ന്യൂഡൽഹി: 2023-24 സാമ്പത്തിക വർഷത്തിൽ ഇന്ത്യയിലെ ഡിജിറ്റൽ ഇടപാടുകളുടെ എണ്ണം വർധിച്ചതായി ധനമന്ത്രാലയത്തിൻ്റെ കണക്കുകൾ. 2017-18 സാമ്പത്തിക വർഷത്തിൽ 2,071 കോടി ആയിരുന്ന ഡിജിറ്റൽ ഇടപാടുകൾ 2023-24 വർഷത്തിൽ 18,737 കോടിയായി ഉയർന്നതായാണ് കണക്കുകൾ പറയുന്നത്. 44 ശതമാനം വാർഷിക വളർച്ച നിരക്കാണ് (സിഎജിആർ) ഇത് സൂചിപ്പിക്കുന്നത്.
2024-25 സാമ്പത്തിക വർഷത്തിൻ്റെ അവസാന അഞ്ച് മാസം മാത്രം ബാക്കി നിൽക്കെ (ഏപ്രിൽ-ഓഗസ്റ്റ്) ഡിജിറ്റൽ ഇടപാടുകൾ 8,659 കോടിയിൽ എത്തി നിൽക്കുന്നതായും ധനമന്ത്രാലയം. ഈ സാമ്പത്തിക വർഷത്തിൽ ഇടപാടുകളുടെ മൂല്യം 1,962 ലക്ഷം കോടി രൂപയിൽ നിന്ന് 3,659 ലക്ഷം കോടി രൂപയായി ഉയർന്നിട്ടുണ്ട്. 11 ശതമാനം വാർഷിക വളർച്ചയാണ് ഇത് സൂചിപ്പിക്കുന്നത്.
അതേസമയം, 2023-24 സാമ്പത്തിക വർഷത്തിൽ യുപിഐ ഇടപാടുകളുടെ മൂല്യം 13,116 കോടിയായി ഉയർന്നിട്ടുണ്ട്. 2017-18 സാമ്പത്തിക വർഷത്തിലെ യുപിഐ ഇടപാടുകളുടെ മൂല്യം 92 കോടി ആയിരുന്നു. 129 ശതമാനം വളർച്ചയാണ് ഇത് കാണിക്കുന്നത്.
കഴിഞ്ഞ അഞ്ച് മാസത്തിനിടെ മൊത്തം ഇടപാട് മൂല്യം 101 ലക്ഷം കോടി രൂപയായാണ് ഉയർന്നത്. യുഎഇ, സിംഗപ്പൂർ, ഭൂട്ടാൻ, നേപ്പാൾ, ശ്രീലങ്ക, ഫ്രാൻസ്, മൗറീഷ്യസ് തുടങ്ങിയ ഏഴ് രാജ്യങ്ങളിലെ പ്രധാന വിപണികളിലെ ഇടപാടുകൾ യുപിഐ സംവിധാനം സുഗമമാക്കുന്നു. മുൻ സാമ്പത്തിക വർഷങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ രാജ്യത്തെ ഡിജിറ്റൽ പേയ്‌മെൻ്റ് സിസ്റ്റം bളരെയധികം വികസിച്ചിട്ടുണ്ട്.
രാജ്യത്തുടനീളമുള്ള ദശലക്ഷക്കണക്കിന് ഉപയോക്താക്കൾ യുപിഐയെ തത്സമയ പേയ്‌മെൻ്റിനുള്ള ഇഷ്‌ടപ്പെട്ട മോഡാക്കി മാറ്റിയതിന് കാരണം അതിന്‍റെ അനായാസമായ ഉപയോഗം തന്നെയാണ്. രാജ്യത്തെ ഡിജിറ്റൽ ഇടപാടുകളിൽ പിയർ-ടു-മർച്ചൻ്റ് (P2M) ഇടപാടുകളുടെ സംഭാവന ഓഗസ്റ്റിൽ 62.40 ശതമാനത്തിലെത്തിയിരുന്നു. ഇടപാടുകളിൽ 85 ശതമാനവും 500 രൂപ വരെ മൂല്യമുള്ളവയാണ്. ഡിജിറ്റൽ പേയ്‌മെൻ്റിന്‍റെ വളർച്ച നമ്മൾ കരുതുന്നതിനുമപ്പുറമാണെന്നാണ് ഇത് ചൂണ്ടിക്കാച്ചുന്നത്.