ന്യൂഡൽഹി : 4ജിയിലേക്കും 5ജിയിലേക്കും ചുവടുവയ്‌ക്കാനൊരുങ്ങി പൊതുമേഖല ടെലികോം കമ്പനിയായ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (ബിഎസ്എൻഎൽ). ഇതിന്‍റെ ഭാഗമായി ബിഎസ്എൻഎൽ യൂണിവേഴ്‌സൽ സിം പ്ലാറ്റ്‌ഫോം വികസിപ്പിച്ചു. പൈറോ ഹോൾഡിങ്ങ്‌സുമായി സഹകരിച്ച് വികസിപ്പിച്ച പ്ലാറ്റ്‌ഫോം ചണ്ഡീഗഡിൽ ഉദ്ഘാടനം ചെയ്‌തതായി ബിഎസ്എൻഎൽ അറിയിച്ചു. പഞ്ചാബ് ഉൾപ്പെടെ തെരഞ്ഞെടുത്ത സ്ഥലങ്ങളിൽ കമ്പനി 4G സേവനങ്ങൾ ആരംഭിച്ചു.
യൂണിവേഴ്‌സല്‍ സിം പ്ലാറ്റ്‌ഫോമിനൊപ്പം ഓവര്‍ ദി എയര്‍ സാങ്കേതികവിദ്യയും ബിഎസ്‌എന്‍എല്‍ വികസിപ്പിച്ചിട്ടുണ്ട്. ഇതുവഴി ഉപഭോക്താക്കള്‍ക്ക് അവരുടെ മൊബൈൽ നമ്പറുകള്‍ തെരഞ്ഞെടുക്കാൻ കഴിയും. കൂടാതെ നിലവിലുളള സിം കാര്‍ഡ് മാറ്റാതെ തന്നെ 4ജിയിലേക്കും 5ജിയിലേക്കും അപ്‌ഗ്രേഡ് ചെയ്യാനും സാധിക്കും.
രാജ്യത്തുടനീളമുള്ള എല്ലാ ബിഎസ്എൻഎൽ ഉപഭോക്താക്കൾക്കും സേവനം ലഭ്യമാകുന്ന രീതിയിലാണ് പുതിയ യൂണിവേഴ്‌സൽ സിം പ്ലാറ്റ്‌ഫോം രൂപകല്‍പ്പന ചെയ്‌തിരിക്കുന്നതെന്ന് ബിഎസ്എൻഎൽ അറിയിച്ചു. ഗ്രാമീണ മേഖലയിലേക്ക് 4ജി, 5ജി സേവനങ്ങള്‍ എത്തുന്നതോടെ ഡിജിറ്റൽ ഡിവൈഡ് നികത്താനാകും എന്നാണ് പ്രതീക്ഷിക്കുന്നത്.
4ജി സേവനങ്ങൾ ലഭ്യമാക്കുന്നതിനായി 80,000 ടവറുകൾ ഈ വര്‍ഷം ഒക്‌ടോബർ അവസാനത്തോടെയും 21,000 ടവറുകൾ 2025 മാർച്ചോടെയും ബിഎസ്എൻഎൽ സ്ഥാപിക്കുമെന്ന് കേന്ദ്ര ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ നേരത്തെ അറിയിച്ചിരുന്നു.
Also Read: ജിയോയെ വെല്ലാന്‍ ബിഎസ്‌എന്‍എല്‍-ടാറ്റ സഖ്യം; 4 ജി തരംഗവുമായി ഗ്രാമങ്ങളിലേക്ക്