ഹൈദരാബാദ് : രാജ്യത്ത് ഹോസ്‌പിറ്റാലിറ്റി രംഗത്ത് പ്രശസ്‌തമായ ഡോൾഫിൻ ഹോട്ടൽസ് ശൃഖംല റാമോജി ഗ്രൂപ്പിന്‍റെ ചെയർമാനായ അന്തരിച്ച റാമോജി റാവുവിൻ്റെ ശ്രമഫലമായി വളർന്നു വന്നതാണ്. ഐഎസ്‌ഒ സർട്ടിഫിക്കറ്റോടെ ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ടതാണ് ഡോൾഫിൻ ഹോട്ടൽസ്. ഭക്ഷണത്തിൻ്റെ ഗുണനിലവാരത്തിന്‍റെ കാര്യത്തിലും ഡോൾഫിൻ പ്രശസ്‌തമാണ്. ഈനാട് ദിനപത്രത്തെ പോലെ വിശാഖപട്ടണത്ത് ആരംഭിച്ച ഡോൾഫിൻ ഹോട്ടൽ ഹൈദരാബാദിലേക്കും, പിന്നീട് മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കുകയായിരുന്നു.
റാമോജി ഫിലിം സിറ്റിയിലും ഡോൾഫിൻ ഗ്രൂപ്പിന് താര, സിതാര എന്നീ പേരുകളിൽ രണ്ട് ഹോട്ടലുകളുണ്ട്. അത്യാധുനിക സൗകര്യങ്ങളോടെ ആഭ്യന്തര-വിദേശ വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന ഈ സ്റ്റാർ ഹോട്ടലുകൾ അതിന്‍റെ സൗകര്യങ്ങൾക്ക് പേരുകേട്ടതാണ്. ഫിലിം സിറ്റിയിൽ വർഷം തോറും നടക്കുന്ന നൂറുകണക്കിന് കോർപ്പറേറ്റ് കോൺഫറൻസുകളിൽ പങ്കെടുക്കുന്നവർക്ക് താമസ സൗകര്യമൊരുക്കുന്നത് താരയിലും സിതാരയിലുമാണ്. 2002-ലെ ലോക ചെസ് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത എല്ലാ ദേശീയ-വിദേശ പ്രമുഖർക്കും ആതിഥേയത്വം വഹിച്ചത് ഇവിടെയായിരുന്നു.
സിതാരയിലെ രുചിയേറിയ മധുരപലഹാരങ്ങളും അവയുടെ തീമുകളും വളരെ പ്രശസ്‌തമാണ്. അമ്രപാലി, ക്ലിയോപാട്ര, മുഗൾ-ഇ-അസം എന്നിവരുടെ തീമുകളിലുള്ള മധുരപലഹാരങ്ങൾ ഇവിടുത്തെ പ്രത്യേകതയാണ്. ഇത് അതാത് സംസ്‌കാരങ്ങളെയും പ്രതിഫലിപ്പിക്കുന്നു. സ്വിമ്മിങ് പൂൾ, ടെന്നീസ്, ബാസ്‌ക്കറ്റ് ബോൾ തുടങ്ങിയ കായിക ഇനങ്ങൾക്കുള്ള കോർട്ടുകൾ, വിപുലമായ ലൈബ്രറി, ഹെൽത്ത് ക്ലബ്, യോഗ സെൻ്റർ തുടങ്ങിയ സൗകര്യങ്ങളും സിതാരയിലുണ്ട്. മുൻനിര കോർപ്പറേറ്റ് കമ്പനികളുടെ മീറ്റിങ്ങുകൾ, കോൺഫറൻസുകൾ, സെമിനാറുകൾ എന്നിവ നടത്താനുള്ള പ്രത്യേക സൗകര്യവും ഇവിടെയുണ്ട്.
റാമോജി റാവുവിൻ്റെ ദീർഘവീക്ഷണത്തോടെ ഫിലിം സിറ്റിയിൽ നിർമിച്ച സഹാറ, ശാന്തിനികേതൻ ഹോട്ടലുകളും ഡോൾഫിന്‍റെ ഭാഗമാണ്. ഫിലിം സിറ്റി സന്ദർശിക്കുന്ന സിനിമ താരങ്ങൾക്കും റാമോജി ഗ്രൂപ്പ് താമസ സൗകര്യം വാഗ്‌ദാനം ചെയ്യുന്നു.
ഡോൾഫിൻ ഹോട്ടൽസിന്‍റെ ചരിത്രം : 1980ലാണ് വിശാഖയിലെ ആദ്യത്തെ ത്രീ സ്റ്റാർ ഹോട്ടലായി ഡോൾഫിൻ ഹോട്ടൽ ആരംഭിച്ചത്. നാല് നിലകളിൽ തുടങ്ങി എട്ട് നിലകളിലേക്ക് വികസിച്ച ഈ ഹോട്ടലിൻ്റെ നിലവാരവും പിന്നീട് ഫോർ സ്റ്റാർ ആയി ഉയർന്നു. വിശാഖപട്ടണത്തെ ഏറ്റവും മികച്ചതായി 2008 ൽ ഇതിന് സർക്കാർ അംഗീകാരം ലഭിച്ചു.
നിരവധി ആഭ്യന്തര, വിദേശ വിനോദ സഞ്ചാരികളെ ആകർഷിച്ച ഡോൾഫിൻ ഹോട്ടലിന് ഫെഡറേഷൻ ഓഫ് ഹോട്ടൽസ് ആൻഡ് റെസ്റ്റോറൻ്റ്സ് അസോസിയേഷൻ, ഇൻ്റർനാഷണൽ ഹോട്ടൽ അസോസിയേഷൻ, ട്രാവൽ ഏജൻ്റ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ എന്നിവയിൽ അംഗത്വമുണ്ട്. ഉപഭോക്താക്കളുടെ അഭിരുചിക്കനുസരിച്ചാണ് ഇവിടെ ക്രമീകരണങ്ങൾ ഒരുക്കിയിരിക്കുന്നത്.