തിരുവനന്തപുരം : തെക്കൻ കേരളത്തിൽ നൂറോളം വീടുകളിലേക്ക് ഇരച്ചുകയറിയ കടൽക്ഷോഭത്തിന് കാരണമായ കള്ളക്കടൽ പ്രതിഭാസം പണ്ടുമുതൽക്കേ സജീവമായിരുന്നുവെന്നും തീരം ദുർബലപ്പെട്ടതാണ് ജനജീവിതത്തെ ബാധിക്കാൻ കാരണമെന്നും സെന്‍റർ ഫോർ എർത്ത് സയൻസ് സ്‌റ്റഡീസിലെ (സെസ്) മറൈൻ ജിയോസയൻസ് വിഭാഗം മുൻ മേധാവി ഡോ. കെ വി തോമസ് ഇടിവി ഭാരതിനോട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകളിലാണ് കള്ളക്കടൽ പ്രതിഭാസം കൂടുതലായി ബാധിച്ചത്. കാലങ്ങളായുള്ള പ്രതിഭാസം സ്ഥിരമായി സംസ്ഥാനത്തെ തീരമേഖലയിൽ ഉണ്ടാകാറുണ്ട്. ഓരോ വർഷവും ഇതിന്‍റെ വ്യാപ്‌തി വർധിച്ച് വരികയാണെന്നും ഡോ. കെ വി തോമസ് വ്യക്തമാക്കി.
കടൽ "കള്ളക്കടലാകുന്നത്" ഇങ്ങനെ : ഇന്ത്യൻ മഹാസമുദ്രത്തിന്‍റെ തെക്ക് ഭാഗത്തായി 4000 മുതൽ 6000 കിലോമീറ്റർ വരെയുള്ള പ്രദേശത്ത് ഉണ്ടായേക്കാവുന്ന ന്യുനമർദം, കൊടുങ്കാറ്റ്, ചുഴലിക്കാറ്റ് എന്നിവ ഉൾപ്പടെ കള്ളക്കടൽ പ്രതിഭാസത്തെ സ്വാധീനിക്കും. ആഗോള താപനവും ഒഡിഷ തീരത്ത് നിലവിലുള്ള ന്യൂനമർദവും വരെ ഈ പ്രതിഭാസത്തെ സ്വാധീനം ചെലുത്താം. ഇവിടെ നിന്നും രൂപപ്പെടുന്ന തിര കരയിലേക്ക് എത്തുമ്പോഴാണ് കള്ളക്കടൽ പ്രതിഭാസമുണ്ടാകുന്നത്.
മഴക്കാലത്ത് 7 സെക്കന്‍റും സാധാരണ 10 സെക്കന്‍റുമാണ് ഒരു തിരയുണ്ടാകാനെടുക്കുന്ന സമയം. എന്നാൽ കള്ളക്കടൽ പ്രതിഭാസത്തിന്‍റെ ഭാഗമായി രൂപപ്പെടുന്ന തിര 20 സെക്കന്‍റോളമെടുത്താകും രൂപപ്പെടുക. തീരത്ത് നിന്നും വളരെ അകലെ നിന്നായി രൂപപ്പെടുന്ന തിരയോടൊപ്പം വലിയ അളവിൽ വെള്ളം കരയിലേക്ക് അടിച്ചുകയറിയാണ് കള്ളക്കടൽ പ്രതിഭാസമുണ്ടാവുക.
തിരമാലകൾ ഒന്നിന് പിറകെ മറ്റൊന്നായി ഇതുപോലെ തീരത്തേക്ക് അടിച്ച് കയറുമ്പോൾ വെള്ളപ്പൊക്കത്തിന് സമാനമായ സാഹചര്യം തീരത്തുണ്ടാകും. കടപ്പുറം തന്നെ സ്വഭാവികമായി ഇതിന് പ്രതിരോധം സൃഷ്‌ടിക്കാറുണ്ട്. തീരം ഇല്ലാതെ കടൽഭിത്തി സ്ഥാപിച്ചിട്ടുള്ള സ്ഥലങ്ങളിൽ ഇത് വലിയ നാശനഷ്‌ടങ്ങളുണ്ടാക്കിയേക്കാം.
തിരകൾ ഒരുമിച്ചെത്തിയാൽ അപകടം : 4000 മുതൽ 6000 കിലോമീറ്റർ വരെ ഉള്ളിൽ രൂപപ്പെടുന്ന കള്ളക്കടൽ പ്രതിഭാസത്തിൽ എപ്പോഴും കരയിലേക്ക് വെള്ളം ഇരച്ചുകയറില്ല. ന്യൂനമർദമോ കൊടുങ്കാറ്റോ മൂലം രൂപപ്പെടുന്ന തിരകൾ ഒരുമിച്ചാകും കരയിലേക്കുള്ള പ്രയാണം ആരംഭിക്കുക.
20 സെക്കന്‍റ് ഇടവേളകളിൽ തുടരെ തുടരെ തിര തീരത്തേക്ക് എത്തുന്നതോടെ വെള്ളം കയറാൻ തുടങ്ങും. എന്നാൽ സാധാരണ കടലാക്രമണം പോലെ തീരം കടലെടുക്കില്ല. വെള്ളം സ്വാഭാവികമായി തിരികെ കടലിലേക്ക് പോവുകയോ കെട്ടിക്കിടക്കുകയോ ചെയ്യും. തീരത്തേക്ക് വെള്ളം കുറയുന്നതിന്‍റെ തോത് കൂടിയും കുറഞ്ഞുമിരിക്കും. വേലിയേറ്റ സമയത്ത് കള്ളക്കടൽ പ്രതിഭാസമുണ്ടായാൽ തീരത്ത് വൻ തോതിൽ വെള്ളം കടലിൽ നിന്നും ഇരച്ചെത്തും. ഈ സമയത്ത് തീരത്തോട് ചേർന്നുള്ള കടലും പ്രക്ഷുബ്‌ധമായിരിക്കും. മത്സ്യത്തൊഴിലാളികൾ ഈ സമയത്ത് കടലിൽ പോകാൻ പാടില്ല.
വേനലിലെ സ്വാഭാവിക പ്രതിഭാസം : മാർച്ച്, ഏപ്രിൽ, മെയ് മാസങ്ങളിലാണ് കള്ളക്കടൽ പ്രതിഭാസം സാധാരണയായി കണ്ടുവരുന്നത്. സമ്പന്നമായ തീരപ്രദേശമുള്ള സംസ്ഥാനമായതിനാൽ വലിയ തോതിൽ മുൻ കാലങ്ങളിൽ കള്ളക്കടൽ പ്രതിഭാസം ജനജീവിതത്തെ ബാധിച്ചിരുന്നില്ല.
ഇന്നലെ ജനജീവിതത്തെ കാര്യമായി ബാധിച്ച പ്രതിഭാസം തീരശോഷണം ബാധിച്ച മേഖലകളിലാണ് കൂടുതല്‍ പ്രതികൂലമായത്. ഇന്ന് രാവിലെ മുതൽ 3 വള്ളങ്ങളാണ് അഞ്ചുതെങ്ങിൽ ശക്തമായ തിരയിൽപ്പെട്ട് അപകടത്തിലായത്. സാധാരണ രണ്ടോ മൂന്നോ ദിവസങ്ങൾ മാത്രമാകും കള്ളക്കടൽ പ്രതിഭാസം നീണ്ടുനിൽക്കുക. കള്ളക്കടൽ പ്രതിഭാസത്തിന്‍റെ ഭാഗമായി വേലിയേറ്റ സമയത്ത് തീരത്ത് വലിയ വെള്ളക്കെട്ട് ഉണ്ടാകും.
മത്സ്യത്തൊഴിലാളികൾക്ക് മുൻകൂട്ടി കാണാനാകും : വർഷങ്ങളായി മത്സ്യബന്ധനത്തിൽ ഏർപ്പെട്ടിരിക്കുന്ന മത്സ്യത്തൊഴിലാളികൾക്ക് കള്ളക്കടൽ പ്രതിഭാസം മുൻകൂട്ടി കാണാൻ സാധിച്ചേക്കും. ശാസ്ത്രീയമായി തെളിവില്ലെങ്കിലും സമുദ്രത്തിലെ മീനുകളുടെ ഏറ്റക്കുറച്ചിലുകളിൽ നിന്നും ഇത് മുൻകൂട്ടി കണ്ട് പ്രവചിക്കുന്ന വലിയൊരു മത്സ്യത്തൊഴിലാളി സമൂഹം സംസ്ഥാനത്തുണ്ടെന്നും ഡോ കെ വി തോമസ് പറഞ്ഞു.
പ്രധാന പ്രതിസന്ധി തീരശോഷണവും ആഗോളതാപനവും : കള്ളക്കടൽ പ്രതിഭാസം ഗുരുതരമായി ജനജീവിതത്തെ ബാധിക്കാനുള്ള പ്രധാന കാരണം തീരശോഷണവും ആഗോളതാപനവുമാണെന്നും ഡോ കെ വി തോമസ് വ്യക്തമാക്കുന്നു. സംസ്ഥാനത്തിന്‍റെ തെക്കൻ തീരമേഖലയിൽ തീരശോഷണം കാലങ്ങളായി തുടരുകയാണ്.
കള്ളക്കടൽ ഉൾപ്പടെയുള്ള പ്രതിഭാസങ്ങൾ ഭാവിയിലും വലിയ പ്രതിസന്ധി സൃഷ്‌ടിക്കും. പലയിടത്തും തീരം പൂർണമായും നശിച്ചിട്ടുണ്ട്. കടൽഭിത്തി പണിതാണ് പലയിടങ്ങളിലും കടൽക്ഷോഭം നിലവിൽ നിയന്ത്രിച്ച് വരുന്നത്. തീരത്തോട് ചേർന്നുള്ള കെട്ടിടങ്ങളെയാകും ഇത് ഗുരുതരമായി ബാധിക്കുക.
കടൽഭിത്തി പണിയുമ്പോൾ ശക്തിയായി തീരത്തടിക്കുന്ന തിരമാലയുടെ സമ്മർദ്ദം താങ്ങാനും വെള്ളം ഒഴുകി പോകാനുമുള്ള സംവിധാനം വേണം. ഇത് പലയിടത്തുമില്ല. ഇത്തരം മേഖലകളിൽ കള്ളക്കടൽ ഗുരുതരമായി ബാധിക്കും. ഈ പ്രതിഭാസത്തെ കുറിച്ച് കൂടുതൽ പഠനങ്ങൾ അനിവാര്യമാണെന്നും ഡോ കെ വി തോമസ് വ്യക്തമാക്കി.
ALSO READ : മുതലപ്പൊഴിയിൽ വീണ്ടും വള്ളങ്ങൾ മറിഞ്ഞു; കടലിലേക്ക് തെറിച്ചുവീണ് ഒരാൾക്ക് പരിക്ക്