ഹൈദരാബാദ്: ഇന്നത്തെ ഡിജിറ്റൽ യുഗത്തിൽ ജീവിക്കുന്ന കുട്ടികളിൽ ഭൂരിഭാഗവും യൂട്യൂബ് ഉപയോഗിക്കുന്നവരാണ്. രക്ഷിതാക്കളുടെ കൃത്യമായ മേൽനോട്ടമില്ലാതെ കുട്ടികൾ സാമൂഹ മാധ്യമങ്ങൾ ഉപയോഗിക്കുന്നത് അവരുടെ വളർച്ചയെയും മാനസികാരോഗ്യത്തെയും വലിയതോതിൽ ബാധിക്കുമെന്നതിൽ സംശയമില്ല. കുട്ടികളുടെ യൂട്യൂബ് ഉപയോഗത്തിൽ മേൽനോട്ടം വഹിക്കാൻ പുതിയ ഫീച്ചറുമായി എത്തിയിരിക്കുകയാണ് ഗൂഗിളിന്‍റെ ഉടമസ്ഥതയിലുള്ള യൂട്യൂബ്.
പുതിയ ഫീച്ചർ വരുന്നതോടെ കുട്ടികളുടെ യൂട്യൂബ് അക്കൗണ്ടിനെ രക്ഷിതാക്കളുടെ അക്കൗണ്ടുമായി ബന്ധിപ്പിക്കാനും കുട്ടിയുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കാനും കഴിയും. ഇതോടെ കുട്ടികൾ യൂട്യൂബിൽ എന്താണ് കാണുന്നത്, അപ്‌ലോഡ് ചെയ്‌ത വീഡിയോകൾ, സബ്‌സ്‌ക്രൈബ് ചെയ്‌ത ചാനലുകൾ, വീഡിയോ സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകളിലെ പോസ്റ്റുകൾ, കമൻ്റുകൾ ഇവയെല്ലാം തൽക്ഷണം രക്ഷിതാക്കൾക്ക് അറിയാനാകും. ഉത്തരവാദിത്വത്തോടെയുള്ള യൂടൂബ് ഉപയോഗത്തിനായി കുട്ടികൾക്ക് വേണ്ട നിർദേശങ്ങൾ നൽകാനും, അവരെ ശരിയായ ദിശയിലേക്ക് നയിക്കാനുമാണ് പുതിയ ഫീച്ചർ.
യൂട്യൂബ് ഫാമിലി സെൻ്റർ ഫീച്ചറിൻ്റെ സഹായത്തോടെയാണ് കുട്ടിയുടെ യൂട്യൂബ് അക്കൗണ്ട് രക്ഷിതാവിൻ്റെ അക്കൗണ്ടുമായി ലിങ്ക് ചെയ്യുക. കുട്ടി ഒരു വീഡിയോ അപ്‌ലോഡ് ചെയ്യുകയോ തത്സമയ സ്‌ട്രീം ആരംഭിക്കുകയോ ചെയ്‌താൽ, പുതിയ സംവിധാനം വഴി ഉടൻ തന്നെ രക്ഷിതാക്കളെ ഇമെയിൽ വഴി അറിയിക്കും.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
അപകടകരമായ യൂട്യൂബ് കണ്ടന്‍റുകളിൽ നിന്ന് കുട്ടികളെയും കൗമാരക്കാരയും സംരക്ഷിക്കുന്നതിനായി യൂട്യൂബ് ഇതിനകം തന്നെ നിരവധി നിയമങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. തോക്ക് പോലുള്ള ആയുധങ്ങളുമായി ബന്ധപ്പെട്ട വീഡിയോകൾ 18 വയസിന് മുകളിലുള്ള ഉപയോക്താക്കൾക്കായി പരിമിതപ്പെടുത്തിയിട്ടുണ്ട്.
കുട്ടികളുടെ സ്വകാര്യതെ ബാധിക്കുമോ ?
വളർന്നു വരുന്ന കുട്ടികളുടെ സുരക്ഷ കണക്കിലെടുത്താണ് യൂട്യൂബ് ഈ പുതിയ ഫീച്ചർ അവതരിപ്പിക്കുന്നത്. കുട്ടികളുടെ ഡിജിറ്റൽ ജീവിതത്തിൽ രക്ഷിതാക്കൾക്ക് മേൽനോട്ടമില്ലാതെ വരുമ്പോൾ ഇത് ശാരീരികവും മാനസികവുമായ അവരുടെ വളർച്ചയെ പ്രതികൂലമായി ബാധിക്കാനിടയുണ്ട്. പുതിയ ഫീച്ചർ കുട്ടികളുടെ സർഗാത്മകതയെയും സ്വാതന്ത്ര്യത്തെയും ബാധിക്കില്ലെന്നും, അവരുടെ സുരക്ഷ ഉറപ്പാക്കുക മാത്രമാണ് ലക്ഷ്യമെന്നും യൂട്യൂബ് അറിയിച്ചു.
പുതിയ ഫീച്ചർ ലഭിക്കാൻ എന്തുചെയ്യണം ?
- രക്ഷിതാക്കൾ അവരുടെ യൂട്യൂബ് തുറന്ന് 'settings' എടുക്കുക.
- തുടർന്ന് 'ഫാമിലി സെൻ്റർ പേജ്' തെരഞ്ഞെടുക്കുക
- 'add family members' എന്ന ഓപ്‌ഷനിൽ പോയി നിങ്ങൾക്ക് കുട്ടികളുടെ യൂട്യൂബ് പ്രൊഫൈൽ ലിങ്ക് ചെയ്യാനാവും.
ആൻഡ്രോയ്‌ഡ്, ഐഫോൺ ഉപയോക്താക്കൾക്ക് ഈ സേവനങ്ങൾ ലഭ്യമാകും. ഫാമിലി സെൻ്റർ ഹബ്ബിൻ്റെ ഭാഗമായി അവതരിപ്പിച്ച പുതിയ ഫീച്ചർ ഉടൻ വിപുലീകരിക്കുമെന്ന് യൂട്യൂബ് അറിയിച്ചിട്ടുണ്ട്.