ഹൈദരാബാദ്: ഒന്നിനു പുറമെ ഒന്നായി പുതിയ ഫീച്ചറുകൾ അവതരിപ്പിച്ചു കൊണ്ട് ഉപഭോക്താക്കളുടെ മനസിൽ കൂടുതൽ ഇടംപിടിക്കുകയാണ് ജനപ്രിയ മെസേജിങ് ആപ്പായ വാട്‌സ്‌ആപ്പ്. ഇപ്പോൾ ചാറ്റുകളെ ഇഷ്‌ടാനുസരണം വ്യത്യസ്‌ത ലിസ്റ്റുകളാക്കി വേർതിരിക്കാവുന്ന പുതിയ ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ് വാട്‌സ്‌ആപ്പ്. ചാറ്റുകളെ വേർതിരിക്കുന്നതു വഴി ആവശ്യമുള്ള ചാറ്റുകളെ എളുപ്പത്തിൽ കണ്ടെത്താൻ സാധിക്കും.
പുതിയ ഫീച്ചറിന്‍റെ ഉപയോഗമെന്ത്?
ഒന്നിലധികം ആവശ്യങ്ങൾക്കായി വാട്‌സ്‌ആപ്പ് ഉപയോഗിക്കുന്നവരാണ് നമ്മളിൽ പലരും. പേഴ്‌സണൽ ആയും ജോലിയുടെ ആവശ്യങ്ങൾക്കായും ബിസിനസിനായും നമുക്ക് വാട്‌സ്‌ആപ്പ് ഉപയോഗിക്കേണ്ടി വരാറുണ്ട്. വാട്‌സ്‌ആപ്പ് തുറക്കുമ്പോൾ തന്നെ സുഹൃത്തുക്കൾ, കുടുംബാംഗങ്ങൾ, ഒപ്പം ജോലി ചെയ്യുന്നവർ, പ്രിയപ്പെട്ടവർ എന്നിങ്ങനെ നിരവധി പേരുടെ മെസേജുകൾ വന്ന് നിൽക്കും.
പലപ്പോഴും ഇതിൽ നിങ്ങൾക്ക് ആവശ്യമായ മെസേജ് തെരയാൻ ബുദ്ധിമുട്ടായിരിക്കും. പുതിയ ഫീച്ചർ വരുന്നതോടെ നിങ്ങളുടെ ആവശ്യങ്ങൾക്കനുസരിച്ച് സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും ഉൾപ്പെടെ എല്ലാ ചാറ്റുകളും നിങ്ങൾക്ക് വേർതിരിച്ച് ലിസ്റ്റ് ചെയ്യാനാവും. അപ്പോൾ ചാറ്റുകൾക്കായി നിങ്ങൾക്ക് തെരയേണ്ടി വരില്ല.
എങ്ങനെ ചെയ്യാം?
വാട്ട്‌സ്ആപ്പ് തുറന്നാലുടൻ ആൾ (all), അൺറീഡ് (unread),ഫേവറേറ്റ്‌സ് (favourites), ഗ്രൂപ്പ്‌സ് (groups) എന്നീ ഓപ്‌ഷനുകൾ നിങ്ങൾക്ക് കാണാൻ സാധിക്കും. ഇതിലൂടെ കൂട്ടുകാരുടെയും കുടുംബക്കാരുടെയും അയൽക്കാരുടെയും സഹപ്രവർത്തകുടെയും ചാറ്റുകൾ വെവ്വേറെയാക്കി ലിസ്റ്റ് ചെയ്യാൻ സാധിക്കും. കൂടുതൽ ലിസ്റ്റുകൾ നിർമിക്കാനും സാധിക്കുന്ന തരത്തിലാണ് ഫീച്ചർ ചെയ്‌തിരിക്കുന്നത്.
പ്രിയപ്പെട്ടവരുടെ ചാറ്റിനായി 'ഫേവറേറ്റ്സ്' ലിസ്റ്റും ഗ്രൂപ്പുകൾക്കായി 'ഗ്രൂപ്പ്' ലിസ്റ്റും കൂട്ടുകാർക്കായി 'ബഡ്ഡീസ്' ലിസ്റ്റും നൽകിയിട്ടുണ്ട്. കൂടുതൽ ഓപ്‌ഷനുകൾ ചേർക്കണമെങ്കിൽ വലത് വശത്തായി കാണുന്ന '+' ഓപ്‌ഷനിൽ ക്ലിക്ക് ചെയ്‌താൽ മതി. '+' ഐക്കണിന്‍റെ സഹായത്തോടെ കുടുംബം, ഓഫിസ്, സുഹൃത്തുക്കൾ എന്നിങ്ങനെ നിങ്ങളുടെ ഇഷ്‌ടാനുസരണം പുതിയ ലിസ്റ്റുകൾ നിർമിക്കാനാവും. ലിസ്റ്റ് ചെയ്‌തവയെ ദീർഘനേരം അമർത്തിപ്പിടിച്ചാൽ ഫിൽട്ടറുകൾ എഡിറ്റ് ചെയ്യാനും സാധിക്കും.
പുതിയ ഫീച്ചർ എപ്പോൾ ലഭ്യമാകും?
വാട്ട്‌സ്ആപ്പിന്‍റെ ഈ ഫീച്ചർ ഇതിനകം തന്നെ ആപ്പിൽ ലഭ്യമാണെന്ന് മെറ്റ സിഇഒ മാർക്ക് സക്കർബർഗ് വാട്‌സ്ആപ്പ് ചാനലിലൂടെ അറിയിച്ചിട്ടുണ്ട്. ഫീച്ചർ ഉടൻ തന്നെ എല്ലാ ആപ്പ് ഉപയോക്താക്കൾക്കും ലഭ്യമാകും.