ന്യൂഡൽഹി: മണ്ണിടിച്ചിൽ നടന്ന സ്ഥലത്ത് മാപ്പിങ് നടത്തി ദുരന്തത്തിന്‍റെ വ്യാപ്‌തി കണ്ടെത്തുന്നതിന് പുതിയ സാങ്കേതികവിദ്യ വികസിപ്പിച്ച് ഡൽഹി ഐഐടിയിലെ ഗവേഷകർ. എംഎൽ കാസ്‌കേഡ് (ML-CASCADE) എന്ന സംവിധാനമാണ് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. സാറ്റലൈറ്റ് ഡാറ്റ ഉപയോഗിച്ച് മണ്ണിടിച്ചിലിൻ്റെ വ്യാപ്‌തി വേഗത്തിൽ മാപ്പ് ചെയ്യുന്നതിന് ക്ലൗഡ് കമ്പ്യൂട്ടിങും മെഷീൻ ലേണിങും പ്രയോജനപ്പെടുത്തുന്നതാണ് ഉപകരണത്തിന്‍റെ സാങ്കേതികവിദ്യ.
മണ്ണിടിച്ചിലിൻ്റെ ഏകദേശ തീയതിയും സ്ഥലവും നൽകിയാൽ, പെട്ടന്ന് തന്നെ അതിന്‍റെ വ്യാപ്‌തി മാപ് ചെയ്‌തു തരുമെന്നാണ് പ്രത്യേകത. മണ്ണിടിച്ചിലിന് മുമ്പും ശേഷവുമുള്ള ഡാറ്റകളും ചിത്രങ്ങളും ഞൊടിയിടയിൽ വിശകലനം ചെയ്‌താണ് ഈ സാങ്കേതികവിദ്യ വഴി മാപ്പിങ് സാധ്യമാക്കുന്നത്. ചെറിയ മണ്ണിടിച്ചിലുകൾ ആണെങ്കിൽ വളരെ വേഗത്തിലും, സങ്കീർണമായവ ആണെങ്കിൽ അഞ്ച് മിനിറ്റിനുള്ളിലും മാപ് ചെയ്യാൻ സാധിക്കും. ദുരന്താനന്തര വിലയിരുത്തലുകൾക്ക് നിർണായകമായിരിക്കും ഈ സാങ്കേതികവിദ്യ.
ഐഐടി ഡൽഹിയിലെ സിവിൽ എൻജിനീയറിങ് വിഭാഗത്തിലെ ഗവേഷകരാണ് എംഎൽ കാസ്‌കേഡ് വികസിപ്പിച്ചെടുത്തത്. പിഎച്ച്‌ഡി സ്‌കോളർ നിർദേശ് കുമാർ ശർമ്മയും പ്രൊഫ. മാനബേന്ദ്ര സഹാരിയയും ചേർന്ന് വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യ 'ലാൻഡ്‌സ്‌ലൈഡ്‌സ് ഓൺ ലാൻഡ്‌സ്‌ലൈഡ്‌സ്' എന്ന അന്താരാഷ്ട്ര കൺസോർഷ്യത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പ്രയോജനം എന്ത്?
മണ്ണിടിച്ചിലിന് ശേഷം അതിന്‍റെ വ്യാപ്‌തി അളക്കുന്നതിന് പരമ്പരാഗത രീതിയിൽ മാപ്പിങ് നടത്തുന്നത് പലപ്പോഴും സമയമെടുക്കുന്നതും ചെലവേറിയതുമാണ്. മാനുവൽ ഡിജിറ്റൈസേഷൻ ചിലയിടങ്ങളിൽ അപ്രായോഗികമായിരിക്കും. ഫീൽഡ് സർവേകളും ചിലപ്പോൾ സാധിക്കാതെ വരുന്നു. അപകടം നടന്നയിടത്തെ സാറ്റലൈറ്റ് ഇമേജറി, ഭൂപ്രദേശം, സസ്യങ്ങൾ, മണ്ണ് എന്നിവയുൾപ്പെടെയുള്ള വൈവിധ്യമാർന്ന വിവരങ്ങൾ സമന്വയിപ്പിച്ചുകൊണ്ടാണ് എംഎൽ കാസ്‌കേഡ് മാപ്പിങ് നടത്തി വ്യാപ്‌തി കണ്ടെത്തുന്നത്.
കുറഞ്ഞ വിവരങ്ങൾ ഉപയോഗിച്ച് അതിവേഗത്തിൽ മാപ്പിങ് നടത്താമെന്നതാണ് മറ്റൊരു പ്രത്യേകത. വിവരങ്ങൾ പ്രോസസ് ചെയ്യാൻ ഗൂഗിൾ എർത്ത് എഞ്ചിൻ അടക്കമുള്ള സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്. പ്രകൃതി ദുരന്തങ്ങൾക്ക് മുൻപുള്ള മുന്നറിയിപ്പ് സംവിധാനങ്ങൾ വികസിപ്പിക്കുന്നതിനും ഈ സാങ്കേതികവിദ്യ സഹായിക്കും. ഈ സാങ്കേതികവിദ്യയെ ഭാവിയിൽ വെള്ളപ്പൊക്കം, വനനശീകരണം തുടങ്ങിയവ മാപ്പ് ചെയ്യുന്നതിന് ഉപയോഗിക്കാനാകുമെന്നാണ് ഗവേഷകർ പറയുന്നത്.
Also Read: അര്‍ജുന്‍ മിഷന്‍; നിര്‍ണായകമായത് 'ഐബോഡ് ഡ്രോണ്‍', ദൗത്യത്തെ കുറിച്ച് റിട്ട.മേജര്‍ ജനറല്‍