ആലപ്പുഴ: കേസ് അന്വേഷണത്തിനിടെ പൊലീസ് ഉദ്യോഗസ്ഥർക്ക് നേരെ പെപ്പർ സ്പ്രേ പ്രയോഗിച്ച യുവാവ് അറസ്റ്റിൽ. പുന്തല മേലാപറമ്പിൽ വിനീഷ് മോഹനാണ് അറസ്റ്റിലായത്. വെണ്‍മണി സ്റ്റേഷനിലെ എസ്എച്ച്ഒ എംസി അഭിലാഷ്, സിപിഒ ശ്യാം എന്നിവര്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. ബുധനാഴ്‌ച (ഓഗസ്റ്റ് 8) ചെങ്ങന്നൂരിന് സമീപം വെൺമണിയിലാണ് സംഭവം.
പൊലീസ് സ്റ്റേഷനിലെ ഫോണിൽ സ്ഥിരമായി വിളിച്ച് അസഭ്യം പറഞ്ഞ സംഭവവുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെയാണ് പെപ്പര്‍ സ്‌പ്രേ ആക്രമണം. പൊലീസ് സ്റ്റേഷനിലെ ഫോണിലേക്ക് സ്ഥിരമായി വിളിക്കുകയും അസഭ്യം പറയുകയും വധഭീഷണി മുഴക്കുകയും ചെയ്‌തത് വിനീഷാണെന്ന് പൊലീസ് കണ്ടെത്തി. ഇതോടെ അന്വേഷിക്കാനെത്തിയപ്പോഴാണ് പെപ്പര്‍ സ്‌പ്രേ ആക്രമണമുണ്ടായത്.
അന്വേഷണത്തിന്‍റെ ഭാഗമായി വീട്ടിലെത്തിയ പൊലീസുകാർക്ക് നേരെ അപ്രതീക്ഷിതമായി യുവാവ് പെപ്പർ സ്പ്രേ പ്രയോഗിച്ചു. ഇതോടെ പൊലീസ് യുവാവിനെ കീഴ്‌പ്പെടുത്തി അറസ്റ്റ് ചെയ്‌തു. ഔദ്യോഗിക കൃത്യനിർവഹണത്തിന് തടസം സൃഷ്‌ടിക്കുക, പൊലീസുകാരെ അക്രമിക്കുക തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്. അറസ്റ്റിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്‌തു.
Also Read: അടിമാലിയില്‍ കുടുംബത്തിന് നേരെ കുരുമുളക് സ്പ്രേ ആക്രമണം; അഞ്ചുപേർക്ക് പരിക്ക്