടാം. ശേഷം അല്‍പം എണ്ണയോ, നാരാങ്ങ നീരോ അതിലേക്ക് ചേര്‍ക്കാം. അരി വേവുമ്പോഴുണ്ടാകുന്ന ഒട്ടിപ്പിടിത്തം ഒഴിവാക്കാനാണ് ഇങ്ങനെ ചെയ്യുന്നത്.
അരി വെന്ത് കഴിഞ്ഞാല്‍ അത് ഊറ്റിയെടുത്ത് ചിക്കനിലേക്ക് ഇട്ട് കൊടുക്കാം. അല്‍പം അരിയിട്ടതിന് ശേഷം അല്‍പം നെയ്യും മസാല പൊടിച്ചതും (ഗ്രാമ്പൂ, പട്ട, ഏലയ്‌ക്ക) മല്ലിയിലയും പൊതീനയിലയും ചേര്‍ത്ത് കൊടുക്കാം. ശേഷം അതിന് മുകളില്‍ അല്‍പം കൂടി അരിയിടാം. അങ്ങിനെ മുഴുവന്‍ അരിയും അതിലേക്ക് ഇടുക. ശേഷം ആവി പുറത്ത് പോകാതെ അടപ്പ് കൊണ്ട് മൂടിവയ്‌ക്കാം. ശേഷം അടുപ്പൊന്ന് നന്നായി കത്തിച്ചതിന് ശേഷം തീ കുറയ്‌ക്കുക.
അടുപ്പില്‍ നിന്നും കനല്‍ കോരി അടപ്പിന് മുകളിലിടാം. അല്‍പം കനമുള്ള പാത്രമോ കല്ലോ അതിന് മുകളിലായി വയ്‌ക്കാം. ആവിയൊട്ടും പുറത്ത് പോകാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. ഏതാനും നേരം അങ്ങനെ വച്ചതിന് ശേഷം പാത്രം തുറന്ന് ബിരിയാണി വിളമ്പാം. ഇതോടെ രുചിയേറും ചിക്കന്‍ ബിരിയാണി തയ്യാര്‍.
Also Read |