കാസർകോട് : കെഎസ്ആർടിസി ആയാലും ടൂറിസ്റ്റ് ബസ് ആയാലും 'മ്യൂസിക്' ഇല്ലാത്ത വിനോദ യാത്ര ചിന്തിക്കാൻ പറ്റില്ല. വിനോദ സഞ്ചാരത്തിനു പോകുന്ന കെഎസ്ആർടിസി ബസിലെ മ്യൂസിക് സിസ്റ്റം പരിമിതികൾ നിറഞ്ഞതാണ്. ഇത് പരിഹരിക്കുകയാണ് കാഞ്ഞങ്ങാട്ടെ കെഎസ്ആർടിസി ജീവനക്കാർ. ഇനി പാട്ടൊക്കെ കേട്ട് കാഞ്ഞങ്ങാട് നിന്നും അടിച്ച് പൊളിച്ച് യാത്ര പോകാം.
ബജറ്റ് ടൂറിസം കൂടുതൽ ആകർഷകമാക്കുന്നതിന്‍റെ ഭാഗമായാണ് കാഞ്ഞങ്ങാട് ഡിപ്പോയിലെ കെഎസ്‌ആർടിസി ബസിൽ സ്ഥിരം ശബ്‌ദ സംവിധാനം ഒരുക്കുന്നത്. ഇതിന്‍റെ ചെലവ് പൂർണമായും ജീവനക്കാരാണ് വഹിക്കുക. 18,000 രൂപയോളമാകും ശബ്‌ദ സംവിധാനമൊരുക്കുന്നതിന്.
സൗണ്ട് ബോക്‌സ്, മൈക്ക്, യുഎസ്‌ബി തുടങ്ങിയവയാണ് വാങ്ങുക. ജീവനക്കാർ നൂറും ഇരുന്നൂറും രൂപ കയ്യില്‍ നിന്നെടുത്ത് ഈ പണം കണ്ടെത്തുകയാണ്. 200 ജീവനക്കാരാണ് കാഞ്ഞങ്ങാട് ഡിപ്പോയിൽ ഉള്ളത്. രണ്ടു ദിവസത്തിനുള്ളിൽ സ്ഥിര ശബ്‌ദ സംവിധാനം ബസിൽ ഒരുങ്ങുമെന്ന് ടൂർ കോർഡിനേറ്റർ പ്രദീപ് പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ക്രിസ്‌മസ് അവധിക്കാല യാത്രകൾ കൂടി മുന്നിൽ കണ്ടാണ് ഈ മാറ്റങ്ങൾ. ബജറ്റ് ടൂറിസം ശക്തിപ്പെട്ടതിനാൽ ഈ സംവിധാനം വകുപ്പുതലത്തിൽ തന്നെ പ്രാവർത്തികമാകുമെന്നാണ് ജീവനക്കാർ പ്രതീക്ഷിക്കുന്നത്. ഇതിനുള്ള ടെൻഡർ നടപടികൾ പുരോഗമിക്കുകയാണ്. അതുവരെ ജീവനക്കാർ വാങ്ങിച്ച സംവിധാനം തന്നെ ഉപയോഗിക്കും.
ജനങ്ങളുടെ അഭ്യർഥന മാനിച്ച് ഇതുവരെ പോയ വിനോദയാത്രകളിലെല്ലാം ശബ്‌ദ സംവിധാനം വാടകയ്‌ക്കെടുത്താണ് ഇതുവരെ ഉപയോഗിച്ചതെന്നും ഇനി സ്വന്തം സംവിധാനം ഉപയോഗിച്ച് യാത്ര പോകാമെന്നും ജീവനക്കാർ പറഞ്ഞു. ശബ്‌ദ ഉപകരണങ്ങൾക്ക് വാടകയിനത്തിൽ കൊടുക്കേണ്ടി വരുന്നത് 900 രൂപ വരെയാണ്. ജീവനക്കാർ തന്നെയാണ് ഇത് എടുക്കുന്നത്.
കാഞ്ഞങ്ങാട് ഡിപ്പോയിൽ നിന്ന് നാലു തവണയാണ് ഇതിനകം യാത്ര പോയത്. നാലും വയനാട്ടിലേക്കായിരുന്നു. ആഴ്‌ചയിലൊരു തവണയും കൂടുതൽ അവധികൾ ഒരുമിച്ചുണ്ടായാൽ ആ ദിവസങ്ങളിലുമൊക്കെയാണ് യാത്ര പോകാൻ തീരുമാനിച്ചിട്ടുള്ളത്. കേരളത്തിലെ പ്രധാനപ്പെട്ട ഇടങ്ങളിലേക്കെല്ലാം ഇവിടെ നിന്നും സർവീസ് ഉണ്ട്. യാത്ര തുടങ്ങുമ്പോൾ പോകുന്ന സ്ഥലത്തെ കുറിച്ചും ജീവനക്കാർ പരിചയപ്പെടുത്തും. ഇനി കെഎസ്ആർടിസിയിലുള്ള വിനോദയാത്ര കൂടുതൽ മനോഹരമാകും.
Also Read:
ജനലിലൂടെ പുറത്തേക്കെറിയണ്ട..; കെഎസ്ആര്‍ടിസി ബസുകളില്‍ വേസ്‌റ്റ് ബിനുകള്‍ വരുന്നു...
ഡ്രൈവര്‍ സീറ്റില്‍ മകൻ, ടിക്കറ്റ് നല്‍കാൻ അമ്മ; കെഎസ്‌ആര്‍ടിസി സ്വിഫ്റ്റിലെ അത്യപൂര്‍വ കാഴ്‌ച