കണ്ണൂര്‍ : മഴക്കാലത്ത് കുത്തിയൊഴുകുന്ന പുഴയാണവൾ. എല്ലായിടത്തു നിന്നും ഒഴുകിയെത്തി, എണ്ണിയാൽ തീരാത്ത മരങ്ങളെ തഴുകി 12 ചാലുകളായി അവൾ പരന്നൊഴുകുന്നു.
കണ്ണൂരിലെ തടിക്കടവ് പ്രദേശത്തെ അത്രമേൽ സുന്ദരമാക്കുന്ന ഒരിടം. അതാണ് പന്ത്രണ്ടാം ചാലും തടിക്കടവ് പക്ഷി സങ്കേതവും. 1995-2000 കാലത്ത് ആണ് കണ്ണൂരിലെ ചപ്പാരപ്പടവ് പഞ്ചായത്ത് പന്ത്രണ്ടാം ചാലിലെ പുഴയോരത്തെ മരങ്ങളുടെ പട്ടിക തയ്യാറാക്കുന്നത്. അതിന്‍റെ ചുവട് പിടിച്ച് പക്ഷി സങ്കേതം എന്നൊരു കവാടവും.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
പഞ്ചായത്ത് അധികൃതരുടെ മനസിൽ അന്ന് വിരിഞ്ഞൊരാശയം ഇന്നും പൂർണമായി വിജയിച്ചില്ലെങ്കിലും സഞ്ചാരികളെ കാത്തിരിക്കുന്നത് അതിസുന്ദരമായ ഒരനുഭൂതിയാണ്. 12 ചാലുകളിലൂടെയും നടന്നു നീങ്ങി പ്രദേശം മുഴുവനായി കാണണം എങ്കിൽ ഒരു ദിവസം എങ്കിലും എടുക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് സുനിജ ബാലകൃഷ്‌ണൻ പറയുന്നു.
മഞ്ഞ് പെയ്യുന്ന നവംബർ, ഡിസംബർ മാസങ്ങളിൽ ആണ് ഏറ്റവും കൂടുതൽ സഞ്ചാരികൾ തടിക്കടവിനെയും പക്ഷി സാങ്കേതത്തെയും തേടി എത്താറുള്ളത്. പ്രധാന റോഡിൽ നിന്ന് ഒറ്റനോട്ടത്തിൽ കാണില്ലെങ്കിലും കാഴ്‌ചയുടെ സുന്ദര തീരത്തേക്ക് തുറക്കുന്ന ഒരു കവാടം ഉണ്ടിവിടെ. ഇതിലൂടെ ഇറങ്ങി സ്വകാര്യ വ്യക്തിയുടെ പറമ്പും കടന്നാല്‍ ആ സുന്ദര ഭൂമിയിലെത്താം.
സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ടൂറിസം വികസന സാധ്യതകളിൽ പഞ്ചായത്ത് നിർദേശിച്ചത് പന്ത്രണ്ടം ചാലിനെ ആയിരുന്നു. തടിക്കടവിന്‍റെ ടൂറിസം സാധ്യതകൾ സംസ്ഥാന സർക്കാരിന്‍റെ ശ്രദ്ധയില്‍ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് പഞ്ചായത്ത് അധികൃതര്‍.