ന്യൂഡൽഹി: ഡൽഹി വിമാനത്താവളത്തിലെ ഒന്നും രണ്ടും മൂന്നും ടെർമിനലുകളിലേക്ക് യാത്രക്കാർക്ക് എളുപ്പത്തിൽ എത്തിച്ചേരുന്നതിന് എയർ ട്രെയിൻ (ഓട്ടോമാറ്റിക് പീപ്പിൾ മൂവർ) ആരംഭിക്കാനൊരുങ്ങി ഡൽഹി ഇന്‍റർനാഷണൽ എയർപോർട്ട് ലിമിറ്റഡ്. ഇതിനായി ടെൻഡർ നടപടികൾ ആരംഭിച്ചു. എയറോസിറ്റി, കാർഗോസിറ്റി എന്നിവയെ ബന്ധിപ്പിച്ച് 7.7 കിലോ മീറ്ററോളം സർവീസ് നടത്തുന്ന സംവിധാനമാണ് വരുന്നത്. പുതിയ സംവിധാനം വരുന്നതോടെ വേഗതയേറിയതും തടസമില്ലാത്തതുമായ കണക്റ്റിവിറ്റി നൽകുന്നതിനൊപ്പം, കാർബൺ ബഹിർഗമനം കുറയ്‌ക്കും.
രാജ്യത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളമാണ് ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം. ടെർമിനലുകളെ ബന്ധിപ്പിക്കുന്നത് വഴി ആളുകളുടെ യാത്ര സുഗമമാക്കാനാകും. ഇന്ത്യയിലെ ആദ്യത്തെ എയർ ട്രെയിൻ സംവിധാനമായിരിക്കും ഡൽഹിയിൽ വരുന്നത്. 2027 ഓടെ പദ്ധതി യാഥാർത്ഥ്യമാവുമെന്നാണ് വിവരം.
ഇതിനായി ടെർമിനൽ ഒന്നിനും രണ്ടിനും മൂന്നിനുമിടയിൽ ഓട്ടോമേറ്റഡ് പീപ്പിൾ മൂവർ (എപിഎം) നിർമിക്കുമെന്നാണ് ഡൽഹി ഇന്‍റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് പറയുന്നത്. വരുന്ന ഒക്ടോബർ-നവംബർ മാസത്തോടെ പദ്ധതിക്കായി ലേലം ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നത്. എയർ ട്രെയിനിന് 4 സ്റ്റോപ്പുകൾ ഉണ്ടായിരിക്കും. ലോകത്തെ പല രാജ്യങ്ങളിലെയും വിമാനത്താവളങ്ങളിലേക്ക് ഇത്തരത്തിലുള്ള എയർ ട്രെയിൻ സർവീസ് നടത്തുന്നുണ്ട്.
എന്താണ് എയർ ട്രെയിൻ?
ഓട്ടോമേറ്റഡ് പീപ്പിൾ മൂവർ (എപിഎം) എന്നറിയപ്പെടുന്ന എയർ ട്രെയിൻ പേരു പോലെ തന്നെ ഒരു ഓട്ടോമേറ്റഡ് ട്രെയിൻ സംവിധാനമാണ്. എയർ ട്രെയിനുകൾ വിമാനത്താവളത്തിലെ വിവിധ ടെർമിനലുകളെയും മറ്റ് പ്രധാന സ്ഥലങ്ങളെയും ബന്ധിപ്പിക്കും. ഇത് ഒരു മോണോ റെയിലായും പ്രവർത്തിക്കുന്നു. നിരവധി അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ യാത്രക്കാരുടെ സൗകര്യാർത്ഥം എയർ ട്രെയിനുകൾ പ്രവർത്തിക്കുന്നുണ്ട്. തിരക്കേറിയ വിമാനത്താവളങ്ങളിൽ ഒരു ടെർമിനലിൽ നിന്ന് മറ്റൊന്നിലെത്താൻ എയർ ട്രെയിൻ ഉപകാരപ്രദമാണ്.
ഡൽഹിയിൽ എയർ ട്രെയിനിന്‍റെ ആവശ്യകത എന്താണ്?
ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമാണ് ഡൽഹി എയർപോർട്ട്. പ്രതിവർഷം 7 കോടിയിലധികം യാത്രക്കാർ ഇതിലൂടെ സഞ്ചരിക്കുന്നു. അടുത്ത 6-8 വർഷത്തിനുള്ളിൽ യാത്രക്കാരുടെ എണ്ണം ഇരട്ടിയാകാനിടയുണ്ട്. ഇത്തരമൊരു സാഹചര്യത്തിൽ ടെർമിനലുകൾ തമ്മിലുള്ള കണക്റ്റിവിറ്റി വളരെ പ്രധാനമാണ്. ഡൽഹി വിമാനത്താവളത്തിൽ ടെർമിനൽ 1 മറ്റ് രണ്ട് ടെർമിനലുകളിൽ നിന്നും ദൂരെയാണ് സ്ഥിതി ചെയ്യുന്നത്. നിലവിൽ, യാത്രക്കാർ മറ്റൊരു ടെർമിനലിലേക്ക് പോകണമെങ്കിൽ ഡിടിസി ബസിലാണ് യാത്ര ചെയ്യുന്നത്. അതിന് ഒരുപാട് സമയമെടുക്കും. ഈ സമയം ലാഭിക്കാനാണ് എയർ ട്രെയിൻ പദ്ധതി ആരംഭിക്കാനൊരുങ്ങുന്നത്.
Also Read: ക്യാൻസർ ട്യൂമർ കണ്ടെത്താൻ എഐ സാങ്കേതികവിദ്യ: മെഡിക്കൽ രംഗത്തും എഐ ഇഫക്‌ട്