ഇടുക്കി: ജക്രാന്ത മരങ്ങളൊരുക്കിയ നീല വസന്തത്തിന് പിന്നാലെ തേയിലത്തോട്ടങ്ങളില്‍ ഗുല്‍മോഹര്‍ പൂക്കാലം. കോടമഞ്ഞിറങ്ങുന്ന തേയില കാടുകളിലെ വഴിയരികില്‍ പൂത്ത് നില്‍ക്കുന്ന പൂവാകകള്‍ ഇടുക്കിയില്‍ നിന്നുള്ള മനോഹര കാഴ്‌ചകളിലൊന്നാണ്. അന്തർ സംസ്ഥാന പാതയായ മൂന്നാര്‍- മറയൂര്‍ റോഡിന്‍റെ ഇരുവശങ്ങളിലാണ് കിലോമീറ്ററുകളോളം കടും ചുവപ്പണിഞ്ഞ് ഗുല്‍മോഹര്‍ വിരിഞ്ഞത്.
ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഈ പൂക്കള്‍ക്കൊപ്പം വിരിയുന്നത് പ്രണയത്തിന്‍റെയും ബാല്യത്തിന്‍റെയും ഒപ്പം വിപ്ലവത്തിന്‍റെയും ഓര്‍മകള്‍ കൂടിയാണ്. മരത്തിന്‍റെ ചെറു ചില്ലകളുടെ അഗ്രങ്ങളില്‍ കുലകളായി വിരിയുന്ന ഇവ ചെറു കാറ്റില്‍ പൊഴിയുന്നതും കാണാറുണ്ട്. കോടമഞ്ഞും ഇളം തെന്നലുമേറ്റ് വഴിയരികില്‍ പൊഴിഞ്ഞ് കിടക്കുന്ന പൂക്കളാകാട്ടെ ചുവപ്പ് പരവതാനി വിരിച്ചത് പോലെ തോന്നിക്കും.
മൂന്നാറിന്‍റെ തേയില ചെരുവുകള്‍ക്ക് ചുവപ്പ് കുടപിടിക്കുന്നത് പോലെയാണ് പൂവാകകളുള്ളത്. കടുത്ത വേനല്‍ കാലത്ത് ഇടുക്കിയിലെത്തുന്ന സന്ദര്‍ശകര്‍ക്ക് നയന മനോഹര കാഴ്‌ചയാണ് ഇത് സമ്മാനിക്കുന്നത്. കിലോമീറ്ററുകളോളം നീളത്തിലാണ് പാതയോരങ്ങള്‍ക്ക് അഴക് വിരിയിച്ച് ഗുല്‍മോഹര്‍ പൂത്തിരിക്കുന്നത്.
മധ്യവേനല്‍ കാലത്ത് പൂക്കുന്ന ഇവയെ വേനല്‍പ്പൂക്കളെന്നും അറിയപ്പെടുന്നുണ്ട്. കടുത്ത വേനലില്‍ പൂത്തുവിരിയുന്ന മരങ്ങള്‍ ദിവസങ്ങളോളം അതിന്‍റെ മനോഹരാരിത പടര്‍ത്തും. തുടര്‍ന്ന് വസന്തക്കാലത്തിന്‍റെ വരവോടെ കൊഴിഞ്ഞ് ഇല്ലാതാകുകയും ചെയ്യും.