തിരുവനന്തപുരം : സംസ്ഥാനത്ത് ഗുണ്ട ആക്രമണങ്ങൾ പെരുകുന്നത് ആഭ്യന്തരവകുപ്പിന്‍റെ പരാജയമാണെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസിന്‍റെ ക്ലിഫ് ഹൗസ് മാർച്ച്. സംസ്ഥാനത്ത് ഗുണ്ടകൾ തേർവാഴ്‌ച നടത്തുമ്പോൾ മുഖ്യമന്ത്രി വിദേശ യാത്ര നടത്തുകയാണെന്ന് യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്‍റ് ആരോപിച്ചു. പ്രതിഷേധക്കാർ ക്ലിഫ് ഹൗസ് പരിസരത്ത് മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു.
രാവിലെ 12:30 യോടെ പ്രകടനവുമായി എത്തിയായിരുന്നു യൂത്ത് കോൺഗ്രസ് ജില്ല കമ്മിറ്റിയുടെ പ്രതിഷേധം. ദേവസ്വം ബോർഡ് ജംഗ്ഷനിൽ ബാരിക്കേഡ് തീർത്ത് പൊലീസ്, പ്രവർത്തകരെ തടഞ്ഞു. തുടർന്ന് പ്രവർത്തകർ മുദ്രാവാക്യം വിളികളോടെ പ്രതീകാത്മകമായി മുഖ്യമന്ത്രിയുടെ കോലം കത്തിച്ചാണ് പ്രതിഷേധം നടത്തിയത്.
ഇന്നലെയായിരുന്നു യൂത്ത് കോൺഗ്രസ്, മുഖ്യമന്ത്രിയുടെ അഭാവത്തിൽ ക്ലിഫ് ഹൗസിന് മുന്നിൽ ഡമ്മി സ്ഥാപിച്ചുള്ള പ്രതിഷേധത്തിന് തീരുമാനിച്ചിരുന്നത്. പിന്നീട് പ്രതികൂല കാലാവസ്ഥ സാഹചര്യം കണക്കിലെടുത്ത് സമരം ഒഴിവാക്കുകയായിരുന്നു. കരമന അഖിൽ വധത്തിന് പിന്നാലെ സംസ്ഥാന വ്യാപകമായി പൊലീസ് ഗുണ്ട ആക്‌ട്, കാപ്പ വകുപ്പുകൾ ചുമത്തിയവരെ നിരീക്ഷിച്ച് വരികയാണ്.
ഗുണ്ട ആക്രമണങ്ങൾ പെരുകുന്നതിനിടയിലും മുഖ്യമന്ത്രി സ്വകാര്യ വിദേശ സന്ദർശനത്തിന് പോയതിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശനടക്കമുള്ളവർ വിമർശനമുന്നയിച്ചിരുന്നു.
ALSO READ: സോളാര്‍ സമരം: 'ജനങ്ങള്‍ക്ക് സിപിഎം വിശദീകരണം നല്‍കണം' ; തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍